പെനാൽറ്റി പാഴാക്കി മെസ്സി; ഇന്റർ മയാമിയെ ഒന്നിനെതിരെ നാല് ഗോളിന് തകർത്ത് നാഷ്‌വില്ലെ

മയാമി: മേജർ ലീഗ് സോക്കർ പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാർക്കായുള്ള പോരാട്ടത്തിൽ ഇന്റർ മയാമിക്ക് വൻ തോൽവി. ഒന്നിനെതിരെ നാല് ഗോളുകൾക്ക് നാഷ്‌വില്ലെയാണ് നിലവിലെ ചാമ്പ്യന്മാരായ മയാമിയെ പരാജയപ്പെടുത്തിയത്. സൂപ്പർ താരം ലയണൽ മെസ്സി പെനാൽറ്റി പാഴാക്കുകയും മഞ്ഞക്കാർഡ് വഴങ്ങുകയും ചെയ്ത മത്സരത്തിൽ മയാമിയുടെ ആശ്വാസ ഗോളിന് വഴിയൊരുക്കിയതും മെസ്സിയായിരുന്നു.

മത്സരത്തിന്റെ 17-ാം മിനിറ്റിൽ ഹോണ്ടുറാസ് പ്രതിരോധ താരം ആൻഡി നജാറിന്റെ ഹെഡ്ഡറിലൂടെ ആതിഥേയരായ നാഷ്‌വില്ലെയാണ് ആദ്യം ലീഡെടുത്തത്. 23-ാം മിനിറ്റിൽ ഒപ്പമെത്താൻ മയാമിക്ക് അനുകൂലമായി പെനാൽറ്റി ലഭിച്ചെങ്കിലും മെസ്സിയെടുത്ത ദുർബലമായ കിക്ക് നാഷ്‌വില്ലെ ഗോൾകീപ്പർ ബ്രയാൻ ഷ്വാക്ക് അനായാസം തട്ടിയകറ്റി. എന്നാൽ, ആദ്യ പകുതിയുടെ അധിക സമയത്ത് (ഇൻജറി ടൈം) മെസ്സിയുടെ പാസിൽ നിന്ന് വെനിസ്വേലൻ താരം ടെലാസ്കോ സെഗോവിയ മയാമിയുടെ സമനില ഗോൾ കണ്ടെത്തി (1-1).

രണ്ടാം പകുതിയിൽ നാഷ്‌വില്ലെയുടെ സമ്പൂർണ ആധിപത്യമാണ് കളത്തിൽ കണ്ടത്. 49-ാം മിനിറ്റിൽ 2022ലെ എം.എൽ.എസ് മികച്ച താരമായ ഹാനി മുഖ്താറിലൂടെ നാഷ്‌വില്ലെ വീണ്ടും ലീഡ് നേടി. വൈകാതെ ഇംഗ്ലീഷ് താരം സാം സൂറിഡ്ജ് നാഷ്‌വില്ലെയുടെ മൂന്നാം ഗോളും സ്കോർ ചെയ്തു. 63-ാം മിനിറ്റിൽ മുഖ്താർ തന്റെ രണ്ടാം ഗോളും വലയിലാക്കിയതോടെ നാഷ്‌വില്ലെയുടെ വമ്പൻ വിജയം ഉറപ്പായി.

മത്സരത്തിനിടെ റഫറിയോട് രൂക്ഷമായി പ്രതികരിച്ചതിന് 59-ാം മിനിറ്റിൽ മെസ്സിക്ക് മഞ്ഞക്കാർഡ് ലഭിച്ചിരുന്നു. രണ്ടാം പകുതിയുടെ അവസാന നിമിഷങ്ങളിൽ മെസ്സി തൊടുത്ത രണ്ട് ഷോട്ടുകൾ പോസ്റ്റിൽ തട്ടിമടങ്ങിയതും മയാമിക്ക് കനത്ത തിരിച്ചടിയായി. തോൽവിയോടെ എം.എൽ.എസിൽ ഇന്റർ മയാമിയുടെ തുടർച്ചയായ ഏഴു മത്സരങ്ങളിലെ അപരാജിത കുതിപ്പിനാണ് വിരാമമായത്. ജയത്തോടെ 43 പോയിന്റുമായി നാഷ്‌വില്ലെ ലീഗിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. 38 പോയിന്റുള്ള ഇന്റർ മയാമി രണ്ടാമതാണ്. ഈ വർഷത്തെ കോൺകാകാഫ് ചാമ്പ്യൻസ് കപ്പ് പ്രീക്വാർട്ടറിലും മയാമിയെ നാഷ്‌വില്ലെയാണ് ടൂർണമെന്റിൽ നിന്ന് പുറത്താക്കിയിരുന്നത്.

Tags:    
News Summary - Nashville Crushes Inter Miami 4-1 as Lionel Messi Misses Penalty

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.