ലാമിൻ യമാൽ

'ഞാനും എംബാപ്പെയുമാണ് ലോകത്തെ ഏറ്റവും മികച്ചവർ; ഇത്തവണ ബാലൺ ഡി ഓർ എനിക്ക് അർഹതപ്പെട്ടത്': ലമീൻ യമാൽ

മഡ്രിഡ്: ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെയെ മറികടന്ന് 2026 ബാലൻ ഡി ഓർ സ്വന്തമാക്കുമെന്ന് സ്പാനിഷ് യുവതാരം ലമീൻ യമാൽ. സ്പെയ്നിനൊപ്പം ലോകകപ്പ് ജേതാവായതും ബാഴ്സക്കൊപ്പം രണ്ട് തവണ ലാലിഗ കിരീടമുയർത്തിയതും തനിക്ക് മുൻ‌തൂക്കം നൽകുന്നുവെന്നും താരം കൂട്ടിച്ചേർത്തു.

'ലോകത്തിലെ മികച്ച രണ്ട് താരങ്ങൾ നമ്മുക്കിടയിലുണ്ട്. എന്റെ നേട്ടങ്ങൾ പരിഗണിക്കുമ്പോൾ ഈ വർഷം ഞാൻ ബാലൻ ഡി ഓർ അർഹിക്കുന്നുണ്ട്. എന്റെ സംബന്ധിച്ച് ഞാനും കിലിയൻ എംബാപ്പെയും ലോകത്തിലെ രണ്ട് മികച്ച താരങ്ങളാണ്. അത് എനിക്കും കളി കാണുന്നവർക്കും വ്യക്തമാണ്,' യമാൽ മോവിസ്റ്റാറിൽ പറഞ്ഞു.

2026 ലോകകപ്പിൽ സ്പെയ്ൻ കിരീടമുയർത്തുമ്പോൾ യമാൽ ടീമിലെ പ്രധാന സാന്നിധ്യമായിരുന്നു. ടൂർണമെന്റിൽ താരം ടീമിനായി ഒരു ഗോൾ നേടിയിട്ടുണ്ട്. കൂടാതെ, ലാലിഗയിൽ കഴിഞ്ഞ രണ്ട് സീസണുകളിൽ ബാഴ്‌സലോണ ജേതാക്കളായപ്പോൾ 19കാരൻ ടീമിൽ നിർണായക പങ്ക് വഹിച്ചിരുന്നു. 2024 - 25 സീസണിൽ 18 ഗോളുകളും 25 അസിസ്റ്റുകളും നേടിയ താരം 2025 - 26 സീസണിൽ 16 ഗോളുകൾ വലയിലെത്തിച്ചു. 11 അസിറ്റുകളും നേടിയിട്ടുണ്ട്. ഒപ്പം ഈ സീസണിൽ ലീഗിലെ മികച്ച താരത്തിനുള്ള അവാർഡും യമാൽ കരസ്ഥമാക്കി. കഴിഞ്ഞ വർഷം ഫ്രഞ്ച് താരം ഉസ്മാൻ ഡെംബലെ ബാലൻ ഡി ഓർ സ്വന്തമാക്കിയപ്പോൾ യമാൽ റണ്ണർ അപ്പായിരുന്നു.

അതേസമയം, 2026 ലോകകപ്പിൽ എംബാപ്പെ മിന്നും പ്രകടനമാണ് നടത്തിയത്. ടൂർണമെന്റിൽ താരം 10 തവണ വല കുലുക്കുകയും നാല് തവണ ഗോളിന് വഴിയൊരുക്കുകയും ചെയ്തിരുന്നു. ഇത്തവണയും ഗോൾഡൻ ബൂട്ട് സ്വന്തമാക്കിയ ഫ്രഞ്ച് നായകൻ ലോകകപ്പ് ചരിത്രത്തിലെ ടോപ് സ്‌കോറർ പട്ടവും സ്വന്തം പേരിൽ കുറിച്ചു.

ഇതിനുപുറമെ, ക്ലബ് തലത്തിൽ റയൽ മഡ്രിഡിനായി മികച്ച പ്രകടനങ്ങളാണ് എംബാപ്പെ കാഴ്ച്ചവെക്കുന്നത്. കഴിഞ്ഞ സീസണിലും ലാലിഗയിലും ചാമ്പ്യൻസ് ലീഗിലും താരമായിരുന്നു ടോപ്സ്കോറർ. എംബാപ്പെ 2023ൽ ബാലൻ ഡി ഓറിൽ മൂന്നാം സ്ഥാനത്ത് എത്തിയിരുന്നു. അതേസമയം, ഒക്ടോബർ 26നാണ് 2026 ബാലൻ ഡി ഓർ അവാർഡ് ജേതാക്കളെ പ്രഖ്യാപിക്കുക. യമാലും എംബാപ്പെയുമടക്കം 30 പേർ മികച്ച പുരുഷ താരങ്ങളുടെ ചുരുക്കപട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്.

Tags:    
News Summary - Lamine Yamal claims Ballon d’Or edge over Mbappe after World Cup and LaLiga double

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.