ലണ്ടൻ: ഈജിപ്ഷ്യൻ ഇതിഹാസ താരം മുഹമ്മദ് സലാഹ് സീസണൊടുവിൽ ലിവർപൂൾ വിടും. തന്‍റെ സമൂഹമാധ്യമ അക്കൗണ്ടുകളിൽ പങ്കുവെച്ച വിഡിയോ സന്ദേശത്തിലൂടെയാണ് ആൻഫീൽഡ് വിടുമെന്ന കാര്യം 33കാരനായ താരം സ്ഥിരീകരിച്ചത്. 2017 ജൂൺ 22ന് എ.എസ് റോമയിൽനിന്നു ലിവർപൂളിലെത്തിയ സലാഹ്, യുർഗൻ ക്ലോപ്പിന്റെ ടീമിലെ പ്രധാന താരമായിരുന്നു.
ക്ലബിന്‍റെ കിരീട വിജയങ്ങളിലെല്ലാം താരം നിർണായക പങ്കുവഹിച്ചു. 435 മത്സരങ്ങളിൽ ലിവർപൂളിനായി കളിച്ച താരം 255 ഗോളുകൾ നേടി. പുതിയ പരിശീലകൻ ആർനെ സ്ലോട്ടിന് കീഴിൽ പൂർണ തൃപ്തനല്ലായിരുന്നു. കഴിഞ്ഞ ജനുവരി വിൻഡോയിൽ ടീം വിടുമെന്ന തരത്തിൽ വാർത്തകൾ പുറത്തുവന്നിരുന്നു. ഏപ്രിലിൽ താരവുമായി ക്ലബ് രണ്ടു വർഷത്തെ കരാർ പുതുക്കി. നിരവധി സൗദി ക്ലബുകൾ താരത്തിനായി രംഗത്തുണ്ട്. ‘നിർഭാഗ്യവശാൽ ആ ദിവസം വന്നെത്തി. ഇത് എന്റെ വിടവാങ്ങലിന്റെ ആദ്യഭാഗമാണ്. സീസണൊടുവിൽ ലിവർപൂൾ വിടുകയാണ്’ -സലാഹ് വിഡിയോ സന്ദേശത്തിൽ പറഞ്ഞു.
ക്ലബ് മാനേജ്മെന്‍റുമായുള്ള ധാരണപ്രകാരം സൗജന്യ ട്രാൻസ്ഫറിലാണ് താരം ക്ലബ് വിടുകയെന്നാണ് പുറത്തുവരുന്ന വിവരം. സീസൺ താരത്തെ സംബന്ധിച്ചെടുത്തോളം പ്രതീക്ഷ നിറഞ്ഞതായിരുന്നില്ല. ലിവർപൂളിനായി ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഉൾപ്പെടെ വ്യത്യസ്ത ചാമ്പ്യൻഷിപ്പുകളിൽ 34 മത്സരങ്ങളിൽനിന്ന് 10 ഗോൾ മാത്രമാണ് താരത്തിന് സ്കോർ ചെയ്യാനായത്. ആൻഫീൽഡിലെത്തിയശേഷം ഒരു സീസണിൽ താരത്തിന്‍റെ ഏറ്റവും മോശം പ്രകടനമാണിത്.
കഴിഞ്ഞ ഡിസംബറിൽ, ലീഡ്സുമായുള്ള മത്സരം 3-3 എന്ന സ്കോറിൽ സമനിലയിൽ പിരിഞ്ഞശേഷം മാധ്യമപ്രവർത്തകർക്ക് നൽകിയ അഭിമുഖത്തിൽ, ക്ലബ് തന്നെ ബലിയാടാക്കിയെന്നും മുഖ്യ പരിശീലകൻ ആർനെ സ്ലോട്ടുമായുള്ള ബന്ധം തകർന്നു എന്നും സലാഹ് തുറന്നുപറഞ്ഞത് വലിയ വിവാദമായിരുന്നു. പിന്നാലെയാണ് ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ താരം ക്ലബ് വിടുമെന്ന അഭ്യൂഹവും ശക്തമായത്. ലിവർപൂൾ വിടുന്ന താരം അടുത്ത സീസണിൽ ഏത് ടീമിനുവേണ്ടി കളിക്കുമെന്ന കാര്യത്തിൽ വ്യക്തതയില്ല.
‘മെഴ്‌സിസൈഡിലെ തന്റെ കാലം ജീവിതത്തിൽ എന്നെന്നും ഓർക്കപ്പെടും. കോവിഡ്-19 മഹാമാരിയിലൂടെയും അടുത്തിടെ ടീം അംഗം ഡിയോഗോ ജോട്ടയുടെ വേർപാടിലൂടെയും കടന്നുപോയി. ഈ ക്ലബും നഗരവും മനുഷ്യരും എന്റെ ജീവിതത്തിന്റെ ഭാഗമാകുമെന്ന് ഒരിക്കലും സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല. ലിവർപൂൾ വെറുമൊരു ഫുട്ബോൾ ക്ലബ് അല്ല. അത് ഒരു അഭിനിവേശമാണ്. ഒരു ചരിത്രമാണ്. ഒരു ആത്മാവാണ്’ -സലാഹ് പറഞ്ഞു.
ഈ ക്ലബിന്റെ ഭാഗമല്ലാത്ത ഒരാളോട് എന്‍റെ വികാരം വാക്കുകളിൽ പറഞ്ഞ് അറിയിക്കാനാകില്ല. വിജയങ്ങൾ ആഘോഷിച്ചു. സുപ്രധാന കിരീടനങ്ങൾ നേടി. ജീവിതത്തിലെ ഏറ്റവും കഠിനമായ സമയങ്ങളിൽ ഒന്നിച്ച് പോരാടി. ക്ലബിന്റെ ഭാഗമായ എല്ലാവർക്കും, പ്രത്യേകിച്ച് സഹതാരങ്ങൾക്ക് നന്ദി പറയുന്നതായും സലാഹ് വിഡിയോയിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.