ലേഖകൻ ലുസൈൽ സ്റ്റേഡിയത്തിൽ

2022 ഫിഫ ലോകകപ്പ് എനിക്ക് ഒരു ടൂർണമെന്റ് മാത്രമായിരുന്നില്ല, വർഷങ്ങളായി മനസ്സിൽ കൊണ്ടുനടന്ന സ്വപ്നത്തിന്റെ സാക്ഷാത്കാരമായിരുന്നു. ലോകകപ്പ് ഖത്തറിൽ വരുമെന്നറിഞ്ഞ നാൾ മുതൽ, ഒരു മത്സരമെങ്കിലും നേരിൽ കാണണമെന്ന ആഗ്രഹം ശക്തമായി. അതിന്റെ തുടർച്ചയിലാണ് കുവൈത്തിൽ നിന്ന് കാൽപന്തുകളി സ്നേഹികളായ അനൂപിന്റെയും ബിനൂപിന്റെയും കൂടെ ഖത്തറിലേക്ക് യാത്ര തിരിച്ചത്.

 

ശ്യാം പ്രസാദ്

ഫുട്ബാളിന്റെ ഏറ്റവും വലിയ മഹോത്സവം നേരിൽ അനുഭവിക്കാമെന്നത് അന്നുവരെ ചിന്തയിൽ പോലും ഇല്ലായിരുന്നു. എന്നാൽ ജീവിതത്തിലെ ഏറ്റവും അവിസ്മരണീയമായ ഫുട്ബാൾ നിമിഷങ്ങളിലൊന്ന് കാലം എനിക്കായി കാത്തുവെച്ചിരുന്നു. ഓരോ അണുവിലും ഫുട്ബാളിന്റെ സ്പന്ദനം വ്യക്തതയോടെ തെളിഞ്ഞ, ആഗോള ഫുട്ബാൾ ഉത്സവവേദിയായി മാറിയ ഖത്തറിലേക്കാണ് ഞങ്ങൾ ചെന്നെത്തിയത്. അത്യാധുനിക സ്റ്റേഡിയങ്ങൾ, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ ആരാധകരുടെ ആവേശം, വൈവിധ്യമാർന്ന സംസ്കാരങ്ങളുടെ മനോഹര സംഗമം ഇതെല്ലാം ഒരുമിച്ചയിടം.

ഞങ്ങൾക്ക് രണ്ട് മത്സരങ്ങൾക്കാണ് ടിക്കറ്റ് കിട്ടിയിരുന്നത്. ആദ്യത്തേത് ബെൽജിയം –കാനഡ മത്സരം. എന്നാൽ അതിലേറെ ആകാംക്ഷയോടെ കാത്തിരുന്നത് നവംബർ 24ലെ ബ്രസീൽ – സെർബിയ പോരാട്ടമായിരുന്നു. ഒരു കടുത്ത ബ്രസീൽ ആരാധകനെന്ന നിലയിൽ, കാനറിപ്പടയെ ലോകകപ്പ് വേദിയിൽ നേരിൽ കാണുക എന്നത് വർഷങ്ങളായി മനസ്സിൽ സൂക്ഷിച്ചിരുന്ന സ്വപ്നമായിരുന്നു.

മത്സരദിനത്തിൽ ലുസൈൽ ഐകോണിക് സ്റ്റേഡിയത്തിലേക്കുള്ള യാത്ര തന്നെ ഒരു അനുഭവമായിരുന്നു. ദൂരത്തുനിന്ന് സ്വർണപ്രകാശത്തിൽ തിളങ്ങിനിന്ന സ്റ്റേഡിയം. സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തുന്ന ആരാധകരുടെ പ്രവാഹം, വിവിധ രാജ്യങ്ങളുടെ പതാകകൾ, മഞ്ഞ ജേഴ്സികളണിഞ്ഞ ബ്രസീൽ ആരാധകരുടെ ആവേശം, എല്ലാം ചേർന്ന കാർണിവൽ അന്തരീക്ഷം.

