യുവേഫ ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടർ (റൗണ്ട് ഓഫ് 16) നറുക്കെടുപ്പ് പൂർത്തിയായപ്പോൾ ഫുട്ബോൾ ആരാധകർ കാത്തിരുന്ന ഗ്ലാമർ പോരാട്ടങ്ങൾക്ക് കളമൊരുങ്ങി. റയൽ മാഡ്രിഡും മാഞ്ചസ്റ്റർ സിറ്റിയും തമ്മിലുള്ള മത്സരം തന്നെയാണ് പ്രീ ക്വാർട്ടറിലെ പ്രധാന ആകർഷണം. നിലവിലെ ചാമ്പ്യന്മാരായ പി.എസ്.ജി ചെൽസിയെ നേരിടുമ്പോൾ, ബാഴ്സലോണയുടെ എതിരാളികൾ ഇംഗ്ലീഷ് ക്ലബ്ബായ ന്യൂകാസിൽ യുണൈറ്റഡാണ്. ഈ മൂന്ന് വമ്പൻ മത്സരങ്ങളാകും പ്രീ ക്വാർട്ടറിൽ ഏറ്റവുമധികം ശ്രദ്ധിക്കപ്പെടുക.
തുടർച്ചയായ അഞ്ചാം സീസണിലാണ് ചാമ്പ്യൻസ് ലീഗ് നോക്കൗട്ട് ഘട്ടത്തിൽ മാഞ്ചസ്റ്റർ സിറ്റിയും റയൽ മാഡ്രിഡും നേർക്കുനേർ വരുന്നത്. ഈ സീസണിൽ തന്നെ ഇത് ഇരുടീമുകളുടെയും രണ്ടാമത്തെ മത്സരമാണ്. ഡിസംബറിൽ നടന്ന ലീഗ് ഘട്ട മത്സരത്തിൽ റയലിന്റെ തട്ടകമായ സാന്റിയാഗോ ബെർണബ്യൂവിൽ സിറ്റി 2-1 ന് വിജയിച്ചിരുന്നു. എന്നാൽ നോക്കൗട്ട് കണക്കുകളിൽ പെപ്പിന്റെ സിറ്റിക്കെതിരെ റയലിനാണ് മുൻതൂക്കം. ഇതിനുമുമ്പ് ഇരുവരും നേർക്കുനേർ വന്ന ആറ് നോക്കൗട്ട് ടൈകളിൽ നാലിലും റയലാണ് മുന്നേറിയത്. എന്നാൽ നിലവിലെ ഫോം നോക്കുമ്പോൾ സിറ്റിക് തന്നെയാണ് മുൻതൂക്കം. അറ്റലാന്റയോ ജർമൻ വമ്പന്മാരായ ബയേൺ മ്യൂണിക്കോ ആകും റയൽ - സിറ്റി പോരാട്ടത്തിലെ വിജയികളെ ക്വാർട്ടറിൽ കാത്തിരിക്കുന്നത് ഇത് കടന്നാൽ സെമിയിൽ പി.എസ്.ജി, ചെൽസി, ലിവർപൂൾ അല്ലെങ്കിൽ ഗലാറ്റസരെ എന്നിവരിലൊരാളെ നേരിടേണ്ടി വരും. ഫൈനലിലേക്കുള്ള ഏറ്റവും കടുപ്പമേറിയ ട്രാക്കാണിത്.
ലീഗ് ഘട്ടത്തിൽ ഒന്നാം സ്ഥാനക്കാരായി ഫിനിഷ് ചെയ്ത ആഴ്സണലിന് കാര്യങ്ങൾ എളുപ്പമാണ്. ഫൈനലിലേക്കുള്ള വഴി സുഗമമാക്കുന്ന 'ഈസി വാക്കാണ്' ആഴ്സണലിന് ലഭിച്ചത്. പ്രീ ക്വാർട്ടറിൽ ബയർ ലെവർകൂസനെ മറികടന്നാൽ, ക്വാർട്ടറിൽ ബോഡോ ഗ്ലിൻറ്റ് - സ്പോർട്ടിങ് സി.പി മത്സരത്തിലെ വിജയികളെ നേരിടാം. സെമി ഫൈനലിൽ ന്യൂകാസിൽ, ബാഴ്സലോണ, ടോട്ടൻഹാം അല്ലെങ്കിൽ അത്‌ലറ്റികോ മാഡ്രിഡ് എന്നിവരിലൊരാളാകും എതിരാളികൾ.
നിലവിലെ ചാമ്പ്യന്മാരായ പി.എസ്.ജിയെ മറികടന്നാൽ ക്വാർട്ടർ ഫൈനലിൽ ചെൽസിയെ കാത്തിരിക്കുന്നത് ബദ്ധവൈരികളായ ലിവർപൂൾ ആവാനുള്ള സാധ്യതയുമുണ്ട്. 2005-നും 2009-നും ഇടയിൽ 10 തവണയാണ് ഇരുവരും ചാമ്പ്യൻസ് ലീഗിൽ ഏറ്റുമുട്ടിയത്. 2005, 2007 സെമി ഫൈനലുകളിൽ ലിവർപൂൾ വിജയിച്ചപ്പോൾ, 2008 സെമിയിലും 2009 ക്വാർട്ടറിലും ചെൽസിക്കായിരുന്നു ജയം. 2005-06 സീസണിലെ ഗ്രൂപ്പ് ഘട്ടത്തിൽ നടന്ന രണ്ട് മത്സരങ്ങളും ഗോൾരഹിത സമനിലയിലാണ് കലാശിച്ചത്. മറ്റൊരു പ്രീ ക്വാർട്ടർ പോരാട്ടത്തിൽ ടോട്ടൻഹാമിന് അത്ലറ്റികോ മാഡ്രിഡാണ് എതിരാളികൾ. ജർമൻ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്കിന് അറ്റലാന്റായും സ്പോർട്ടിങ് സി.പിക്ക് ബോഡോ ഗ്ലിന്റുമാണ് എതിരാളികൾ. മാർച്ച് 10 മുതൽ 18 വരെയാണ് പ്രീ ക്വാർട്ടർ മത്സരങ്ങൾ നടക്കുക.
റൗണ്ട് ഓഫ് 16 മത്സരങ്ങൾ
റയൽ മാഡ്രിഡ് x മാഞ്ചസ്റ്റർ സിറ്റി
പി.എസ്.ജി x ചെൽസി
ബാഴ്‌സലോണ x ന്യൂകാസിൽ യുണൈറ്റഡ്
ആഴ്‌സണൽ x ബയർ ലെവർകൂസൻ
ലിവർപൂൾ x ഗലാറ്റസരെ
ടോട്ടൻഹാം x അത്‌ലറ്റികോ മാഡ്രിഡ്
അറ്റലാന്റ x ബയേൺ മ്യൂണിക്ക്
ബോഡോ ഗ്ലിൻറ്റ് x സ്പോർട്ടിങ് സി.പി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.