'ചൂയിങ്ഗം നിർത്തി കളിയിൽ ശ്രദ്ധിക്കു'; 4-1ന് ജയിച്ചിട്ടും താരത്തോട് അരിശം തീരാതെ റയൽ മാഡ്രിഡ് ആരാധകർ

പതിവ് തെറ്റിച്ചില്ല, സ്പാനിഷ് ലീഗ് സീസണിലെ ആദ്യ എവേ മത്സരം നിലവിലെ ചാമ്പ്യന്മാരായ റയൽ മാഡ്രിസ് വിയത്തോടെ തുടങ്ങിയിരിക്കുന്നു. സെൽറ്റ വീഗോയെ ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് കാർലോ ആഞ്ചലോട്ടിയുടെ സംഘം തകർത്തത്.

കഴിഞ്ഞയാഴ്ച അൽമേരിയക്കെതിരെ കളിച്ചതിൽനിന്ന് ടീം ഏറെ മുന്നോട്ടുപോയിരിക്കുന്നു. മത്സരത്തിൽ പൂർണ ആധിപത്യം നിലനിർത്താൻ ടീമിനു കഴിഞ്ഞു. സൂപ്പർ താരം കരീം ബെൻസേമ മത്സരത്തിന്‍റെ 14ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ഗോളാക്കി അക്കൗണ്ട് തുറന്നു. എന്നാൽ, പത്തു മിനിറ്റിനുള്ളിൽ യാഗോ അസ്പാസിന്‍റെ ഗോളിലൂടെ സെൽറ്റ ഒപ്പമെത്തി. പെനാൽറ്റിയിലൂടെ തന്നെയായിരുന്നു ഗോൾ.

41ാം മിനിറ്റിൽ ലൂക്ക മോഡ്രിച്ചിലൂടെ റയൽ വീണ്ടും ലീഡ് നേടി. രണ്ടാംപകുതിയിൽ വിനീഷ്യസ് ജൂനിയറും ഫെഡറിക്കോ വാൽവെർഡെയും ലീഡ് വീണ്ടും ഉയർത്തി. പോയിന്‍റ് പട്ടികയിൽ ടീം ഒന്നാമതാണ്. മികച്ച ജയം സ്വന്തമാക്കിയിട്ടും ബ്രസീലിന്‍റെ പ്രതിരോധ താരം എഡർ മിലിറ്റാവോ മത്സരത്തിൽ വരുത്തിയ പിഴവാണ് ആരാധകരെ ചൊടിപ്പിച്ചിരിക്കുന്നത്.

അടുത്ത മത്സരത്തിൽ താരത്തെ പുറത്തിരുത്തണമെന്നാണ് ആരാധകരുടെ ആവശ്യം. അൽമേരിയക്കെതിരായ മത്സരത്തിൽ പുറത്തിരുന്ന താരത്തെ സെൽറ്റക്കെതിരെ കോച്ച് കളത്തിലിറക്കിയെങ്കിലും താരത്തിന്‍റെ പ്രകടനത്തിൽ ആരാധകർ നിരാശരാണ്. മിലിറ്റാവോ വിശ്വസനീയമായ പ്രകടനമാണ് കഴിഞ്ഞ സീസണുകളിൽ നടത്തിയത്. എന്നാൽ, പുതുതായി ക്ലബിലെത്തിയ ജർമൻ താരം അന്റോണിയോ റൂഡിഗറിന് ആദ്യ അവസരം നൽകണമെന്നാണ് ആരാധാകർ പറയുന്നത്.

ചെൽസിൽ തിളങ്ങിയിരുന്ന ജർമൻ പ്രതിരോധ താരത്തെ ഏറെ പ്രതീക്ഷകളോടെയാണ് ബെർണബ്യൂവിൽ എത്തിച്ചത്. അദ്ദേഹത്തിന് ക്ലബ് വേണ്ടവിധം പരിഗണിക്കുന്നില്ലെന്നാണ് ആരാധകരുടെ പരാതി. മിലിറ്റാവോയുടെ മേലാണ് ഇതിന്‍റെ അരിശം തീർത്തത്. ട്വിറ്ററിൽ നിരവധി പേരാണ് മിലിറ്റാവോയെ വിമർശിച്ച് രംഗത്തുവന്നത്.

ച്യൂയിങ്ഗം നിർത്തി പിച്ചിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ മിലിറ്റാവോക്ക് കഴിയുമോ എന്നായിരുന്നു ഒരു ആരാധാകന്‍റെ ചോദ്യം. റൂഡിഗറിന് ആദ്യം കളത്തിലിറക്കിയും മിലിറ്റാവോയെ ബെഞ്ചിലിരുത്തിയും കളി ആരംഭിക്കണമെന്ന് ആഞ്ചലോട്ടിയോട് കബ്ല് പറഞ്ഞുകൊടുക്കണമെന്ന് ഒരു ആരാധകൻ ട്വീറ്റ് ചെയ്തു.

Tags:    
News Summary - Real Madrid fans frustrated with 24-year-old star despite 4-1 win against Celta Vigo

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.