ഡ്രമ്മുകളുടെ താളം, ആരാധകരുടെ ഗാനങ്ങൾ, വിവിധ ഭാഷകളിൽ ഉയർന്ന ആർപ്പുവിളികൾ... ഗാലറിയിലേക്ക് പ്രവേശിച്ചപ്പോൾ കണ്ണുകൾക്കുമുന്നിൽ വിരിഞ്ഞത് ലോകത്തിലെ ഏറ്റവും മനോഹരമായ ഫുട്ബാൾ വേദികളിലൊന്ന്. പൂർണമായി നിറഞ്ഞ സ്റ്റാൻഡുകളും പച്ചപ്പാർന്ന ഗ്രൗണ്ടും ഒരുമിച്ച് കണ്ട ആ നിമിഷത്തിൽ കണ്ണുനിറഞ്ഞു.

നെയ്മർ ഗ്രൗണ്ടിൽ ഇറങ്ങുന്ന ദൃശ്യങ്ങൾ ബിഗ് സ്ക്രീനിൽ തെളിഞ്ഞതോടെ സ്റ്റേഡിയം ആവേശത്തിലായി. ആരാധകരുടെ ആർപ്പുവിളികൾ മുഴങ്ങി. ആയിരക്കണക്കിന് മൊബൈൽ ഫോണുകൾ ഒരേസമയം ഉയർന്നു, ആ നിമിഷം ക്യാമറകളിൽ പകർത്താനുള്ള ശ്രമത്തിലായിരുന്നു എല്ലാവരും. പിറകെ ബ്രസീലിന്റെ ആദ്യ ഗോൾ സ്റ്റേഡിയത്തിൽ ആവേശത്തിന്റെ തിരമാല സൃഷ്ടിച്ചു.

എന്നാൽ ആ രാത്രി ചരിത്രത്തിൽ അടയാളപ്പെടുത്തിയത് 73ാം മിനിറ്റിൽ പിറന്ന രണ്ടാമത്തെ ഗോളായിരുന്നു. ഇടത് വിങ്ങിൽ നിന്ന് വിനീഷ്യസ് ജൂനിയർ നൽകിയ കട്ട് ബാക്ക് പാസ് സ്വീകരിച്ച റിച്ചാർലിസൺ, ഒരു ടച്ചിൽ പന്ത് ഉയർത്തി മനോഹരമായ ബൈസിക്കിൾ കിക്ക് തൊടുത്തു.

അപ്രതീക്ഷിതമായി ആ പന്ത് ഗോൾ പോസ്റ്റിലേക്ക് തീയുണ്ട പോലെ കയറുമ്പോൾ ഗോൾകീപ്പർ മിലിങ്കോവിച്ച് സാവിച്ച് നിസ്സഹായനായിരുന്നു. ഒരു നിമിഷം സ്റ്റേഡിയം നിശ്ശബ്ദമായതുപോലെ തോന്നി. പിന്നീടുണ്ടായത് വാക്കുകൾക്ക് അതീതമായ പൊട്ടിത്തെറി. ബ്രസീൽ ബെഞ്ച് മുഴുവൻ ഗ്രൗണ്ടിലേക്ക് ഓടിയെത്തി. ഗാലറികളിൽ കാണികൾ തീർത്ത തിരമാലകൾ സ്റ്റേഡിയത്തിന്റെ ഒരു അറ്റത്ത് നിന്ന് മറ്റേ അറ്റത്തേക്ക് തുടർച്ചയായി അലയടിച്ചു. ആർപ്പുവിളികൾ ലുസൈൽ സ്റ്റേഡിയത്തെ പ്രകമ്പനം കൊള്ളിച്ചു. ആ നിമിഷത്തിൽ ഞാനും ആഹ്ലാദത്തിന്റെ തിരമാലയിൽ ലയിച്ചുപോയി.

പിന്നീട്, റിച്ചാർലിസണിന്റെ അതുല്യ ബൈസിക്കിൾ കിക്ക് 2022 ഫിഫ ലോകകപ്പിലെ ഏറ്റവും മികച്ച ഗോളായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ, ആ ചരിത്രനിമിഷത്തിന് സാക്ഷിയാകാൻ കഴിഞ്ഞതിന്റെ അഭിമാനം മനസ്സിൽ നിറഞ്ഞു. ലോകകപ്പ് ചരിത്രത്തിലെ ഒരു അനശ്വര നിമിഷത്തിന് സാക്ഷിയാകാൻ കഴിഞ്ഞത് ഇന്നും ഏറ്റവും വലിയ ഓർമ്മകളിലൊന്നാണ്.

Tags:    
News Summary - Brazilian night in Lusail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.