Posted On
date_range Updated On
date_range പ്രീമിയർ ലീഗിൽ ഇവരെ സൂക്ഷിക്കുക...
ലണ്ടൻ: യൂറോയും ഒളിമ്പിക്സും കളമൊഴിഞ്ഞ യൂറോപ്പിന് പുത്തൻ ആവേശം പകർന്ന് ഇംഗ്ലീഷ് പ്രീമിയർ ലീഗ് പുതിയ സീസൺ മത്സരങ്ങൾ ആരംഭിച്ചിരിക്കെ ലോകം ജയിക്കാനൊരുങ്ങി ചില മുഖങ്ങൾ. പ്രമുഖരിൽ ചിലർ കൂടുമാറി പുതിയ തട്ടകങ്ങളിൽ ബൂട്ടുകെട്ടുമ്പോൾ ശ്രദ്ധേയരാകാൻ ഒരുങ്ങി ചില താരങ്ങളുണ്ട്. അവരെ പരിചയപ്പെടാം.
റിക്കാർഡോ കലഫിയോറി (ആഴ്സനൽ)
കപ്പിനും ചുണ്ടിനുമിടയിൽ കിരീടം സിറ്റിക്ക് അടിയറവ് വെച്ച ഗണ്ണേഴ്സ് നിരയുടെ പ്രതിരോധം കാക്കാൻ പുതുതായി എത്തിയ ഇറ്റാലിയൻ താരമാണ് റിക്കാർഡോ. ബൊളോണയിൽനിന്ന് വൻതുക നൽകിയാണ് ആഴ്സനൽ താരത്തെ ടീമിലെത്തിച്ചത്. കഴിഞ്ഞ സീസൺ ആരംഭത്തിൽ വളരെ ചെറിയ തുകക്ക് സീരി എയിലെത്തി ഒറ്റ വർഷത്തിനിടെ എല്ലാം തനിക്കാക്കിയാണ് താരം ഇറ്റലി വിട്ടെത്തുന്നത്. നിരവധി ക്ലബുകൾ താരത്തിനായി വല വീശിയിരുന്നു.
ജോഷ്വ സിർക്സീ (മാഞ്ചസ്റ്റർ യുനൈറ്റഡ്)
ബൊളോണയിൽനിന്ന് ഇംഗ്ലീഷ് ലീഗിലെത്തിയ ഡെച്ചുതാരം ഗോളോടെ അരങ്ങേറിയിട്ടുണ്ട്. വമ്പൻ ഓഫർ നൽകിയാണ് ജോഷ്വയെ മാഞ്ചസ്റ്റർ ടീം വിലക്കെടുത്തിരിക്കുന്നത്. ബയേൺ മ്യൂണിക്കിനൊപ്പം കളിച്ച ശേഷമായിരുന്നു കഴിഞ്ഞ വർഷം ഇറ്റാലിയൻ ലീഗിലെത്തിയത്. പുതിയ സീസണിൽ 11ാം നമ്പറാണ് താരത്തിന്റെ ജഴ്സി.
സാവിഞ്ഞോ (മാഞ്ചസ്റ്റർ സിറ്റി)
അർജന്റീനയുടെ മുൻനിരയിലെ ജൂലിയൻ അൽവാരസിനെ വിൽപന നടത്തിയ നിലവിലെ ചാമ്പ്യന്മാർക്ക് മുന്നേറ്റം കൂടുതൽ ചടുലമാക്കാനാണ് ബ്രസീൽ വിങ്ങർ സാവിഞ്ഞോയെത്തിയിരിക്കുന്നത്. ലാ ലിഗയിലെ ജിറോണയിൽ വായ്പാടിസ്ഥാനത്തിൽ പന്തുതട്ടിയ 20കാരൻ ടീമിനെ മൂന്നാമന്മാരാക്കിയാണ് മടങ്ങുന്നത്.
കഴിഞ്ഞ മാർച്ചിൽ ബ്രസീൽ നിരയിൽ അരങ്ങേറിയിരുന്നു.
നിക്ലസ് ഫുൾക്രൂഗ് (വെസ്റ്റ് ഹാം)
പുതിയ പരിശീലകനെത്തിയ വെസ്റ്റ് ഹാമിന് മുന്നേറ്റമുറപ്പിക്കാനാണ് 31കാരനായ ജർമൻ സ്ട്രൈക്കറുടെ വരവ്. കഴിഞ്ഞ സീസണിൽ ബൊറൂസിയ ഡോർട്മുണ്ടിലായിരുന്ന താരത്തെ വലിയ സംഖ്യ നൽകിയാണ് വെസ്റ്റ് ഹാം വാങ്ങിയത്. കഴിഞ്ഞ സീസണിൽ 46 കളികളിൽ 15 ഗോളായിരുന്നു താരത്തിന്റെ സമ്പാദ്യം. ടീം ചാമ്പ്യൻസ് ലീഗ് റണ്ണറപ്പാകുകയും ചെയ്തു.
യൂറോയിൽ ജർമൻ നിരയിൽ രണ്ടുവട്ടം വല കുലുക്കിയും താരം സാന്നിധ്യമറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.