16 വർഷത്തെ ഇടവേളക്ക് ശേഷം കമ്യൂണിറ്റി ഷീൽഡിൽ ലിവർപൂൾ മുത്തം

16 വർഷത്തെ ഇടവേളക്ക് ശേഷം കമ്യൂണിറ്റി ഷീൽഡിൽ കിരീടം നേടി ലിവർപൂൾ. ശനിയാഴ്ച കിങ് പവർ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിയെ 3-1നാണ് തകർത്തത്. ട്രെന്റ് അലക്‌സാണ്ടർ അർനോൾഡ്, മുഹമ്മദ് സലാഹ്, ഡാർവിൻ നൂനെസ് എന്നിവരാണ് ലിവർപൂളിനായി വല കുലുക്കിയത്. ജൂലിയൻ അൽവാരസാണ് സിറ്റിയുടെ ആശ്വാസ ഗോൾ നേടിയത്. കമ്യൂണിറ്റി ഷീൽഡ് കൂടി നേടിയതോടെ യു.കെയിലെ എല്ലാ ആഭ്യന്തര കിരീടങ്ങളും നേടിയ പരിശീലകനെന്ന നേട്ടം ലിവർപൂളിന്റെ യുർഗൻ ക്ലോപ്പിന് സ്വന്തമായി.

ട്രെന്റ് അലക്‌സാണ്ടറിലൂടെ 21ാം മിനിറ്റില്‍ റെഡ്‌സ് ആദ്യ ഗോള്‍ നേടി. തിരിച്ചടിക്കാനുളള സിറ്റിയുടെ ശ്രമങ്ങളൊന്നും ആദ്യ പകുതിയിൽ ഫലം കണ്ടില്ല. ഗോള്‍ നേടാന്‍ മികച്ച അവസരങ്ങള്‍ ലഭിച്ചെങ്കിലും മുന്നേറ്റ നിര പാഴാക്കി. രണ്ടാം പകുതിയില്‍ പകരകാരനായെത്തിയ ജൂലിയന്‍ അല്‍വാരസ് 70ാം മിനിറ്റില്‍ സിറ്റിക്കായി സമനില ഗോള്‍ നേടി. എന്നാല്‍, 83ാം മിനിറ്റില്‍ റൂബന്‍ ഡയസിന്റെ ഹാൻഡ് ബാളിന് ലഭിച്ച പെനാല്‍റ്റി മുഹമ്മദ് സലാഹ് ലക്ഷ്യത്തിലേത്തിച്ചതോടെ സിറ്റി തളർന്നു. മികച്ച മുന്നേറ്റങ്ങളോടെ സമനില നേടാന്‍ സിറ്റി ശ്രമിച്ചെങ്കിലും ലിവര്‍പൂളിന്റെ ശക്തമായ പ്രതിരോധം ഭേദിക്കാനായില്ല. 94ാം മിനിറ്റില്‍ ഡാര്‍വിന്‍ നൂനെസിന്റെ ഗോള്‍ കൂടി വന്നതോടെ സിറ്റിയുടെ പതനം പൂർത്തിയായി.

58 ശതമാനം ബാൾ പൊസിഷനോടെ മികച്ച മുന്നേറ്റങ്ങൾ നടത്തിയ സിറ്റി തൊടുത്ത 14 ഷോട്ടുകളില്‍ എട്ടെണ്ണം ടാര്‍ഗറ്റിലേക്കായിരുന്നു. മറുവശത്ത് 15 ഷോട്ടുകള്‍ എടുത്ത ലിവര്‍പൂള്‍ നാല് ഓണ്‍ ടാര്‍ഗറ്റ് ഷോട്ടില്‍ മൂന്നും ഗോളാക്കി.

Tags:    
News Summary - Liverpool win Community Shield after 16-years

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.