മെസ്സിയുടെ പേരിലെ തട്ടിപ്പ്; പുറം സ്ഥാപനങ്ങളിൽ നിന്നും സ്പോൺസറുടെ അക്കൗണ്ടിലെത്തിയത് രേഖകളില്ലാത്ത 206 കോടി

തിരുവനന്തപുരം: ഫുട്ബാൾ ഇതിഹാസം ലയണൽ മെസ്സിയെ കേരളത്തിലെത്തിക്കാമെന്ന വാഗ്ദാനത്തിന്റെ മറവിൽ നടന്ന വൻ സാമ്പത്തിക ക്രമക്കേടിൽ കൂടുതൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. മെസ്സിയുടെ വരവിന്റെ പേരിൽ സ്പോൺസർ വൻതോതിൽ പണസമാഹരണം നടത്തിയത് ജിഎസ്ടി വകുപ്പ് കണ്ടെത്തി. സ്പോൺസറുടെ അക്കൗണ്ടിലേക്ക് രണ്ട് പുറം സ്ഥാപനങ്ങളിൽ നിന്നായി 206 കോടിയോളം രൂപ എത്തിയതായും, ഈ പണം സ്പോൺസറുടേത് അല്ലെന്നും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

ഈ ഭീമമായ തുക വായ്പയായി നൽകിയതാണെന്ന് സമർത്ഥിക്കാൻ ആവശ്യമായ യാതൊരുവിധ രേഖകളും ലഭ്യമാക്കിയിട്ടില്ല. കൂടാതെ, ഇത്രയും വലിയ തുകയ്ക്ക് കൃത്യമായ നികുതി രേഖകളോ വിവരങ്ങളോ ഇല്ലെന്നത് തട്ടിപ്പിന്റെ ആഴം കൂട്ടുന്നു. അക്കൗണ്ടിലേക്ക് പണമെത്തിയ തൊട്ടടുത്ത നിമിഷങ്ങളിൽ തന്നെ അത് മറ്റ് അക്കൗണ്ടുകളിലേക്ക് വേഗത്തിൽ വകമാറ്റി കൈമാറ്റം ചെയ്തതായും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.

അടിമുടി ദുരൂഹത നിറഞ്ഞ ഇത്തരം പണമിടപാടുകളിൽ വിദേശനാണ്യ നിരോധന നിയമമായ ഫെമ ഉൾപ്പെടെ ലംഘിക്കപ്പെട്ടിട്ടുണ്ടോ എന്ന് വിപുലമായ തലത്തിൽ പരിശോധിച്ച് അന്വേഷിക്കേണ്ടതുണ്ട്. സ്പോൺസറുടെ അക്കൗണ്ട് ഒരു ഇടനില അക്കൗണ്ടായി മാത്രമാണോ പ്രവർത്തിച്ചത് എന്നും സംശയിക്കുന്നു. കേസിന്റെ ഗൗരവം കണക്കിലെടുത്ത്, കേന്ദ്ര ഏജൻസിയുടെ വിശദമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ബാങ്ക് അക്കൗണ്ട് വിവരങ്ങൾ അടങ്ങിയ റിപ്പോർട്ട് ജിഎസ്ടി പ്രത്യേക അന്വേഷണ സംഘം സമർപ്പിച്ചു.

Tags:    
News Summary - GST-SIT Probe Reveals Rs 206 Crore Deposited in Sponsor Account in Lionel Messi Event Controversy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.