ചരിത്രം കുറിച്ച് മൊറോക്കൻ വനിതകൾ; ആദ്യമായി ലോകകപ്പിനെത്തി പ്രീക്വാർട്ടറിൽ; കൊളംബിയയെ വീഴ്ത്തിയത് ഒരു ഗോളിന്

പെർത്ത്: ഖത്തറിൽ കഴിഞ്ഞ വർഷം നടന്ന പുരുഷ ലോകകപ്പ് ഫുട്ബാളിൽ നാലാം സ്ഥാനം നേടി മൊറോക്കോ ടീം അതിശയിപ്പിച്ചതിനു പിന്നാലെ മറ്റൊരു ചരിത്രം രചിച്ച് വനിതകൾ. വനിത ലോകകപ്പിന് യോഗ്യത നേടുന്ന ആദ്യ അറബ്-വടക്കൻ ആഫ്രിക്കൻ രാജ്യമായ മൊറോക്കോ, പ്രീക്വാർട്ടറിലും പ്രവേശിച്ചു.

ഗ്രൂപ് എച്ചിലെ മൂന്നാം മത്സരത്തിൽ കൊളംബിയയെ ഏക ഗോളിനാണ് തോൽപിച്ചത്. ഒന്നാം പകുതിയുടെ സ്റ്റോപ്പേജ് ടൈമിൽ അനീസ ലഹ്മാരി (45+4) മഗ് രിബിലെ പെൺകൊടികളുടെ വിജയഗോൾ നേടി. രണ്ടു ജയവും ഒരു തോൽവിയുമായി ആറു പോയന്റ് വീതമാണ് കൊളംബിയക്കും മൊറോക്കോക്കും. ഗോൾ വ്യത്യാസത്തിൽ കൊളംബിയയാണ് ഒന്നാമത്. അതേസമയം, ജർമനിയും (4) ദക്ഷിണ കൊറിയയും (1) നോക്കൗട്ടിൽ കടക്കാതെ പുറത്തായി.

നിർണായക മത്സരത്തിൽ കൊറിയയോട് 1-1 സമനില വഴങ്ങിയതാണ് ജർമനിക്ക് തിരിച്ചടിയായത്. ജയിക്കുന്ന പക്ഷം ഗോൾശരാശരി ബലത്തിൽ ഗ്രൂപ് ജേതാക്കളായി പ്രീക്വാർട്ടറിൽ കടക്കേണ്ടതായിരുന്നു ഇവർ. മറുഭാഗത്ത് കൊളംബിയ ആദ്യ രണ്ടു കളിയും ജയിച്ച് നേരത്തേതന്നെ നോക്കൗട്ടിൽ സീറ്റ് പിടിച്ചിരുന്നു. ജയം അനിവാര്യമായിരുന്ന മൊറോക്കോ നിരാശപ്പെടുത്തിയില്ല. ലോകകപ്പ് യോഗ്യതയിലൂടെത്തന്നെ ചരിത്രത്തിന്റെ ഭാഗമായ അറ്റ്ലസ് ലയണസ് ആദ്യ കളിയിൽ ജർമനിയോട് എതിരില്ലാത്ത ആറു ഗോളിന്റെ ദയനീയ തോൽവി ഏറ്റുവാങ്ങിയിരുന്നു.

തുടർന്ന് കൊറിയയെയും കൊളംബിയെയും ഓരോ ഗോളിന് മറികടന്നാണ് അടുത്ത റൗണ്ടിലേക്കു മുന്നേറിയത്. കൊളംബിയയെ മൊറോക്കോ തോൽപിച്ചത് ജർമനിക്ക് പുറത്തേക്കും വഴിതുറന്നു. പ്രീക്വാർട്ടറിൽ ചൊവ്വാഴ്ച മൊറോക്കോ ഫ്രാൻസിനെയും കൊളംബിയ ജർമനിയെയും നേരിടും.

പ്രീക്വാർട്ടർ മത്സരങ്ങൾ

ആഗസ്റ്റ് അഞ്ച് സ്വിറ്റ്സർലൻഡ് x സ്പെയിൻ, ജപ്പാൻ x നോർവേ

ആഗസ്റ്റ് ആറ് നെതർലൻഡ്സ് x ദക്ഷിണാഫ്രിക്ക, സ്വീഡൻ x യു.എസ്

ആഗസ്റ്റ് ഏഴ് ഇംഗ്ലണ്ട് x നൈജീരിയ, ആസ്ട്രേലിയ x ഡെന്മാർക്

ആഗസ്റ്റ് എട്ട് കൊളംബിയ x ജമൈക്ക, ഫ്രാൻസ് x മൊറോക്കോ

Tags:    
News Summary - Morocco reaches Women's World Cup in pre-quarters

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.