ഇന്ത്യയുടെ പ്രതിരോധവും പ്രത്യാക്രമണങ്ങളും മികച്ചത്; ടീമിനെ പ്രശംസിച്ച് കാർലോ ആഞ്ചലോട്ടി

കൊൽക്കത്ത: സൗഹൃദ മത്സരത്തിലെ വിജയത്തിന് പിന്നാലെ ഇന്ത്യൻ ടീമിനെ പ്രശംസിച്ച് ബ്രസീൽ കോച്ച് കാർലോ ആഞ്ചലോട്ടി. ഇന്ത്യൻ ടീമിന്റെ പ്രതിരോധവും പ്രത്യാക്രമണ തന്ത്രങ്ങളും മികച്ചതായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ആദ്യ ഗോൾ നേടുന്നതുവരെ ഇന്ത്യ തങ്ങൾക്ക് കടുത്ത വെല്ലുവിളി ഉയർത്തിയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

"ഇന്ത്യ തങ്ങളുടെ ഭാഗം നന്നായി ചെയ്തു. അവർ തങ്ങളുടെ കളി കളിക്കാൻ ശ്രമിച്ചു. പ്രതിരോധത്തിൽ ഉറച്ച് നിന്ന് സംഘടിതമായി കളിച്ചു. അവർ മികച്ച പ്രത്യാക്രമണങ്ങളും നടത്തി. അവർ മികച്ചൊരു മത്സരം തന്നെയാണ് കാഴ്ചവെച്ചത്. മത്സരത്തിൽ ആദ്യ ഗോൾ നേടാൻ ഞങ്ങൾ ബുദ്ധിമുട്ടിയിരുന്നു. എന്നാൽ, എസ്റ്റിവോയുടെ ഗോൾ നേട്ടത്തോടെ കളി കൂടുതൽ നിയന്ത്രിക്കാൻ ഞങ്ങൾക്ക് അവസരങ്ങൾ ലഭിച്ചു," - ആഞ്ചലോട്ടി പറഞ്ഞു.

മത്സരത്തിലെ ബ്രസീലിന്റെ പ്രതിരോധത്തെ കുറിച്ചും ആഞ്ചലോട്ടി സംസാരിച്ചു. ഞങ്ങൾ നന്നായി പ്രതിരോധിച്ചുവെന്ന് ഞാൻ കരുതുന്നു. കൗണ്ടർ അറ്റാക്കിൽ രണ്ട് അവസരങ്ങൾ ലഭിച്ചിരുന്നെങ്കിൽ ഞങ്ങൾക്ക് കൂടുതൽ നന്നായി പ്രതിരോധിക്കാമായിരുന്നു. പക്ഷേ ഒരു ഗോൾ പോലും വഴങ്ങാതിരിക്കേണ്ടത് ഞങ്ങൾക്ക് പ്രധാനമായിരുന്നു. പ്രതിരോധം കുറച്ച് കൂടി മെച്ചപ്പെടുത്തേണ്ടതുണ്ട്. ഇതുവരെ പരീക്ഷിക്കാത്ത ഒരു കോമ്പിനേഷനാണ് പ്രതിരോധത്തിൽ ഉപയോഗിച്ചത്. അതിനാൽ ഈ കോമ്പിനേഷന് പോരായ്മകളുണ്ടാവാം. ഇന്ത്യയിൽ വീണ്ടും വരുന്നതിൽ തങ്ങൾക്ക് സന്തോഷമുണ്ടെന്നും ബ്രസീലിനെയും ഫുട്ബാളിനെയും സ്നേഹിക്കുന്ന എല്ലാവർക്കും മുന്നിൽ മികച്ച നിലവാരത്തിലുള്ള കളി കാഴ്ചവെക്കാൻ ശ്രമിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൊൽക്കത്ത സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇന്ത്യക്കെതിരെ ബ്രസീൽ ഏകപക്ഷീയമായ നാല് ഗോളുകൾക്ക് വിജയിച്ചിരുന്നു. അഞ്ച് വട്ടം ലോക ചാമ്പ്യന്മാരായ ബ്രസീൽ ഇന്ത്യൻ വല നിറക്കുമെന്ന് വിലയിരുത്തപ്പെട്ട മത്സരത്തിൽ അവിസ്മരണീയ പോരാട്ടമാണ് ഖാലിദ് ജമീലിന്റെ കുട്ടികൾ കാഴ്ച വെച്ചത്. ആദ്യ 28 മിനിറ്റിൽ ശ്രദ്ധേയമായ പ്രകടനം നടത്തിയ ടീം മികച്ച പ്രതിരോധവും ആക്രമണവുമായി ബ്രസീലിന് വെല്ലുവിളിയുയർത്തി.

ഒടുവിൽ ആരാധകർ നിറഞ്ഞ സാൾട്ട് ലേക്കിനെ സാക്ഷിയാക്കി നടന്ന എസ്റ്റിവോ 28-ാം മിനിറ്റിൽ ആദ്യ ഗോൾ ടീമിന് സമ്മാനിക്കുകയായിരുന്നു. പെ ഡ്രോ ഗ്വിയേർമെ (42), സാമുവേൽ ലിനോ (58, 95), എന്നിവരും ബ്രസീലിനായി ഗോളടിച്ചു. കൂടുതൽ ആക്രമിക്കാതെ കരുതലോടെയായിരുന്നു ബ്രസീൽ കളിച്ചത്. 

Tags:    
News Summary - Carlo Ancelotti Praises India's Organisation, Counter-Attacking Intent Despite Brazil's 4-0 Win In Kolkata

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.