സൂപ്പർതാരം ക്രിസ്റ്റ്യാനോക്ക് പരിക്ക്, പോർചുഗലിന് നെഞ്ചിടിപ്പ്

റിയാദ്: ഫുട്ബാൾ ലോകകപ്പിന് മൂന്ന് മാസം മാത്രം അകലെ നിൽക്കെ, സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് പരിക്കേറ്റത് പോർചുഗലിന്‍റെ നെഞ്ചിടിപ്പേറ്റുന്നു. സൗദി പ്രോ ലീഗിൽ അൽ ഫയ്ഹക്കെതിരായ മത്സരത്തിലാണ് അൽ -നസർ താരമായ ക്രിസ്റ്റ്യാനോക്ക് പരിക്കേൽക്കുന്നത്. ക്ലബാണ് ഇക്കാര്യം അറിയിച്ചത്.

41കാരനായ പോർചുഗൽ നായകന് നാലാഴ്ചയെങ്കിലും പുറത്തിരിക്കേണ്ടിവരും. ശനിയാഴ്ച നടന്ന മത്സരത്തിൽ 81-ാം മിനിറ്റിൽ താരത്തെ കളത്തിൽനിന്ന് പിൻവലിച്ചിരുന്നു. താരത്തിന്‍റെ തുടക്കാണ് പരിക്കേറ്റത്. ചെറിയ രീതിയിൽ താരം ജിമ്മിൽ ട്രെയിനിങ് നടത്തുന്നുണ്ടെന്നും മെഡിക്കൽ സംഘം നിരീക്ഷിച്ചുവരികയാണെന്നും ക്ലബ് അധികൃതർ അറിയിച്ചു. 41ാം വയസ്സിലും പോർചുഗലിന്‍റെയും അൽ നസറിന്‍റെയും പ്രധാന താരം റൊണാൾഡോ തന്നെയാണ്.

ലോകകപ്പിലേക്ക് മൂന്നുമാസം സമയമുണ്ടെന്നിരിക്കെ, താരത്തിന് ഇതിനിടെ പരിക്കിൽനിന്ന് മുക്തനായി ഫിറ്റ്നസ് വീണ്ടെടുക്കാനാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. ആറാം ലോകകപ്പാണ് താരം കളിക്കാൻ പോകുന്നത്. ചരിത്രത്തിലാദ്യമായി 48 ടീമുകൾ മാറ്റുരക്കുന്ന, മൂന്ന് രാജ്യങ്ങൾ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന വിശ്വ ഫുട്ബാൾ മാമാങ്കത്തിനായി കാത്തിരിക്കുകയാണ് ലോകം. ജൂൺ 11ന് മെക്സിക്കോ സിറ്റിയിലെ ആസ്ടെക്ക സ്റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം. ജൂലൈ 19ന് ന്യൂയോർക്കിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിൽ ഫൈനൽ നടക്കും.

അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങളിലെ 16 വേദികളിലായാണ് 104 മത്സരങ്ങൾ നടക്കുന്നത്. ഇതിൽ 78 മത്സരങ്ങൾക്കും അമേരിക്കയാണ് വേദിയാകുന്നത്. ജൂൺ 24ന് 39-ാം ജന്മദിനം ആഘോഷിക്കുന്ന ഇതിഹാസ താരം ലയണൽ മെസ്സിയുടെയും റൊണാൾഡോയുടെയും അവസാന ലോകകപ്പാകും കൂടിയാണിത്.

Tags:    
News Summary - Cristiano Ronaldo Suffers Hamstring Injury

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.