ഇന്ത്യയുടെ ലോകകപ്പ് സ്വപ്നം വിദൂരമല്ല; ബ്രസീലിയൻ ഇതിഹാസം
കൊൽക്കത്ത: ആരാധകർക്ക് ആവേശം പകർന്ന് ഇന്ത്യയിൽ പന്തുതട്ടാൻ ഒരുങ്ങുകയാണ് അഞ്ച് തവണ ലോകചാമ്പ്യന്മാരായ ബ്രസീൽ. ഒക്ടോബർ മൂന്നിന് കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം വൈകീട്ട് 7.30നാണ് ഇന്ത്യ-ബ്രസീൽ പോരാട്ടം അരങ്ങേറുന്നത്. ബ്രസീൽ ഫുട്ബാൾ ടീം ചരിത്രത്തിലാദ്യമായാണ് ഇന്ത്യക്കെതിരെ കളത്തിലിറങ്ങുന്നത്.
ഇപ്പോൾ ഈ മത്സരത്തിന് മുന്നോടിയായി ആത്മവിശ്വാസമുണ്ടെങ്കിൽ ഇന്ത്യക്കും ഒരു നാൾ ലോകവേദിയിൽ പന്തുതട്ടാൻ സാധിക്കുമെന്ന് പറയുകയാണ് ബ്രസീൽ ഇതിഹാസം കഫു. തങ്ങളിൽ തന്നെയുള്ള വിശ്വാസമാണ് ബ്രസീലിന് അഞ്ച് ലോകകപ്പ് സമ്മാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ - ബ്രസീൽ സൗഹൃദ മത്സരത്തിന് മുന്നോടിയായി ബംഗാൾ നാഷണൽ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയിൽ നടന്ന പരിപാടിയിൽ സംസാരിക്കവെയാണ് കഫുവിന്റെ പ്രതികരണം.
"ബ്രസീൽ അഞ്ച് തവണ ലോകകപ്പ് നേടുന്നതിൽ ആത്മവിശ്വാസം ഒരു പ്രധാന ഘടകമായിരുന്നു. ഇന്ത്യക്കും അത്തരമൊരു വിശ്വാസം ഉണ്ടാവുകയും പ്രതീക്ഷ കൈവിടാതിരിക്കുകയും ചെയ്താൽ ലോകകപ്പ് കളിക്കുക എന്ന സ്വപ്നം വിദൂരമല്ല"- കഫു പറഞ്ഞു.
ഇന്ത്യക്കെതിരെയുള്ള സൗഹൃദ മത്സരത്തിനെക്കുറിച്ചും കഫു സംസാരിച്ചു. ഈ മത്സരം വളരെ ആവേശകരമായിരിക്കുമെന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഇതുപോലുള്ള കൂടുതൽ മത്സരങ്ങൾ ഇന്ത്യൻ ഫുട്ബോളിനെ സഹായിക്കുക്കും. ലോകകപ്പ് ബെർത്തിനായുള്ള സാധ്യതകൾ മെച്ചപ്പെടുത്താൻ ഇന്ത്യയെ ഈ മത്സരങ്ങൾ പ്രാപ്തരാക്കുകയും ചെയ്യുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മത്സരത്തിനായി ബ്രസീൽ വിനീഷ്യസ് ജൂനിയർ, റഫീഞ്ഞ, മാർക്വിന്യോസ് എന്നീ സൂപ്പർ താരങ്ങൾ അടങ്ങിയ 26 അംഗ ടീമിനെ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യയും ശക്തമായ ടീമിനെ തന്നെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ടീമിൽ സഹൽ അബ്ദുൽ സമദ്, ആഷിക് കുരുണിയൻ, ബിജോയ് വർഗീസ്, മുഹമ്മദ് സനാൻ എന്നീ മലയാളി താരങ്ങളും ഉൾപ്പെട്ടിട്ടുണ്ട്.
അതേസമയം, മുൻ ലോക ചാമ്പ്യന്മാരായ ബ്രസീൽ ഇന്ത്യയിൽ കളിക്കാനെത്തുന്ന ആവേശം ആരാധകരിലുണ്ടെങ്കിലും ഇന്ത്യൻ ദേശീയ ടീമിന്റെ നിലവിലെ മോശം അവസ്ഥയിൽ ഈ മത്സരത്തിന്റെ പ്രസക്തിയെച്ചൊല്ലി വിമർശനങ്ങളും ഉയരുന്നുണ്ട്. 12 വർഷം പിന്നിട്ടിട്ടും ഇന്ത്യൻ സൂപ്പർ ലീഗ് അടക്കമുള്ള ആഭ്യന്തര ലീഗുകൾക്ക് ദേശീയ ഫുട്ബോളിന്റെ നിലവാരം ഉയർത്താൻ സാധിച്ചിട്ടില്ല. ലോകകപ്പ് യോഗ്യത നേടാനാവാതെ ഇന്ത്യൻ ടീം ഓരോ വർഷവും പിന്നോട്ട് പോവുകയുമാണ്. യാഥാർഥ്യങ്ങളിൽ നിന്ന് ആരാധകരുടെ ശ്രദ്ധ തിരിക്കാനുള്ള ശ്രമമായാണ് ചില ഫുട്ബോൾ നിരീക്ഷകർ ഈ വമ്പൻ പോരാട്ടത്തെ വിലയിരുത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.