ബ്രസീലിന് വീണ്ടും തിരിച്ചടി; വിനീഷ്യസിന് അർജന്റീനക്കെതിരായ ലോകകപ്പ് യോഗ്യത മത്സരം കളിക്കാനാവില്ല

റിയോ ഡി ജനീറോ: പ്രമുഖ താരങ്ങളുടെ പരിക്ക് കാരണം വലയുന്ന ബ്രസീൽ ഫുട്ബാൾ ടീമിന് വീണ്ടും തിരിച്ചടി. അർജന്റീനക്കെതിരായ ലോകകപ്പ് യോഗ്യത മത്സരം സൂപ്പർ താരം വിനീഷ്യസ് ജൂനിയറിന് നഷ്ടമാകും. കൊളംബിയക്കെതിരായ മത്സരത്തിനിടെ ഇടത് തുടക്കേറ്റ പരി​ക്കാണ് 23കാരന് തിരിച്ചടിയായത്. 27ാം മിനിറ്റിൽ വിനീഷ്യസ് കളം വിട്ട മത്സരത്തിൽ ബ്രസീൽ 2-1ന് പരാജയപ്പെട്ടിരുന്നു. ബുധനാഴ്ച പുലർച്ചെ ആറിന് റിയോ ഡി ജനീറോയിലെ ചരിത്ര പ്രസിദ്ധമായ മാറക്കാന സ്റ്റേഡിയത്തിലാണ് ബദ്ധവൈരികൾ തമ്മിലുള്ള അഭിമാന പോരാട്ടം.

കഴിഞ്ഞ ആഗസ്റ്റിൽ റയൽ മാഡ്രിഡിനായുള്ള ലീഗ് മത്സരത്തിനിടെ വലത് തുടക്ക് പരിക്കേറ്റ വിനീഷ്യസിന് ഒരു മാസം കളിക്കാനായിരുന്നില്ല. തെക്കനമേരിക്കൻ ലോകകപ്പ് യോഗ്യത പേരാട്ടങ്ങളിൽ ബൊളീവിയക്കും പെറുവിനും എതിരായ ആദ്യ രണ്ടു മത്സരങ്ങളും വിനീഷ്യസിന് നഷ്ടമായിരുന്നു.

​ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ നിലവിൽ അഞ്ചാം സ്ഥാനത്താണ് ബ്രസീൽ. പരിക്ക് കാരണം സൂപ്പർ താരം നെയ്മർ, നായകൻ കാസമിറൊ, പ്രതിരോധ താരം ഡാനിലൊ, ഗോൾകീപ്പർ എഡേഴ്സൺ എന്നിവരെല്ലാം പുറത്തായതിന് പിന്നാലെയാണ് വിനീഷ്യസിന്റെ സാന്നിധ്യവും ടീമിന് നഷ്ടമാകുന്നത്. കഴിഞ്ഞ മത്സരത്തിൽ കൊളംബിയയോട് തോറ്റതിന് പുറമെ തൊട്ടുമുമ്പത്തെ മത്സരത്തിൽ യുറുഗ്വെയോട് എതിരില്ലാത്ത രണ്ട് ഗോളിനും ബ്രസീൽ പരാജയപ്പെട്ടിരുന്നു.

അതേസമയം, ലോകകപ്പിന് ശേഷം ആദ്യ പരാജയമാണ് അർജന്റീന കഴിഞ്ഞ ദിവസം യുറു​ഗ്വെയോട് ഏറ്റുവാങ്ങിയത്. തോറ്റെങ്കിലും അഞ്ച് മത്സരങ്ങളിൽ 12 പോയന്റുമായി അർജന്റീന തന്നെയാണ് പോയന്റ് ടേബിളിൽ ഒന്നാമത്. 10 പോയന്റുള്ള യുറുഗ്വെ രണ്ടാമതും ഒമ്പത് പോയന്റുള്ള കൊളംബിയ മൂന്നാമതും എട്ട് പോയന്റുള്ള വെനിസ്വെലെ നാലാമതുമാണ്. അഞ്ചാമതുള്ള ബ്രസീലിന് ഏഴ് പോയന്റാണുള്ളത്. 

Tags:    
News Summary - Setback for Brazil; Vinicius will miss the World Cup qualifier against Argentina

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.