ലോകകപ്പ് മോഹങ്ങൾക്ക് തിരിച്ചടി; ബ്രസീൽ താരം റോഡ്രിഗോയ്ക്ക് ഗുരുതര പരിക്ക്, സീസൺ നഷ്ടമാകും

മാഡ്രിഡ്: റയൽ മാഡ്രിഡിന്റെ ബ്രസീലിയൻ മുന്നേറ്റതാരം റോഡ്രിഗോയ്ക്ക് ഗുരുതര പരിക്ക്. വലത് കാൽമുട്ടിനേറ്റ പരിക്കിനെ തുടർന്ന് താരത്തിന് ക്ലബ്ബിനൊപ്പമുള്ള ഈ സീസണും വരാനിരിക്കുന്ന ലോകകപ്പും നഷ്ടമാകും. സമൂഹമാധ്യമങ്ങളിലൂടെ താരം തന്നെയാണ് ഹൃദയഭേദകമായ ഈ വിവരം ആരാധകരുമായി പങ്കുവെച്ചത്. ലാ ലിഗയിൽ ഗെറ്റാഫെക്കെതിരെ ചൊവ്വാഴ്ച്ച നടന്ന മത്സരത്തിലാണ് 25-കാരനായ റോഡ്രിഗോയ്ക്ക് പരിക്കേറ്റത്. രണ്ടാം പകുതിയിൽ പകരക്കാരനായി കളത്തിലിറങ്ങി വെറും 11 മിനിറ്റിനുള്ളിൽ താരത്തിന്റെ വലത് കാൽമുട്ടിന് പരിക്കേൽക്കുകയായിരുന്നു. തുടർന്ന് നടത്തിയ വിശദമായ പരിശോധനകളിൽ കാൽമുട്ടിലെ എ.സി.എൽ, മെനിസ്കസ് എന്നിവയ്ക്ക് ഗുരുതരമായി പരിക്കേറ്റതായി സ്ഥിരീകരിച്ചു.

പരിക്കിന് പിന്നാലെ വൈകാരികമായ ഒരു കുറിപ്പാണ് താരം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. "എന്റെ ജീവിതത്തിലും കരിയറിലും വലിയൊരു പ്രതിസന്ധി വന്നിരിക്കുകയാണ്. എനിക്കേറ്റവും ഇഷ്ടപ്പെട്ട കാര്യം ചെയ്യുന്നതിൽ നിന്ന് കുറച്ചു കാലത്തേക്ക് ഇത് എന്നെ തടയുന്നു. ക്ലബ്ബിനൊപ്പമുള്ള ഈ സീസണും രാജ്യത്തിന് വേണ്ടിയുള്ള ലോകകപ്പും എനിക്ക് നഷ്ടമായി. ലോകകപ്പ് എനിക്ക് എത്രത്തോളം വലുതാണെന്ന് എല്ലാവർക്കുമറിയാം. എനിക്ക് ചെയ്യാൻ കഴിയുന്ന ഒരേയൊരു കാര്യം എന്നത്തെയും പോലെ കരുത്തോടെയിരിക്കുക എന്നത് മാത്രമാണ്," റോഡ്രിഗോ കുറിച്ചു. എന്റെ ജീവിതത്തിലെ ഏറ്റവും മോശം ദിവസങ്ങളിലൊന്നാണിത്. ഈ പരിക്കിനെ ഞാൻ എപ്പോഴും ഭയപ്പെട്ടിരുന്നു. ഒരുപക്ഷേ ജീവിതം എന്നോട് അൽപം ക്രൂരത കാണിച്ചിരിക്കാം... ഞാൻ ഇതിന് അർഹനാണോ എന്നെനിക്കറിയില്ല, പക്ഷെ ഞാൻ എന്തിനാണ് പരാതിപ്പെടുന്നത്? ഒട്ടും അർഹിക്കാത്ത പല മികച്ച കാര്യങ്ങളും എന്റെ ജീവിതത്തിൽ സംഭവിച്ചിട്ടുണ്ട്." അദ്ദേഹം കൂട്ടിച്ചേർത്തു. ഈ സീസണിൽ റിയൽ മാഡ്രിഡിനായി 27 മത്സരങ്ങളിൽ ബൂട്ടണിഞ്ഞ താരം മൂന്ന് ഗോളുകളും ആറ് അസിസ്റ്റുകളും സ്വന്തമാക്കിയിരുന്നു.

പരിക്കോടെ ബ്രസീലിനായി ലോകകപ്പ് കളിക്കുകയെന്ന റോഡ്രിഗോയുടെ വലിയ സ്വപ്നത്തിനാണ് തിരശ്ശീല വീണത്. ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ അവസാന നാല് കളിയിലും താരം ടീമിലുണ്ടായിരുന്നില്ലെങ്കിലും, ഒക്ടോബർ, നവംബർ മാസങ്ങളിൽ നടന്ന സൗഹൃദ മത്സരങ്ങളിൽ പരിശീലകൻ കാർലോ ആൻസലോട്ടി റോഡ്രിഗോയെ ടീമിൽ ഉൾപ്പെടുത്തിയിരുന്നു. ലോകകപ്പിനൊരുങ്ങുന്ന ബ്രസീൽ മുന്നേറ്റനിരയ്ക്ക് കനത്ത തിരിച്ചടിയാണ് ഈ പരിക്ക്. താരത്തിന് പിന്തുണയറിയിച്ച് ബ്രസീലിയൻ ഫുട്ബോൾ കോൺഫെഡറേഷനും രംഗത്തെത്തി. എത്രയും വേഗം പരിക്കുമാറി കളിക്കളത്തിൽ തിരിച്ചെത്താൻ കഴിയട്ടെയെന്ന് അവർ ആശംസിച്ചു.

റോഡ്രിഗോയ്ക്ക് പിന്തുണയുമായി ആദ്യം രംഗത്തെത്തിയവരിൽ പ്രമുഖൻ ബ്രസീലിയൻ സൂപ്പർ താരം നെയ്മറാണ്. 2023-ൽ സമാനമായ എ.സി.എൽ, മെനിസ്കസ് പരിക്കുകൾ നേരിട്ട നെയ്മർ, തന്റെ വേദന നിറഞ്ഞ ദിനങ്ങളെ സ്മരിച്ചു. കടുത്ത വേദനയും ഭയവും നിറഞ്ഞ ആ നാളുകൾ ഓർത്തെടുത്ത നെയ്മർ, യുവതാരത്തിന് വേഗത്തിൽ തിരിച്ചുവരാൻ സാധിക്കട്ടെയെന്ന് ആശംസിച്ചു. ശസ്ത്രക്രിയയ്ക്കും മാസങ്ങൾ നീളുന്ന വിശ്രമത്തിനും ശേഷം പൂർവ്വാധികം ശക്തിയോടെ കളിക്കളത്തിൽ തിരിച്ചെത്തുക എന്ന വലിയ വെല്ലുവിളിയാണ് റോഡ്രിഗോയ്ക്ക് മുന്നിലുള്ളത്.

Tags:    
News Summary - Rodrygo heartbroken after ACL injury spoils World Cup dream

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.