യുവേഫ ചാമ്പ്യൻസ് ലീഗ് നോക്കൗട്ട് റൗണ്ട് (റൗണ്ട് ഓഫ് 16) നറുക്കെടുപ്പ് ഇന്ന് വൈകീട്ട് 4:30ന് നടക്കും. പ്ലേ ഓഫ് കടന്നെത്തിയ എട്ട് ടീമുകളും ലീഗ് ഘട്ടത്തിൽ ആദ്യ എട്ടിൽ ഫിനിഷ് ചെയ്തവരുമാണ് ഇനി മാറ്റുരയ്ക്കുന്നത്. ക്വാർട്ടർ ഫൈനൽ, സെമി ഫൈനൽ, ഫൈനൽ മത്സരങ്ങളിൽ ആരൊക്കെയാകും എതിരാളികൾ എന്ന് വ്യക്തമാക്കുന്ന ടൂർണമെന്റ് ബ്രാക്കറ്റിനും നറുക്കെടുപ്പിലൂടെ തീരുമാനമാകും. പ്രീ ക്വാർട്ടറിലെ ആദ്യ പാദ മത്സരങ്ങൾ മാർച്ച് 10, 11 തീയതികളിലും രണ്ടാം പാദ മത്സരങ്ങൾ മാർച്ച് 17, 18 തീയതികളിലുമായി നടക്കും. മെയ് 30-നാണ് കലാശപ്പോരാട്ടം.
റയൽ മാഡ്രിഡ്, പി.എസ്.ജി, അത്‌ലറ്റികോ മാഡ്രിഡ് തുടങ്ങിയ വമ്പന്മാർ പ്ലേ ഓഫ് കടന്നെത്തിയതോടെ പ്രീ ക്വാർട്ടറിൽ ഗ്ലാമർ പോരാട്ടങ്ങൾക്കാണ് കളമൊരുങ്ങുന്നത്. റയൽ മാഡ്രിഡ് മാഞ്ചസ്റ്റർ സിറ്റി മത്സരത്തിനുള്ള സാധ്യതയെയാണ് ഫുട്ബോൾ ലോകം ഉറ്റുനോക്കുന്നത്. നിലവിലെ ചാമ്പ്യന്മാരായ പി.എസ്.ജിക്കെതിരെ ചെൽസിയോ ബാഴ്‌സലോണയോ മത്സരിക്കാനും നറുക്കെടുപ്പിൽ സാധ്യതയുണ്ട്. ആഴ്‌സണൽ, ലിവർപൂൾ, ചെൽസി, മാഞ്ചസ്റ്റർ സിറ്റി, ടോട്ടൻഹാം എന്നീ ടീമുകൾ നേരത്തെ തന്നെ യോഗ്യത നേടിയിരുന്നു. ഇതിനുപുറമെ, പ്ലേ ഓഫ് കടന്ന് ന്യൂകാസിൽ യുണൈറ്റഡ് കൂടി എത്തിയതോടെ ആറ് ഇംഗ്ലീഷ് ക്ലബ്ബുകളാണ് ഇത്തവണ പ്രീ ക്വാർട്ടറിലുള്ളത്.
ഫൈനൽ ഒഴികെയുള്ള എല്ലാ നോക്കൗട്ട് മത്സരങ്ങളും ഹോം, എവേ അടിസ്ഥാനത്തിൽ രണ്ട് പാദങ്ങളിലായാണ് നടക്കുക. ലീഗ് ഘട്ടത്തിലെ റാങ്കിങ് അടിസ്ഥാനമാക്കിയാണ് നോക്കൗട്ട് റൗണ്ടുകളിലെ സീഡിങ് നിശ്ചയിക്കുന്നത്. ലീഗിലെ ആദ്യ എട്ടിൽ ഫിനിഷ് ചെയ്ത ടീമുകൾക്ക് പ്രീ ക്വാർട്ടറിലെ നിർണായക രണ്ടാം പാദ മത്സരം ഹോം ഗ്രൗണ്ടിൽ കളിക്കാം. ലീഗ് ഘട്ടത്തിൽ ആദ്യ നാല് സ്ഥാനങ്ങളിൽ എത്തിയവർക്ക് ക്വാർട്ടറിലെ രണ്ടാം പാദം സ്വന്തം ഗ്രൗണ്ടിൽ കളിക്കാനുള്ള അവസരവുമുണ്ട്. ലീഗിലെ ആദ്യ രണ്ട് സ്ഥാനക്കാർക്ക് സെമി ഫൈനലിലും ഹോം ഗ്രൗണ്ട് ആനുകൂല്യം ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.