മെസ്സിയുടെ പത്താം നമ്പർ ജഴ്സി ഇനി ഈ 21-കാരന് സ്വന്തം! പക്ഷേ കൈമാറാൻ ഒരൊറ്റ നിബന്ധന മാത്രം; അർജന്റീനയുടെ പുതിയ തീരുമാനത്തിന് പിന്നിൽ

ലയണൽ മെസ്സി അന്താരാഷ്ട്ര ഫുട്ബാളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചതോടെ, ഡീഗോ മറഡോണയ്ക്കും മെസ്സിക്കും ശേഷം അർജന്റീനയുടെ ചരിത്രപ്രസിദ്ധമായ ആ പത്താം നമ്പർ ജഴ്സി ആര് അണിയുമെന്ന കാര്യത്തിൽ വലിയ ആകാംക്ഷയിലായിരുന്നു ഫുട്ബാൾ ലോകം. എന്നാൽ അർജന്റീനിയൻ ടീം മാനേജ്‌മെന്റ് ആ വലിയ ഉത്തരവാദിത്തം ഏൽപ്പിക്കാൻ പോകുന്ന കളിക്കാരനെ കണ്ടെത്തിക്കഴിഞ്ഞെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. അർജന്റീനയുടെ ഭാവി വാഗ്ദാനവും 21-കാരനുമായ ആക്രമണകാരിയായ മിഡ്‌ഫീൽഡർ നിക്കോ പാസ് ആണ് മെസ്സിക്ക് ശേഷം ആ ഭാഗ്യം തുണക്കാൻ പോകുന്ന താരം. എന്നാൽ ഈ ജഴ്സി കൈമാറ്റത്തിന് അർജന്റീന മാനേജ്‌മെന്റ് ഒരു പ്രധാന നിബന്ധന മുന്നോട്ടുവെച്ചിട്ടുണ്ട്. നിലവിലെ പരിശീലകൻ ലിയോണൽ സ്കലോണി ടീമിനൊപ്പം പുതിയ കരാർ ഒപ്പുവെച്ച് പരിശീലകസ്ഥാനത്ത് തുടരുകയാണെങ്കിൽ മാത്രമേ നിക്കോ പാസിന് ഈ ചരിത്രപരമായ പത്താം നമ്പർ ജഴ്സി ഔദ്യോഗികമായി ലഭിക്കൂ.

ഇഎസ്പിഎൻ അർജന്റീനയുടെ മാധ്യമപ്രവർത്തകൻ ഫെദറിക്കോ ബ്യൂണോ നൽകുന്ന വിവരമനുസരിച്ച്, സ്കലോണിയുമായി പുതിയ കരാർ ചർച്ചകൾ വരും മാസങ്ങളിൽ നടക്കാനിരിക്കുകയാണ്. സ്കലോണി തുടരുമെന്ന് ഉറപ്പായാൽ, നിലവിൽ അർജന്റീനയ്ക്കായി 18-ാം നമ്പർ ജഴ്സിയിൽ 11 മത്സരങ്ങൾ കളിച്ച നിക്കോ പാസ് മെസ്സിയുടെ പത്താം നമ്പരിലേക്ക് ഔദ്യോഗികമായി മാറും. റയൽ മഡ്രിഡ് അക്കാദമിയിലൂടെ വളർന്നുവന്ന നിക്കോ പാസ്, നിലവിൽ ഇറ്റാലിയൻ ക്ലബ്ബായ കോമോയ്ക്ക് വേണ്ടിയാണ് പന്തുതട്ടുന്നത്. മുൻ അർജന്റീനിയൻ താരം പാബ്ലോ പാസിന്റെ മകനായ ഈ യുവതാരം സീരി എയിൽ സെസ്ക് ഫാബ്രേഗാസിന് കീഴിൽ കോമോയ്ക്കായി 77 മത്സരങ്ങളിൽ നിന്ന് 19 ഗോളുകൾ നേടി തകർപ്പൻ പ്രകടനമാണ് പുറത്തെടുത്തത്. എൻസോ ഫെർണാണ്ടസ്, അലക്സിസ് മാക് അലിസ്റ്റർ തുടങ്ങിയ പ്രമുഖർ ടീമിലുണ്ടായിട്ടും, അർജന്റീനയുടെ ഭാവി തലമുറയെ നയിക്കാൻ പാസിന് സാധിക്കുമെന്ന ആത്മവിശ്വാസമാണ് ഈ നിർണായക തീരുമാനത്തിന് പിന്നിൽ.

2026 ലോകകപ്പ് ഫൈനലിൽ സ്പെയിനോടേറ്റ തോൽവിക്ക് പിന്നാലെ തന്‍റെ പ്രിയപ്പെട്ട പിതാവിന്‍റെ മരണം കൂടി വന്നതോടെയാണ് 207 മത്സരങ്ങളും 125 ഗോളുകളും അർജന്റീനയ്ക്കായി നേടിയ മെസ്സി തന്റെ വിരമിക്കൽ പ്രഖ്യാപിച്ചത്. നിലവിൽ സ്കലോണിയുടെ കരാർ പുതുക്കലുമായി ബന്ധപ്പെട്ട തീരുമാനം ഔദ്യോഗികമായി പുറത്തുവന്നിട്ടില്ലെങ്കിലും, അദ്ദേഹം തുടരുകയാണെങ്കിൽ ഫുട്ബോൾ ലോകത്തെ ഏറ്റവും ഭാഗ്യവും ബാധ്യതയുമേറിയ ആ പത്താം നമ്പർ ഇനി നിക്കോ പാസിന്റെ മുതുകിലുണ്ടാകും.

Tags:    
News Summary - Nico Paz to Inherit Messi's Iconic Number 10 Jersey for Argentina Under Scaloni

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.