മുന്നേറ്റത്തിന് മൂർച്ച കൂട്ടി ബ്ലാസ്റ്റേഴ്സ്; മുഹമ്മദ് സനാനും റാംലുൻഛുങ്ങയും മഞ്ഞപ്പടക്കൊപ്പം
കൊച്ചി: ഐ.എസ്.എൽ പതിമൂന്നാം സീസണിന് മുന്നോടിയായി കേരള ബ്ലാസ്റ്റേഴ്സിൽ പുതിയ സൈനിങ്ങുകൾ തുടരുന്നു. ഇന്ത്യൻ മുന്നേറ്റ താരങ്ങളായ കെ. മുഹമ്മദ് സനാനെയും റാംലുൻഛുങ്ങയെയും ടീമിലെത്തിച്ചിരിക്കുകയാണ് കെ.ബി.എഫ്സി. ജംഷഡ്പൂർ എഫ്.സിയിൽ നിന്നുള്ള 22കാരനായ മലയാളി താരം സനാൻ 2028-29 സീസൺ അവസാനം വരെയുള്ള ദീർഘകാല കരാറിലാണ് ബ്ലാസ്റ്റേഴ്സിലെത്തുന്നത്. എസ്.സി ഡൽഹിയിൽനിന്നുള്ള 25കാരനായ റാംലുൻഛുങ്ങയുമായി 2027-28 സീസൺ വരെയാണ് കരാർ.
റിലയൻസ് ഫൗണ്ടേഷൻ യംഗ് ചാംപ്സ് പ്രോഗ്രാമിലൂടെയാണ് സനാൻ ഫുട്ബാൾ പരിശീലനം സജീവമാക്കിയത്. 2023ൽ ജംഷഡ്പൂർ എഫ്.സിയിലൂടെ സീനിയർ തലത്തിൽ അരങ്ങേറ്റം കുറിച്ച താരം 2023-24 സീസണിൽ 20 ഐ.എസ്.എൽ ലീഗ് മത്സരങ്ങളിൽ കളിച്ചു. 2024-25 സീസണിൽ 24 ലീഗ് മത്സരങ്ങളിൽ കൂടി ബൂട്ടണിഞ്ഞതോടെ ജംഷഡ്പൂരിന്റെ മുന്നേറ്റനിരയിലെ സ്ഥിരസാന്നിധ്യമായി. പ്രധാനമായും ഇടത് വിങ്ങിൽ കളിക്കുന്ന സനാന് വലത് വിങ്ങിലും സെൻട്രൽ അറ്റാക്കിങ് പൊസിഷനുകളിലും കളിക്കാനാകും. 22-ാം വയസ്സിൽ തന്നെ ഐ.എസ്.എല്ലിൽ 40ലേറെ മത്സരങ്ങളുടെ പരിചയസമ്പത്തുമായാണ് സ്വന്തം നാട്ടിലെ ക്ലബിലേക്ക് സനാൻ എത്തുന്നത്.
മിസോറമിലെ കൊലാസിബ് സ്വദേശിയായ റാംലുൻഛുങ്ങ ഐസ്വാൾ എഫ്.സിയിലൂടെയാണ് പ്രഫഷനൽ കരിയർ ആരംഭിച്ചത്. 2020ൽ സീനിയർ ഫുട്ബാളിൽ അരങ്ങേറ്റം കുറിച്ച താരം പിന്നീട് ഹൈദരാബാദ് എഫ്.സിയിലെത്തി. 2022-23 സീസണിൽ ശ്രീനിധി ഡെക്കാനായി ലോണിൽ കളിച്ച റാംലുൻഛുങ്ങ 22 ലീഗ് മത്സരങ്ങളിൽ രണ്ട് ഗോളും ആറ് അസിസ്റ്റും നേടി. തുടർന്ന് ഹൈദരാബാദ് എഫ്.സിയിലേക്ക് തിരിച്ചെത്തിയ താരം 2023-24 സീസണിൽ ഐ.എസ്.എല്ലിൽ അരങ്ങേറ്റം കുറിച്ചു.
റാംലുൻഛുങ്ങ ചെന്നൈയിൽ നടക്കുന്ന പ്രീസീസൺ ക്യാമ്പിൽ ടീമിനൊപ്പം പരിശീലനം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഇന്ത്യൻ ദേശീയ ടീം ഗോൾകീപ്പർ അമരീന്ദർ സിങ്, മിഡ്ഫീൽഡർ മുഹമ്മദ് യാസിർ എന്നിവർ ടീമിനൊപ്പം ചേർന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.