ലോകകപ്പ് ഫുട്ബാൾ സൂപ്പർ താരങ്ങളുടെ ഷോപീസ് മാത്രമല്ല, പറന്നുയരാൻ കൊതിക്കുന്ന ഭാവിതാരങ്ങളുടെയും മേളയാണ്. ഓരോ ലോകകപ്പിലെന്ന് കണ്ണഞ്ചിപ്പിക്കുന്ന പ്രകടനവുമായി ആരാധക മനസ്സിൽ ഇടം പിടിക്കുന്ന താരങ്ങൾ ഒപ്പം സൃഷ്ടിക്കുന്നത് നല്ലൊരു ഫുട്ബാൾ ഭാവിയുമാണ്. പുതുതാരങ്ങളെ തേടി ലോകകപ്പ് വേദികളിലെത്തുന്ന ക്ലബ് ഏജന്റുമാർ മടങ്ങുമ്പോൾ അവരുടെ ഡയറികളിൽ ഇങ്ങനെ ഒരുപിടി താരങ്ങളുടെ ഫോൺ നമ്പറുകളും ഡീലും കുറിച്ചിട്ടാവും വിമാനംകയറുന്നത്.
ലോകകപ്പ് ഫുട്ബാളിന് കൊടിയിറങ്ങിയതിനു പിന്നാലെ ഒരു പിടി താരങ്ങളെ അമേരിക്കൻ മണ്ണിലും കണ്ടു. സെപ്റ്റംബർ ഒന്ന് വരെ തുറന്നിട്ട ട്രാൻസ്ഫർ ജാലകത്തിനുള്ളിൽ അവരെ സ്വന്തമാക്കാൻ ക്ലബുകളും പണപ്പെട്ടിയുമായി റെഡി.
നാല് കളിയിൽ മൂന്ന് ഗോളടിച്ച േഫ്ലാറിയാൻ ബലോഗൺ ലോകകപ്പിൽ ഒരു ചുവപ്പുകാർഡിന്റെ പേരിൽ വിവാദങ്ങളിൽ നിറഞ്ഞ താരമാണ്. ഫിഫ വിലക്ക് നീക്കിയതും ട്രംപിന്റെ ഇടപെടലുമായി വാർത്തകളിൽ നിറഞ്ഞ താരം. എന്നാൽ, േഫ്ലാറിയാന്റെ വിലക്ക് അമേരിക്കയെ തളർത്തുമെന്നതായിരുന്നു വിവാദത്തിന് കാരണം. ടൂർണമെന്റിൽ മികച്ച പ്രകടനവുമായി ഗോളടിച്ചു കൂട്ടുന്ന താരത്തിന് ട്രാൻസ്ഫർ വിപണിയിലും ഡിമാൻഡായി. മൂന്ന് സീസണിലായി ഫ്രഞ്ച് ക്ലബ് മൊണാകോയുടെ താരമായ േഫ്ലാറിയാനുവേണ്ടി പി.എസ്.ജിയും പ്രീമിയർ ലീഗ് ക്ലബുകളും രംഗത്തുണ്ട്.
ലോകകപ്പിൽ മൊറോക്കോയുടെ കളി കണ്ടവരാരും മധ്യനിരയിലെ ഈ 18കാരനെ മറക്കില്ല. ചുരുളൻ മുടിയുമായി മധ്യനിരയിൽ പന്തിനെ വട്ടം ചുറ്റിച്ച് കളിയെ നിയന്ത്രിക്കുന്ന കൗമാരക്കാരൻ. ലോകകപ്പിൽ അഷ്റഫ് ഹകിമി, ഇസ്മായിൽ സൈബാരി തുടങ്ങിയവരിലേക്ക് പന്തെത്തിച്ച് കളി നിയന്ത്രിച്ച താരം. ബ്രസീലും കാനഡയുമെല്ലാം അയൂബിന്റെ പന്തടക്കത്തിന്റെ ചൂടറിഞ്ഞു. 16ാം വയസ്സിൽ ലില്ലെയിൽ അരങ്ങേറ്റം കുറിച്ച അയൂബിന്റെ ലോകകപ്പിലെ പ്രകടനം തലവരമാറ്റികഴിഞ്ഞു. പി.എസ്.ജി, മാഞ്ചസ്റ്റർ സിറ്റി ടീമുകൾ വമ്പൻ ഓഫറുകളുമായി രംഗത്തുണ്ട്..
