ഡബ്ളടിച്ച് വിനീഷ്യസ്; സ്കോട്ട്ലൻഡിനെതിരെ ബ്രസീൽ മുന്നിൽ, നെയ്മർ കളത്തിൽ

മയാമി: ലോകകപ്പിൽ അവസാന ഗ്രൂപ്പ് മത്സരത്തിൽ സ്കോട്ട്ലൻഡിനെതിരെ ബ്രസീൽ മൂന്നു ഗോളിനു മുന്നിൽ. വിനീഷ്യസ് ജൂനിയർ രണ്ടു തവണ വലകുലുക്കി. മതേയൂസ് കുൻഹയാണ് മൂന്നാം ഗോൾ നേടിയത്. ഈ ലോകകപ്പിൽ വിനീഷ്യസിന്‍റെ ഗോൾനേട്ടം നാലായി.

പരിക്കിൽനിന്ന് മുക്തനായി എത്തിയ സൂപ്പർതാരം നെയ്മർക്ക് ആദ്യ ഇലവനിൽ ഇടംനേടാനായില്ല. ഏഴാം മിനിറ്റിലാണ് വിനീഷ്യസിലൂടെ കാനറികൾ ആദ്യം ലീഡെടുക്കുന്നത്. സ്കോട്ടിഷ് പ്രതിരോധതാരം സ്കോട്ട് മക്‌കെന്നയുടെ പിഴവിൽനിന്നായിരുന്നു ഗോൾ. മക്‌കെന്നയുടെ ഷോട്ട് റയാൻ ഇന്‍റർസെപ്റ്റ് ചെയ്തതോടെ പന്ത് വിനീഷ്യസിന്‍റെ മുന്നിലേക്ക്, മുന്നിൽ സ്കോട്ടിഷ് ഗോൾകീപ്പർ ആംഗസ് ഗൺ മാത്രം. ഗോളിയെ കബളിപ്പിച്ച് താരം പന്ത് വലയിലാക്കി. 22ാം മിനിറ്റിൽ വിനീഷ്യസ് വീണ്ടും വലകുലുക്കിയെങ്കിലും വാർ പരിശോധനയിൽ റഫറി ഗോൾ നിഷേധിച്ചു. പ്രതിരോധ താരം ജാക്കി ഹെഡ്രിയിൽനിന്ന് പന്ത് തട്ടിയെടുക്കുന്നതിനിടെ അദ്ദേഹത്തെ വിനീഷ്യസ് ഫൗൾ ചെയ്തതായി വിഡിയോ റിവ്യൂവിൽ കണ്ടെത്തി. 

ആദ്യ പകുതിയുടെ ഇൻജുറി ടൈമിൽ (45+3) വിനീഷ്യസ് ബ്രസീലിന്‍റെ ലീഡ് ഉയർത്തി. ബ്രൂണോ ഗുമറേസ് ബോക്സിലേക്ക് ഉയർത്തി നൽകിയ പന്ത് ഹെഡ്ഡറിലൂടെ താരം വലയിലാക്കി. 2-0 എന്ന സ്കോറിനാണ് മത്സരം ഇടവേളക്കു പിരിഞ്ഞത്. ലോകകപ്പിൽ മൂന്നു മത്സരങ്ങളിൽനിന്നായി നാലു ഗോളുകളാണ് വിനീഷ്യസ് നേടിയത്. ലോകകപ്പിന്‍റെ മൂന്നു ഗ്രൂപ്പ് മത്സരങ്ങളിലും ഗോൾ നേടുന്ന അഞ്ചാമത്തെ ബ്രസീൽ താരമായി വിനീഷ്യസ്. ജയർസിഞ്ഞോ, റൊമാരിയോ, റൊണാൾഡോ, റിവാൾഡോ എന്നിവരാണ് ഈ നേട്ടം കൈവരിച്ച മറ്റു താരങ്ങൾ.

30ാം മിനിറ്റിൽ ഒരു സെറ്റ്പീസിൽനിന്ന് സ്കോട്ടിഷുകാർക്ക് സുവർണാവസരം ലഭിച്ചെങ്കിലും ലക്ഷ്യം കാണാനായില്ല. 45ാം മിനിറ്റിൽ ബ്രസീൽ താരങ്ങളുടെ ഗോൾശ്രമം സ്കോട്ടീഷ് പ്രതിരോധം വിഫലമാക്കി. 

ഗ്രൂപ്പ് സിയിലെ മറ്റൊരു മത്സരത്തിൽ മൊറോക്കോയും ഹെയ്ത്തിയും രണ്ടു ഗോൾ വീതം നേടി ഒപ്പത്തിനൊപ്പമാണ്. മൊറോക്കോ ഗോൾ കീപ്പർ യാസീൻ ബോനുവിന്‍റെ സെൽഫ് ഗോളിലൂടെ (10ാം മിനിറ്റിൽ) ഹെയ്ത്തിലാണ് ആദ്യം ലീഡെടുത്തത്. 39ാം മിനിറ്റിൽ അഷ്ഫറ് ഹക്കീമി മൊറോക്കോയെ ഒപ്പമെത്തിച്ചു. 43ാം മിനിറ്റിൽ വിൽസൺ ഇസിഡോറിലൂടെ ഹെയ്ത്തി വീണ്ടും മുന്നിലെത്തിയെങ്കിലും ഇൻജുറി ടൈമിൽ ഇസ്മാഈൽ സൈബരി (45+1) മൊറോക്കോക്കായി വലകുലുക്കി.

Tags:    
News Summary - Vinicius double puts Brazil ahead against Scotland

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.