അണ്ടർ-17 ഗൾഫ് കപ്പ്: എ ഗ്രൂപ്പിൽ ഇടംപിടിച്ച് ഒമാൻ

മസ്കത്ത്: വരാനിരിക്കുന്ന യു-17 ഗൾഫ് കപ്പ് ഫുട്ബാൾ ടൂർണമെന്റിൽ ഒമാൻ കരുത്തരുടെ ഗ്രൂപ്പിൽ. ഗൾഫ് ഫുട്ബാൾ ഫെഡറേഷൻ (ജി.എഫ്.എഫ്) നടത്തിയ ഔദ്യോഗിക നറുക്കെടുപ്പിൽ ഒമാൻ ഗ്രൂപ്പ് എ-യിൽ ഇടംപിടിച്ചു. ആതിഥേയരായ ഖത്തർ, യു.എ.ഇ, ബഹ്‌റൈൻ, ചൈന എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് ടീമുകൾ. നിലവിലെ ചാമ്പ്യന്മാരായ സൗദി അറേബ്യ, ഇറാഖ്, കുവൈത്ത്, യമൻ, ഈജിപ്ത് എന്നിവരാണ് ഗ്രൂപ്പ് ബിയിലുള്ളത്. ഒക്ടോബർ 16 മുതൽ നവംബർ നാലു വരെ ഖത്തറിലാണ് ടൂർണമെന്റ് നടക്കുക.

ഇത്തവണ ഗൾഫ് ഫെഡറേഷനിലെ എട്ട് രാജ്യങ്ങൾക്ക് പുറമെ ഏഷ്യയിൽ നിന്ന് ചൈനയെയും ആഫ്രിക്കയിൽ നിന്ന് ഈജിപ്തിനെയും അതിഥികളായി പങ്കെടുപ്പിക്കുന്നുണ്ട്. ടൂർണമെന്റിന്റെ ചരിത്രത്തിൽ ആദ്യമായാണ് 10 ടീമുകൾ അണിനിരക്കുന്നത്. സിംഗിൾ റൗണ്ട് റോബിൻ അടിസ്ഥാനത്തിൽ നടക്കുന്ന ഗ്രൂപ്പ് ഘട്ടത്തിൽ നിന്ന് ആദ്യ രണ്ട് സ്ഥാനക്കാർ സെമിഫൈനലിലേക്ക് യോഗ്യത നേടും. നവംബറിൽ നടക്കുന്ന എ.എഫ്.സി യു-17 ഏഷ്യൻ കപ്പ് യോഗ്യതാ മത്സരങ്ങൾക്ക് മുന്നോടിയായി ടീമിന്റെ കരുത്തളക്കാൻ ഒമാന് ഈ ടൂർണമെന്റ് മികച്ച അവസരമാകും.

നവംബർ എട്ടു മുതൽ 20 വരെ നടക്കുന്ന എ.എ.ഫ്.സി യു-17 ഏഷ്യൻ കപ്പ് യോഗ്യതാ മത്സരങ്ങളുടെ ഗ്രൂപ്പ് ജി മൽസരങ്ങൾക്ക് ഒമാൻ ആതിഥേയത്വം വഹിക്കും. കുവൈത്ത്, ബഹ്‌റൈൻ, ലെബനൻ, ബ്രൂണെ എന്നിവരാണ് ഒമാന്റെ എതിരാളികൾ. യോഗ്യതാ റൗണ്ടിലെ കടുത്ത മത്സരങ്ങൾക്കൊടുവിൽ ഗ്രൂപ്പിൽ ഒന്നാം സ്ഥാനം നേടുന്ന ഏഴ് ടീമുകൾ 2027 ൽ ഉസ്ബെക്കിസ്ഥാനിൽ നടക്കുന്ന ഏഷ്യൻ കപ്പ് ഫൈനൽ റൗണ്ടിലേക്ക് നേരിട്ട് യോഗ്യത ലഭിക്കും.

Tags:    
News Summary - Oman Drawn in Group A for Upcoming U-17 Gulf Cup Football Tournament

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.