മഞ്ചേരി: സൂപ്പർ ലീഗ് കേരള ലീഗ് റൗണ്ടിന്റെ 'കലാശക്കൊട്ടിൽ' മലപ്പുറത്തിന്‍റെ സെമി ഫൈനൽ 'തെരഞ്ഞെടുപ്പ് '. സ്വന്തം മൈതാനത്ത് മലപ്പുറം 'പ്രചാരണം' ശക്തമാക്കിയതോടെ കൊച്ചിയുടെ കൊമ്പൊടിഞ്ഞു. ഹോം ഗ്രൗണ്ടിലെ അവസാന മത്സരത്തിൽ എതിരാളികളായ ഫോഴ്സ കൊച്ചി എഫ്.സിയെ 4-2 ന് തകർത്താണ് എം.എഫ്.സി അവസാന നാലിലേക്ക് ടിക്കറ്റെടുത്തത്. രണ്ട് ഗോളിന് പിന്നിൽനിന്ന ശേഷം നാലെണ്ണം തിരിച്ചടിച്ച് ആതിഥേയർ സെമി പ്രവേശനം രാജകീയമാക്കി. മലപ്പുറത്തിനായി ജോൺ കെന്നഡി ഹാട്രിക് നേടി. പകരക്കാരൻ ഇഷാൻ പണ്ഡിതയാണ് (88) ടീമിന്റെ നാലാം ഗോൾ നേടിയത്. കൊച്ചിക്കായി അഭിത്ത് (9), റൊമാരിയോ (26) എന്നിവർ ഗോൾ കണ്ടെത്തി.
സെമിയിലേക്ക് എത്താൻ ജയം അനിവാര്യമായ മത്സരത്തിന്റെ ഒമ്പതാം മിനിറ്റിൽ മലപ്പുറത്തെ ഞെട്ടിച്ച് കൊച്ചി മുന്നിലെത്തി. ഇടതു വിങ്ങിൽനിന്നും പന്തുമായി കുതിച്ച അബിത്തിന്റെ ഷോട്ട് മലപ്പുറത്തിന്റെ ഇർഷാദിന്റെ കാലിൽ തട്ടി പന്ത് വലയിലെത്തി. 20ാം മിനിറ്റിൽ മലപ്പുറം ഒപ്പമെത്തിയെന്ന് തോന്നിയ നിമിഷം. വലതു വിങ്ങിൽനിന്നും ഇർഷാദിന്റെ മികച്ച ഒരു ക്രോസ്. ബോക്സിൽനിന്നും ജോൺ കെന്നഡി ഹെഡ് ചെയ്തെങ്കിലും പോസ്റ്റിൽ തട്ടി പുറത്തേക്ക്. തൊട്ടടുത്ത മിനിറ്റിൽ മൊറോക്കോ താരം എൽഫോർസി നൽകിയ ക്രോസ് സ്പാനിഷ് താരം ഐറ്റർ അൽ ദാലൂർ ലക്ഷ്യത്തിലേക്ക് തൊടുത്തെങ്കിലും ഗോൾ അകന്നു. 26ാം മിനിറ്റിൽ കൊച്ചി വീണ്ടും മുന്നിലെത്തി. യുഗാണ്ട താരം അമോസ് കിരിയ നൽകിയ പന്ത് അലക്സാണ്ടർ റൊമാരിയോ വലയിലെത്തിച്ചു. 33-ാം മിനിറ്റിൽ മലപ്പുറം ഒരു ഗോൾ തിരിച്ചടിച്ചു. വലതു വിങ്ങിൽ നിന്നും ഫസലു നൽകിയ പന്ത് കെന്നഡി കൊച്ചിയുടെ വലയിലേക്ക് അടിച്ചു കയറ്റി.
സമനില ഗോൾ കണ്ടെത്താൻ ആഥിയേയർ ആക്രമണം കടുപ്പിച്ചതോടെ ഫലവും കണ്ടു. ആദ്യ പകുതിയുടെ അധിക സമയത്ത് എൽഫോഴ്സി നൽകിയ പന്ത് കൊച്ചി താരം ക്ലിയർ ചെയ്യുന്നതിലെ പിഴവ് മുതലെടുത്ത കെന്നഡി ഗോൾ കീപ്പർ ജെയ്മി ജോയിയെയും മറികടന്ന് അനായാസം പന്ത് വലയിലെത്തിച്ചു (2-2). രണ്ടാം പകുതിയുടെ തുടക്കത്തിൽ ഫസലുറഹ്മാനെ പിൻവലിച്ച് കോച്ച് ഇഷാൻ പണ്ഡിതയെ കളത്തിലിറക്കി. 49ാം മിനിറ്റിൽ ഗാലറിയെ ഇളക്കി മറിച്ച് മത്സരത്തിൽ ആദ്യമായി മലപ്പുറം മുന്നിലെത്തി. ടോണി നൽകിയ പന്ത് ബോക്സിൽ നിന്നും ഉഗ്രൻ ഡൈവിങ് ഷോട്ടിലൂടെ കെന്നഡി വലയിലെത്തിച്ചു. മത്സരത്തിൽ കെന്നഡിയുടെയും ടീമിന്റെയും മൂന്നാം ഗോൾ. 88ാം മിനിറ്റിൽ ഇഷാൻ കൊച്ചിയുടെ പോസ്റ്റിൽ അവസാന ആണിയടിച്ചു.
കാലിക്കറ്റ് എഫ്.സി, തൃശൂർ മാജിക് എഫ്.സി, കണ്ണൂർ വാരിയേഴ്സ് ടീമുകളും സെമിയിലെത്തിയിട്ടുണ്ട്. ഡിസംബർ ഏഴിന് തൃശൂരിൽ നടക്കുന്ന ആദ്യ സെമിയിൽ മാജിക് എഫ്.സിയെ മലപ്പുറം നേരിടും. 10ന് കോഴിക്കോട്ട് കാലിക്കറ്റ് എഫ്.സിയും വാരിയേഴ്സും ഏറ്റുമുട്ടും. 14ന് കോഴിക്കോട്ടാണ് ഫൈനൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.