യുവേഫ ചാമ്പ്യൻസ് ലീഗിന് ഇന്ന് കിക്കോഫ്; ഉദ്ഘാടന മത്സരത്തിൽ റയൽ മാഡ്രിഡും ഇന്റർ മിലാനും നേർക്കുനേർ
ലണ്ടൻ: യൂറോപ്പിൽ ദേശീയ ലീഗുകൾ ചൂടുപിടിക്കവെ ലോകത്തെ ഏറ്റവും വലിയ ക്ലബ് ഫുട്ബാൾ ടൂർണമെന്റായ യുവേഫ ചാമ്പ്യൻസ് ലീഗ് 2026-27ലെ പോരാട്ടങ്ങൾക്കും തുടക്കമാകുന്നു. സെപ്റ്റംബർ എട്ടു മുതൽ 2027 ജൂൺ അഞ്ച് വരെ നീളുന്ന ടൂർണമെന്റിൽ 36 ടീമുകൾ പങ്കെടുക്കും. ആദ്യ ദിനം തന്നെ വമ്പന്മാർ നേർക്കുനേർ വരുന്നുണ്ട്. ചൊവ്വാഴ്ച റയൽ മഡ്രിഡിനെ ഇന്റർ മിലാനും മാഞ്ചസ്റ്റർ സിറ്റിയെ പോർട്ടോയും നേരിടും. റയൽ, സിറ്റി, ബയേൺ മ്യൂണിക്, ബാഴ്സലോണ തുടങ്ങിയവരാണ് ഇത്തവണയും കിരീട സാധ്യതയിൽ മുന്നിൽ. കഴിഞ്ഞ രണ്ടു തവണയും ചാമ്പ്യന്മാരായ പാരിസ് സെന്റ് ജെർമെയ്ൻ ഹാട്രിക് ലക്ഷ്യമിട്ടാണ് വരുന്നത്. ബുധനാഴ്ച ബാഴ്സലോണയുമായി ഫെയ്നൂർദും ലിവർപൂളുമായി അത്ലറ്റികോ മഡ്രിഡും പി.എസ്.ജിയുമായി സ്ലോവൻ ബ്രാറ്റിസ്ലാവയും ഏറ്റുമുട്ടും. വ്യാഴാഴ്ച ബയേൺ മ്യൂണിക്, മാഞ്ചസ്റ്റർ യുനൈറ്റഡ് തുടങ്ങിയവരും ഇറങ്ങും. പോയന്റ് നിലയിലെ ആദ്യ എട്ട് സ്ഥാനക്കാർ നേരിട്ട് പ്രീക്വാർട്ടറിലെത്തും.
ഒമ്പതു മുതൽ 24 വരെ സ്ഥാനങ്ങളിലെത്തുന്നവരിൽ പ്ലേ ഓഫിലൂടെ എട്ട് ടീമുകളും അവസാന 16ൽ ഇടംപിടിക്കും. ഇറ്റിലിയിലെ കോമോ, നോർവേയിലെ വൈകിങ് എഫ്.കെ, ഓസ്ട്രിയയിലെ ലാസ്ക്, അസർബൈജാനിലെ സബാഹ് എഫ്.കെ എന്നിവർ ഇക്കുറി ചാമ്പ്യൻസ് ലീഗിൽ അരങ്ങേറും.
റയൽ Vs ഇന്റർ
റയൽ മഡ്രിഡിന്റെ തട്ടകമായ സാന്റിയാഗോ ബെർണബ്യൂവിലാണ് ഇന്ത്യൻ സമയം അർധരാത്രി 12.30ന് ഇന്റർ മിലാനെതിരായ കളി. സ്പെയിനിലെയും ഇറ്റലിയിലെയും ഹെവിവെയ്റ്റുകളും മുൻ ജേതാക്കളുമായ ടീമുകൾ ഉദ്ഘാടന ദിനം തന്നെ മുഖാമുഖമെത്തുന്നത് ചാമ്പ്യൻസ് ലീഗിന്റെ ആവേശമേറ്റും. ഇന്ററിനെ മുമ്പ് പരിശീലിപ്പിച്ച ഹൊസെ മൗറീന്യോയുടെ തന്ത്രങ്ങളുമായാണ് റയൽ ഇറങ്ങുന്നത്. സ്പാനിഷ് ലാലിഗയിലെ കഴിഞ്ഞ മത്സരത്തിൽ റയൽ ബെറ്റിസിനോട് അപ്രതീക്ഷിത തോൽവി വഴങ്ങിയിരുന്നു ഇവർ. മധ്യനിരയിലെ എഡ്വേർഡോ കാമവിംഗ, ബെർണാഡോ സിൽവ, അർദ ഗുലർ എന്നിവർ വിലക്ക് കാരണം കളിക്കില്ല.
കിലിയൻ എംബാപ്പെ, വിനീഷ്യസ് ജൂനിയർ, ജൂഡ് ബെല്ലിങ്ഹാം എന്നിവരടങ്ങുന്ന മുന്നേറ്റനിരയിലാണ് ടീമിന്റെ പ്രതീക്ഷ. മികച്ച ഫോമിലുള്ള ഇന്റർ, കഴിഞ്ഞ സീരി എ മത്സരത്തിൽ നാപ്പോളിയെ 3-2ന് തോൽപിച്ച ആത്മവിശ്വാസത്തിലാണ്. ലൗതാരോ മാർട്ടിനസ്-മാർക്കസ് തുറാം സഖ്യം റയൽ പ്രതിരോധത്തിന് വലിയ ഭീഷണിയാകും.
പോർട്ടോ Vs സിറ്റി
പോർചുഗലിലെ എസ്റ്റാഡിയോ ഡോ ഡ്രാഗോയിലാണ് പോർട്ടോ-മാഞ്ചസ്റ്റർ സിറ്റി പോരാട്ടം നടക്കുന്നത്. പുതിയ ഹെഡ് കോച്ച് എൻസോ മരസ്കെക്കുകീഴിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മികച്ച തുടക്കം ലഭിച്ച സിറ്റിയും ഫ്രാൻസെസ്കോ ഫാരിയോളിയുടെ ശിക്ഷണത്തിൽ പോർചുഗീസ് ലീഗിൽ ഫോമിലുള്ള പോർട്ടോയും ഏറ്റുമുട്ടുമ്പോൾ മത്സരം കടുപ്പമേറിയതാകും. സൂപ്പർ സ്ട്രൈക്കർ എർലിങ് ഹാലൻഡ് സിറ്റിയുടെ മുന്നേറ്റനിരയെ നയിക്കും. മധ്യനിരയിൽ ഫിൽ ഫോഡൻ, പ്രതിരോധത്തിൽ റിക്കോ ലൂയിസ്, റൂബൻ ഡയസ് എന്നിവർ ആദ്യ ഇലവനിൽ സ്ഥാനം പിടിച്ചേക്കും. പരിക്കേറ്റ മിഡ്ഫീൽഡർ വിക്ടർ ഫ്രോഹോൾട്ടിന്റെ സാന്നിധ്യം അനിശ്ചിതത്വത്തിലാണ്. ഗോൾ കീപ്പർ ഡിയോഗോ കോസ്റ്റ, സ്ട്രൈക്കർമാരായ ആന്ദ്രെ സിൽവ, പെപ്പെ തുടങ്ങിയ പ്രമുഖർ പോർട്ടോ സ്ക്വാഡിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.