2026 ലോകകപ്പിന് കൂടുതൽ ടീമുകൾ; യോഗ്യത റൗണ്ട് പരിഷ്കരിച്ച് എ.എഫ്.സി

ബ്രിസ്ബേൻ: 2026ലെ അമേരിക്ക-കാനഡ-മെക്സികോ ലോകകപ്പിൽ 48 ടീമുകൾ കളിക്കുന്ന സാഹചര്യത്തിൽ വൻകരയിലെ യോഗ്യത റൗണ്ട് മത്സരരൂപം ഏഷ്യൻ ഫുട്ബാൾ കോൺഫെഡറേഷൻ പരിഷ്കരിച്ചു. യോഗ്യത റൗണ്ടിൽനിന്ന് എട്ട് രാജ്യങ്ങൾക്കും ഒരു ടീമിന് ഇന്റർ കോൺഡിനെന്റൽ പ്ലേ ഓഫ് വഴിയും ലോകകപ്പിലെത്താം.

ഏഷ്യയിലെ 26 മുതൽ 47 വരെ റാങ്കുകാരാണ് ഒന്നാംറൗണ്ട് യോഗ്യത മത്സരങ്ങൾ കളിക്കുക. ഇതിൽനിന്ന് 11 എണ്ണം രണ്ടാംറൗണ്ടിൽ പ്രവേശിക്കും. അവിടെ ആദ്യ 25 റാങ്കുകാരെക്കൂടി ചേർത്ത് 36 ടീമുകളെ നാലെണ്ണം വെച്ച് ഒമ്പത് ഗ്രൂപ്പുകളായി തിരിക്കും. ഹോം-എവേ അടിസ്ഥാനത്തിലായിരിക്കും രണ്ടാംറൗണ്ട്. ഓരോ ഗ്രൂപ്പിലെ മികച്ച രണ്ട് ടീമുകൾ മൂന്നാം റൗണ്ടിലെത്തും. 18 ടീമുകൾ ആറെണ്ണം വീതം മൂന്ന് ഗ്രൂപ്പാക്കും. റൗണ്ട്-റോബിൻ മത്സര ശേഷം ഓരോ ഗ്രൂപ്പിലെയും മികച്ച രണ്ട് ടീമുകൾക്ക് (ആറ്) ലോകകപ്പ് യോഗ്യത ലഭിക്കും. തുടർന്ന് മൂന്നും നാലും സ്ഥാനക്കാർ രണ്ട് ഗ്രൂപ്പായി പ്ലേ ഓഫ് കളിക്കും. ഇതിലെ രണ്ട് ഗ്രൂപ് ജേതാക്കൾക്കും ലോകകപ്പ് ടിക്കറ്റുണ്ട്.

അങ്ങനെ എട്ട് ടീമുകൾ. പ്ലേ ഓഫ് ഗ്രൂപ്പിലെ രണ്ടാംസ്ഥാനക്കാരിലൊരു സംഘത്തിന് ഇതര വൻകരയിലെ ടീമുകളുമായി ഇന്റർ കോൺഡിനെന്റൽ പ്ലേ ഓഫ് കളിച്ച് ജയിച്ചാൽ യോഗ്യത നേടാൻ അവസരമുണ്ട്. അങ്ങനെ ഒമ്പത് ടീമുകൾ വരെ ഏഷ്യയിൽനിന്നെത്താൻ സാധ്യത. ഖത്തർ ലോകകപ്പിൽ ആതിഥേയ വൻകരയിൽനിന്ന് ആറ് ടീമുകളാണ് കളിക്കുന്നത്.

നാലെണ്ണം യോഗ്യത റൗണ്ടിൽനിന്ന് നേരിട്ടും ഒരു ടീം ഇന്റർ കോൺഡിനെന്റൽ പ്ലേ ഓഫിലൂടെയും പ്രവേശിച്ചു. ആതിഥേയ രാജ്യമെന്ന നിലയിൽ ഖത്തറിനും ലോകകപ്പിനിറങ്ങാൻ അവസരം ലഭിച്ചു.

Tags:    
News Summary - More teams for 2026 World Cup

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT