ലയണൽ മെസ്സി
ലിയോ നിനക്കുവേണ്ടി ഈ 10ാം മിനിറ്റ്; ലയണൽ മെസ്സിക്ക് ആദരവുമായി അർജന്റീന ടീമുകൾ
ബ്വേനസ് എയ്റിസ്: തങ്ങളുടെ എക്കാലത്തെയും ഇതിഹാസ താരത്തിന്റെ വിരമിക്കൽ തീരുമാനത്തിന് ഏറ്റവും മനോഹരമായ ആദരവുമായി അർജന്റീന ഫുട്ബാൾ അസോസിയേഷൻ.
തിങ്കളാഴ്ച വിരമിക്കൽ പ്രഖ്യാപിച്ച് അർജന്റീന ജഴ്സി അഴിച്ചുവെച്ച മെസ്സിക്കുള്ള ആദരവായി രാജ്യത്തെ മുഴുവൻ പുരുഷ-വനിതാ മത്സരങ്ങളുടെയും പത്താം മിനിറ്റിനെ മാറ്റുകയാണ് എ.എഫ്.എ. ക്ലബുകളുടെയും ദേശീയ ടീമുകളുടെയും വരാനിരിക്കുന്ന ആദ്യ മത്സരത്തിലെ പത്താം മിനിറ്റിൽ ഒരു നിമിഷം കളി നിർത്തി മെസ്സിക്ക് ഹൃദയംകൊണ്ട് ആദരവർപ്പിക്കാനാണ് തീരുമാനം. ഇതിഹാസ താരം അണിഞ്ഞ് അതുല്യമാക്കിയ പത്താം നമ്പർ ജഴ്സിയോടുള്ള ആദരവായാണ് ഈ വേറിട്ട ചുവടുവെപ്പ്.
എ.എഫ്.എ തീരുമാനത്തിനു പിന്നാലെ, നടന്ന അർജന്റീന കപ്പ് മത്സരത്തിൽ ബൊക ജൂനിയേഴ്സും -വെലസ് സാർസ്ഫീൽഡും ഏറ്റുമുട്ടിയ കളിയുടെ പത്താം മിനിറ്റിൽ മത്സരം ഏതാനും നിമിഷത്തേക്ക് അവസാനിപ്പിച്ച് മെസ്സിക്ക് ആദരവർപ്പിച്ചു. ഗാലറിയിലെ ആരാധകർ ഒന്നടങ്കം എഴുന്നേറ്റ് നിന്നപ്പോൾ, മൈതാനത്ത് മെസ്സിയുടെ അടുത്ത കൂട്ടുകാരായ ലിയാൻഡ്രോ പരെഡെസും മാനുവൽ ലാൻസിനിയുമെല്ലാം ടീം അംഗങ്ങൾക്കൊപ്പം അണിനിരന്നു.
മെസ്സി മിലാനിസ; തീൻമേശയിലും സൂപ്പർതാരം
ഇഷ്ടതാരം കളി മതിയാക്കി പടിയിറങ്ങാൻ തീരുമാനിച്ചപ്പോൾ പലവിധത്തിലാണ് ആരാധകർ തങ്ങളുടെ സ്നേഹം പ്രകടിപ്പിക്കുന്നത്. അതിൽ കഴിഞ്ഞ ദിവസം വാർത്തകളിൽ നിറഞ്ഞത് ബ്വേനസ് എയ്റിസിലെ ഒരു റസ്റ്റാറന്റിൽ തയാറാക്കിയ വിശിഷ്ട വിഭവമാണ്. അർജന്റീന ഉൾപ്പെടെ ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ ജനപ്രിയ വിഭവമായ മിലാനിസയാണ് താരം.
ലയണൽ മെസ്സിയുടെ മാതൃകയിൽ നിർമിച്ച മിലാനിസ
ലയണൽ മെസ്സിക്ക് ഏറ്റവും പ്രിയങ്കരമായ വിഭവം എന്ന നിലയിൽ പേരുകേട്ട മിലാനിസ, മെസ്സിയുടെ മുഖത്തിന്റെ മാതൃകയിൽ തയാറാക്കിയാണ് ഷെഫ് ഡാമിയൻ സനോട്ടി വാർത്തകളിൽ ഇടം നേടിയത്. അരിഞ്ഞെടുത്ത ഇറച്ചിയും ബ്രഡും മസാലയും മുട്ടയും ചേർത്ത് തയാറാക്കി പൊരിച്ചെടുക്കുന്ന മിലാനിസയെ മെസ്സിയുടെ മാതൃകയിലാണ് സനോട്ടി തീൻമേശയിലെത്തിച്ചത്. തയാറാക്കുന്ന വിഡിയോയും സമൂഹ മാധ്യമങ്ങളിൽ തരംഗമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.