ആറടിച്ച് ഉറുഗ്വായ്; സൗഹൃദ മത്സരത്തിൽ ഇന്ത്യക്കെതിരെ ആധികാരിക ജയം

കൊൽക്കത്ത: മുൻ ലോകകപ്പ് ജേതാക്കളായ ഉറുഗ്വായ്യ്‌ക്കെതിരായ ഫുട്ബോൾ സൗഹൃദ മത്സരത്തിൽ ഇന്ത്യയ്ക്ക് കനത്ത തോൽവി. കൊൽക്കത്ത സാൾട്ട്‌ ലേക്ക് സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ മത്സരത്തിൽ ഒന്നിനെതിരെ ആറ് ഗോളുകൾക്കാണ് ഉറുഗ്വേ ഇന്ത്യയെ പരാജയപ്പെടുത്തിയത്. പനാമയ്‌ക്കെതിരായ സമനിലയും ബ്രസീലിനെതിരായ പോരാട്ടത്തിനും ശേഷമുള്ള ഈ മത്സരത്തോടെ ഇന്ത്യയുടെ ചരിത്രപ്രധാനമായ സൗഹൃദ മത്സരങ്ങളുടെ പരമ്പരയ്ക്ക് സമാപനമായി.

മത്സരത്തിന്റെ തുടക്കം മുതൽ ഇരുടീമുകളും മികച്ച പോരാട്ടമാണ് കാഴ്ചവെച്ചത്. 12-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് സൂപ്പർതാരം ഡാർവിൻ നൂനസ് ഉറുഗ്വായ്യ്ക്ക് ആദ്യ ലീഡ് സമ്മാനിച്ചു. എന്നാൽ സമചിത്തത കൈവിടാതെ തിരിച്ചടിച്ച ഇന്ത്യ 22-ാം മിനിറ്റിൽ ഒപ്പമെത്തി. റയാൻ വില്യംസ് തൊടുത്ത ദൂരെയുളള ഷോട്ട് ഗോൾകീപ്പർ തടഞ്ഞെങ്കിലും, റീബൗണ്ടിൽ പന്ത് വലയിലെത്തിച്ച് അനിരുദ്ധ് ഥാപ്പ ഇന്ത്യയുടെ സമനില ഗോൾ നേടി.

ഇതിനിടയിൽ ആകാശത്ത് രൂപപ്പെട്ട മിന്നലിനെ തുടർന്ന് മത്സരം അരമണിക്കൂറോളം നിർത്തിവെയ്ക്കേണ്ടിവന്നു. കളി പുനഃആരംഭിച്ചയുടൻ മാക്സി അരൗജോയിലൂടെ ഉറുഗ്വേ വീണ്ടും മുന്നിലെത്തി.

രണ്ടാം പകുതിയിൽ സ്വന്തം ക്ലാസ് പുറത്തെടുത്ത ഉറുഗ്വേ ഇന്ത്യൻ പ്രതിരോധത്തെ നിഷ്പ്രഭമാക്കുന്ന കാഴ്ചയാണ് കണ്ടത്. മാക്സി അരൗജോ തന്റെ രണ്ടാം ഗോൾ നേടിയപ്പോൾ, റോഡ്രിഗോ സലാസറും റോഡ്രിഗോ അഗിറെയും മനോഹരമായ ലോങ് റേഞ്ച് ഷോട്ടുകളിലൂടെ ലക്ഷ്യം കണ്ടു. ഹുവാൻ സനാബ്രിയയുടെ ടാപ്-ഇൻ കൂടി പിറന്നതോടെ ഉറുഗ്വേയുടെ ഗോൾ പട്ടിക പൂർത്തിയാക്കി.

ലോകകപ്പ് യോഗ്യത നേടിയ വമ്പൻ ടീമുകൾക്കെതിരെയാണ് ഇന്ത്യ ഈ മാസം സൗഹൃദ മത്സരങ്ങൾ കളിച്ചത്. പനാമയുമായുള്ള ആദ്യ മത്സരത്തിൽ 1-1ന്റെ സമനില പിടിച്ച് ഞെട്ടിച്ച ഇന്ത്യ, രണ്ടാം മത്സരത്തിൽ ബ്രസീലിനോട് 0-4 എന്ന സ്കോറിനാണ് പരാജയപ്പെട്ടത്. ഫലം പ്രതികൂലമാണെങ്കിലും വമ്പൻ ടീമുകൾക്കൊപ്പം പന്ത് തട്ടാൻ ലഭിച്ച ഈ അവസരം ഇന്ത്യൻ ഫുട്ബോളിന് വലിയ അനുഭവസമ്പത്താണ് നൽകിയിരിക്കുന്നത്.

Tags:    
News Summary - India Suffers Heavy 1-6 Defeat Against Uruguay in International Football Friendly at Kolkata; Anirudh Thapa Scores Consolation Goal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.