മെസ്സിയെ വലിച്ചുതാഴെയിട്ട് ആരാധകൻ, സംഭവം മയാമിയുടെ സൗഹൃദ മത്സരത്തിനിടെ -വിഡിയോ

ന്യൂയോർക്ക്: അർജന്‍റൈൻ ഫുട്ബാൾ ഇതിഹാസം ലയണൽ മെസ്സിയെ വലിച്ചു താഴെയിട്ട് ആരാധകൻ. പ്യൂർട്ടോ റിക്കോയിൽ നടന്ന സൗഹൃദ മത്സരത്തിന്‍റെ അവസാന മിനിറ്റുകളിലാണ് സംഭവം.

എക്വഡോർ ക്ലബ് ഇൻഡിപെൻഡന്റേ ഡെൽ വാലെയും ഇന്റർമയാമിയും തമ്മിലുള്ള മത്സരത്തിന്‍റെ 88ാം മിനിറ്റിൽ ഗ്രൗണ്ടിലേക്ക് ഏതാനും ആരാധകർ അതിക്രമിച്ചു കയറി. ഇതിൽ രണ്ടുപേർ മെസ്സിയുടെ അടുത്തെത്തി. ഒരാൾ മെസ്സിക്കൊപ്പം സെൽഫിയെടുത്തപ്പോൾ, മറ്റൊരു ആരാധകൻ ടീഷർട്ടിൽ ഓട്ടോഗ്രാഫും വാങ്ങി. സുരക്ഷ ജീവനക്കാർ ഇവരെ പിടിച്ചുമാറ്റുന്നതിനിടെ മറ്റൊരു ആരാധകൻ അതിവേഗം മെസ്സിയുടെ അടുത്തേക്ക് ഓടിയെത്തി കൈകൊണ്ട് കൂട്ടിപിടിക്കുകയും പിടിച്ചു വലിച്ച് താഴെയിടുകയുമായിരുന്നു. സുരക്ഷ ജീവനക്കാർ ഏറെ പണിപെട്ടാണ് ആരാധകനെ പിടിച്ചുമാറ്റിയത്.

ആരാധകന്‍റെ പെരുമാറ്റത്തിലുള്ള നീരസം മെസ്സിയുടെ മുഖത്ത് പ്രകടമായിരുന്നു. ഇതിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. നാടകീയതകൾക്കൊടുവിലാണ് മത്സരം തുടങ്ങിയതു തന്നെ. നേരത്തെ, നിശ്ചയിച്ച സമയത്തേക്കാൾ ഒരു മണിക്കൂർ വൈകിയാണ് മത്സരം ആരംഭിച്ചത്. ഇരുടീമുകളും കറുത്ത ജഴ്സി ധരിച്ച് കളിക്കണമെന്ന ആവശ്യത്തിൽ ഉറച്ചുനിന്നതോടെ തർക്കം നീണ്ടുപോയി. പരിഹാരമില്ലാതെ വന്നതോടെ ഇരു ടീമുകളും കറുത്ത ജഴ്സി ധരിച്ചാണ് കളിക്കാനിറങ്ങിയത്.

മത്സരത്തിന്‍റെ രണ്ടാം പകുതിയിൽ പകരക്കാരനായി മെസ്സി കളത്തിലെത്തുമ്പോൾ ഗാലറി എഴുന്നേറ്റുനിന്ന് കരഘോഷത്തോടെയാണ് താരത്തെ വരവേറ്റത്. മത്സരം 2-1ന് മയാമി ജയിച്ചു. 70ാം മിനിറ്റിൽ ടീമിന്‍റെ വിജയഗോൾ നേടിയതും മെസ്സിയാണ്. 16ാം മിനിറ്റിൽ അർജന്‍റീനയുടെ സാന്‍റി മൊറാലെസിന്‍റെ ഗോളിലൂടെ മയാമിയാണ് ആദ്യം ലീഡെടുത്തത്. അടുത്ത മിനിറ്റിൽ തന്നെ ദേശീയ താരം പാട്രിക് മെർകാഡോയിലൂടെ എക്വഡോർ സമനില പിടിച്ചു. ഒടുവിൽ മെസ്സി ടീമിന്‍റെ രക്ഷകനായി അവതരിക്കുകയായിരുന്നു.

Tags:    
News Summary - Lionel Messi knocked to the ground after fans cause ruckus

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.