സൂപ്പറായി ബ്ലാസ്റ്റേഴ്സ്; ഗോൾവല കാക്കാൻ അമരീന്ദർ, മധ്യനിരയിൽ യാസിർ
കൊച്ചി: 2026-27 ഇന്ത്യൻ സൂപ്പർ ലീഗ് സീസണ് മുന്നോടിയായി ഇന്ത്യൻ ദേശീയ ടീം ഗോൾകീപ്പർ അമരീന്ദർ സിങ്, മിഡ്ഫീൽഡർ മുഹമ്മദ് യാസിർ എന്നിവരെ ടീമിലെത്തിച്ച് കേരള ബ്ലാസ്റ്റേഴ്സ് എഫ്.സി. നിലവിൽ ചെന്നൈയിൽ നടക്കുന്ന ടീമിന്റെ പ്രീസീസൺ ക്യാമ്പിൽ ചേർന്ന ഇരുവരും സഹതാരങ്ങൾക്കൊപ്പം പരിശീലനം തുടങ്ങി. 2026-27 സീസണിന്റെ അവസാനം വരെയാണ് കരാർ.
ഒഡിഷ എഫ്.സിയിൽനിന്നാണ് 33കാരനായ അമരീന്ദർ സിങ് ബ്ലാസ്റ്റേഴ്സിലെത്തുന്നത്. ഐ.എസ്.എല്ലിലും ഇന്ത്യൻ ഫുട്ബാളിലും നീണ്ട വർഷത്തെ പരിചയമുള്ള അമരീന്ദർ മുംബൈ സിറ്റി എഫ്.സി, ബംഗളൂരു എഫ്.സി, മോഹൻ ബഗാൻ, ഒഡിഷ എഫ്.സി എന്നീ ടീമുകൾക്കായും ഇന്ത്യൻ സീനിയർ ടീമിനായും ജേഴ്സി അണിഞ്ഞിട്ടുണ്ട്.
എഫ്.സി ഗോവയിൽ നിന്നാണ് മുഹമ്മദ് യാസിർ ബ്ലാസ്റ്റേഴ്സിന്റെ ഭാഗമാകുന്നത്. വിങ്ങുകളിലും മധ്യനിരയിലും ഒരുപോലെ തിളങ്ങാൻ മികവുള്ള താരം 2017-18 സീസൺ മുതൽ ഐ.എസ്.എല്ലിൽ സജീവമാണ്. നേരത്തെ എഫ്.സി പുണെ സിറ്റി, ഹൈദരാബാദ് എഫ്.സി, എഫ്.സി ഗോവ എന്നീ ക്ലബുകൾക്കായി ബൂട്ടണിഞ്ഞു. 2021ൽ ഇന്ത്യ സീനിയർ ടീമിൽ അരങ്ങേറ്റം കുറിച്ചു. യാസിറിന്റെ സാന്നിധ്യം ബ്ലാസ്റ്റേഴ്സ് ആക്രമണനിരക്ക് വേഗതയും വൈവിധ്യവും നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.