മെസ്സിക്ക് ജന്മനാട്ടിൽ വിടവാങ്ങൽ മത്സരം, അർജന്‍റീന ജഴ്സിയിൽ അവസാനമായി ഇതിഹാസ താരം ബൂട്ടുകെട്ടും

റൊസാരിയോ: അന്താരാഷ്ട്ര ഫുട്ബാളിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ച ഇതിഹാസ താരം ലയണൽ മെസ്സിക്ക് ജന്മനാട്ടിൽ വിടവാങ്ങൽ മത്സരം. ഒക്ടോബറിൽ നാട്ടിൽ നടക്കുന്ന സൗഹൃദ മത്സരത്തിൽ അർജന്‍റീന ജഴ്സിയിൽ അവസാനമായി കളിക്കാൻ താരത്തെ ടീമിലേക്ക് വിളിച്ചതായി അർജന്റീന ഫുട്ബാൾ അസോസിയേഷൻ (എ.എഫ്.എ) അറിയിച്ചു. സെപ്റ്റംബർ 21 മുതൽ ഒക്ടോബർ ആറു വരെയുള്ള ഫിഫ അന്താരാഷ്ട്ര വിൻഡോയിൽ അർജന്റീന നാട്ടിൽ മൂന്ന് സൗഹൃദ മത്സരങ്ങൾ കളിക്കുന്നുണ്ട്.

ബ്യൂണസ് ഐറിസിൽ ഒക്ടോബർ ആറിന് ആഫ്രിക്കൻ ടീമായ ബെനിനെതിരെ നടക്കുന്ന സൗഹൃദ മത്സരത്തിലാണ് മെസ്സി കളിക്കാനിറങ്ങുക.“ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനും ഞങ്ങളുടെ ടീമിന്റെ ഐക്കണും ക്യാപ്റ്റനുമായ ലയണൽ ആന്ദ്രേസ് മെസ്സിയെ, ഒക്ടോബർ ആറിന് അർജന്റീനയിൽ അർഹമായ ഒരു വിടവാങ്ങൽ നൽകുന്നതിനായി ടീമിലേക്ക് ക്ഷണിച്ചു” -എ.എഫ്.എ പ്രസിഡന്റ് ക്ലോഡിയോ ടാപിയ സമൂഹമാധ്യമങ്ങളിൽ കുറിച്ചു. റോഡ്രിഗോ ഡി പോൾ, ജിയോവാനി ലോ സെൽസോ ഉൾപ്പെടെയുള്ള താരങ്ങളും ടീമിലുണ്ടാകും. സൗഹൃദ മത്സരത്തിന്‍റെ സ്ക്വാഡിനെ വരുംദിവസങ്ങളിൽ പ്രഖ്യാപിക്കും.

സെപ്റ്റംബർ 30ന് കോർഡോബയിലെ മാരിയോ കെംപെസ് സ്റ്റേഡിയത്തിൽ ബൊളീവിയയെ നേരിടുന്ന അർജന്‍റീന, ഒക്ടോബർ മൂന്നിന് ബ്യൂണസ് ഐറിസിൽ ബുർക്കിനാ ഫാസോയുമായും സൗഹൃദ മത്സരം കളിക്കും. സ്പെയിനുമായുള്ള ലോകകപ്പ് ഫൈനലിനു പിന്നാലെ ഗ്രൗണ്ടിൽ ഏറ്റുമുട്ടിയതിന് ഫിഫ വിലക്ക് ഏർപ്പെടുത്തിയ ലിയാൻഡ്രോ പരേഡസ്, നഹുവൽ മോളിന, തിയാഗോ അൽമാഡ എന്നിവർക്ക് മത്സരം നഷ്ടമാകും. ലോക ഫുട്ബാളിനെ ഞെട്ടിച്ച് ആഗസ്റ്റ് 31നാണ് മെസ്സി വിരമിക്കൽ പ്രഖ്യാപിക്കുന്നത്. സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് മെസ്സി ഇക്കാര്യം അറിയിച്ചത്. അർജന്റീനയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളാണ് മെസ്സി. മൂന്ന് ലോകകപ്പ് ഫൈനലുകളിൽ അർജന്റീനയെ നയിച്ച ക്യാപ്റ്റനാണ്.

താരത്തോടുള്ള ആദരസൂചകമായാണ് വിടവാങ്ങൽ മത്സരം സംഘടിപ്പിക്കുന്നത്. ആരാധകർക്ക് ഒരിക്കൽകൂടി മെസ്സിയെ അർജന്‍റീനയുടെ ആകാശ നീലയും വെള്ളയും കലർന്ന ആ ജഴ്സിയിൽ കാണാനാകും. അർജന്റീനയെ അവരുടെ ഫുട്‌ബാൾ ചരിത്രത്തിലെ വിജയകരമായ ഒരു കാലഘട്ടത്തിലേക്ക് നയിച്ച താരമാണ് മെസ്സി. 2021 കോപ്പ അമേരിക്ക 2022 ഫൈനലിസിമ, 2022 ഫിഫ ലോകകപ്പ്, 2024 കോപ്പ അമേരിക്ക കിരീടങ്ങൾ മെസ്സിക്ക് കീഴിൽ അർജന്റീന നേടി. 2014, 2026 വർഷങ്ങളിൽ‌ ലോകകപ്പ് ഫൈനലിലുമെത്തി.

Tags:    
News Summary - Lionel Messi called up to Argentina squad for farewell game

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.