കാർലോ ആഞ്ചലോട്ടിയുടെ ബ്രസീൽ നിറം മങ്ങിയെങ്കിലും ടീമിൽ ചില ഭാവിതാരങ്ങളുണ്ടെന്ന് ലോകകപ്പ് സൂചന നൽകി. അതിൽ ഓരാളാണ് ന്യൂകാസിലിനായി പന്തുതട്ടുന്ന ബ്രൂണോ ഗ്വിമാറസ് എന്ന 28കാരൻ. നാല് അസിസ്റ്റുമായി മിന്നും പ്രകടനം. അത്ലറ്റികോ പരാനെൻസ്, ലിയോൺ ക്ലബുകളിൽ കളിച്ച താരം ബ്രസീൽ മധ്യനിരയിൽ ശ്രദ്ധേയ സാന്നിധ്യമായതോടെ വമ്പൻ ക്ലബുകളിൽ നിന്നാണ് വിളിയെത്തുന്നത്. പ്രീമിയർ ലീഗ് ചാമ്പ്യൻക്ലബ് ആഴ്സനൽ 65 ദശലക്ഷം പൗണ്ട് ഓഫറുമായി മുന്നിലുണ്ട്. ഈ തുക തള്ളിയെങ്കിലും ആഴ്സനൽ വിടാതെ പിന്നിലുണ്ട്.
25 വയസ്സായെങ്കിലും ഫോമിനൊത്ത വേദികളിലേക്ക് മനുകോനെ ഉദിച്ചുയർന്നിട്ടില്ല. ബൊറൂസിയ, റോമ ക്ലബുകളിൽ കളിച്ച താരം മികച്ച അവസരങ്ങളിലേക്കുള്ള വലയാണ് ലോകകപ്പിലൂടെ എറിഞ്ഞത്. രണ്ടു വർഷം മുമ്പ് ദേശീയ ടീമിൽ ഇടം പിടിച്ച ഡിഫൻസീവ് മിഡ്ഫീൽഡർ. ലോകകപ്പിൽ അഞ്ചു മത്സരങ്ങളിൽ ഫ്രാൻസിനായി ബൂട്ടണിഞ്ഞു. നാല് മത്സരങ്ങളിൽ െപ്ലയിങ് ഇലവനിലും ഇടം പിടിച്ചു. മധ്യനിരയിലെ മനു കോനെയുടെ പ്രകടനം കണ്ടതിനു പിന്നാലെ മാഞ്ചസ്റ്റർ യുനൈറ്റഡും ആഴ്സനലും രംഗത്തുണ്ട്.
ജർമനിയിലെ ഉജ്ജ്വല സീസൺ പ്രകടനവുമായാണ് 19കാരനായ യാൻ ഐവറി കോസ്റ്റിനൊപ്പം ലോകകപ്പ് വേദിയിലെത്തിയത്. 13 ഗോളും ഒമ്പത് അസിസ്റ്റുമായിരുന്നു കഴിഞ്ഞ സീസണിൽ ബുണ്ടസ്ലിഗ ക്ലബ് ലൈപ്സിഷിലെ പ്രകടനം. ലോകകപ്പിൽ ഐവറി കോസ്റ്റിനായി അതേ പ്രകടനം തുടർന്നു. നോക്കൗട്ടിൽ പുറത്തായതിനാൽ യാൻ ഡിയോമാൻഡെയുടെ മിന്നും പ്രകടനം ആരാധകർക്ക് മിസ്സായി. എങ്കിലും താരത്തെ സ്വന്തമാക്കാനുറപ്പിച്ചാണ് നിലവിലെ നീക്കങ്ങൾ. മുന്നിലുള്ളത് ലിവർപൂൾ തന്നെ. പി.എസ്.ജി, ആഴ്സനൽ എന്നിവരും മത്സര രംഗത്തുണ്ട്.
ലോകകപ്പിലെ പ്രായം കുറഞ്ഞ താരം. 17 വയസ്സാണ് പ്രായം. എന്നാൽ, പ്രായത്തിലും കവിഞ്ഞ ഇംപാക്ടാണ് കളത്തിൽ. ലോകകപ്പിൽ ആതിഥേയരായ മെക്സികോ കാത്തുവെച്ച വണ്ടർ കിഡായിരുന്നു ഈ കൗമാരക്കാരൻ. നാല് മത്സരങ്ങളിലും കളത്തിലിറങ്ങി കൈയടി നേടി. ഗിൽബെർടോയിൽ ഭാവി താരത്തെ തിരിച്ചറിഞ്ഞ ഇംഗ്ലീഷ് ക്ലബുകൾ എന്ത് വിലകൊടുത്തും സ്വന്തമാക്കാനുള്ള നീക്കവും ആരംഭിച്ചു. ലിവർപൂൾ, മാഞ്ചസ്റ്റർ, സിറ്റി, ആഴ്സനൽ ടീമുകളാണ് പ്രായം തികഞ്ഞാൽ യുവതാരത്തെ അണിയറയിലെത്തിക്കാനൊരുങ്ങുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.