റയൽ മഡ്രിഡിന്റെ വിനീഷ്യസ് ജൂനിയർ, ജൂഡ് ബെല്ലിങ്ഹാം, കിലിയൻ എംബാപ്പെ എന്നിവർ
മഡ്രിഡ്: ഒരു കോളത്തിലും ഒതുക്കാനാവാത്ത പരിശീലകൻ. ഒറ്റ വിശേഷണത്തിലോ, ഫുട്ബാൾ ടാക്റ്റിക്കുകളുടെ ഏതെങ്കിലും റൂൾ ബുക്കിലോ പൂർത്തിയാക്കാനാവാത്ത തന്ത്രജ്ഞൻ. ഫുട്ബാൾ ആരാധകർക്കും താരങ്ങൾക്കും മാനേജ്മെന്റിനും ഡ്രസ്സിങ് റൂമിലെയും ടച്ച് ലൈനിലെയും ഒറ്റയാനാണ് കോച്ച് ഹൊസെ മൗറീന്യോ. ‘ദ സ്പെഷൽ വൺ’ എന്ന വിളിപ്പേരുപോലെത്തന്നെ ക്ലബ് ഫുട്ബാളിലെ സ്പെഷലായ പോർചുഗീസ് മുടിചൂടാമന്നൻ.
ഇടവേളക്കു ശേഷം യൂറോപ്പിലെ ടോപ് ടയർ ലീഗ് ഫുട്ബാൾ പോരാട്ടത്തിന്റെ മൈതാനമധ്യത്തിൽ മൗറീന്യോയെത്തുമ്പോൾ റയൽ മഡ്രിഡ് പ്രതീക്ഷകൾക്കും ഏറെ മുകളിലാണ്. എട്ടു വർഷം മുമ്പ് മാഞ്ചസ്റ്റർ യുനൈറ്റഡിനോട് ബൈ പറഞ്ഞിറങ്ങിയ ശേഷം ടോട്ടൻഹാം, എ.എസ് റോമ, ഫെനർബാഷെ, ബെൻഫിക തുടങ്ങിയ പല ക്ലബുകളിലും ലീഗുകളിലുമായി വട്ടംകറങ്ങിയ മൗറീന്യോ 63ാം വയസ്സിൽ വീണ്ടും റയൽ മഡ്രിഡിനൊപ്പം ചേരുമ്പോൾ കാൽപന്ത് മൈതാനിയിൽ വീണ്ടും താരസംഗമമാവുന്നു.
യുദ്ധക്കളത്തിലേക്കിറങ്ങും മുമ്പ് ആയുധങ്ങൾ രാകിമിനുക്കിയെടുത്ത പടയാളിയുടെ ശരീരഭാഷയിലാണ് കോച്ച് മൗറീന്യോ റയൽ ജഴ്സിയിലെ ആദ്യ വാർത്താ സമ്മേളനത്തിനായി വെള്ളിയാഴ്ചയെത്തിയത്. കഴിഞ്ഞ ഏതാനും ദിവങ്ങളിലായി അടച്ചിട്ട സ്റ്റേഡിയത്തിൽ കർശന ചിട്ടയിൽ പൂർത്തിയാക്കി പരിശീലന സെഷനു ശേഷം റയൽ മഡ്രിഡ് പോർക്കളത്തിലിറങ്ങുയാണ്. ശനിയാഴ്ച രാത്രിയിൽ റയൽ മഡ്രിഡ് എസ്പാന്യോളിനെ നേരിടുമ്പോൾ കോച്ചിനും ടീമിനും ഇത് സീസൺ ടേക് ഓഫ്.
വാർത്തസമ്മേളനത്തിൽ കോച്ച് തന്റെ നയം പ്രഖ്യാപിച്ചത് ഇങ്ങനെ. ടീമിനോടും മത്സരത്തോടുമുള്ള ഉറച്ച പ്രതിബദ്ധത, തീക്ഷ്ണമായ പോരാട്ടവീര്യം, മാച്ച് ആവശ്യപ്പെടുന്ന വിധം ടീമിനെ തെരഞ്ഞെടുക്കുമ്പോൾ നിരാശപ്പെട്ട് കലഹിക്കുന്ന കളിക്കാരെ വെച്ചുപൊറുപ്പിക്കില്ല. സ്വന്തം പടയാളികളോടും, എതിരാളികളോടുമുള്ള കോച്ചിന്റെ യുദ്ധ പ്രഖ്യാപനത്തിൽതന്നെയുണ്ട് കാര്യങ്ങൾ. കഴിഞ്ഞയാഴ്ച കിക്കോഫ് കുറിച്ച സ്പാനിഷ് ലാ ലിഗയിൽ റയൽ മഡ്രിഡ് തങ്ങളുടെ ആദ്യ മത്സരത്തിനിറങ്ങുമ്പോൾ കണ്ണുകളെല്ലാം കുമ്മായവരക്കു പുറത്തെ കാവൽക്കാരൻ കോച്ച് മൗറീന്യോയിലേക്കാവും. വാർത്തസമ്മേളനത്തിൽ 40 മിനിറ്റോളമാണ് മൗറീന്യോ സംസാരിച്ചത്. ട്രോഫികളില്ലാതെ ഉലഞ്ഞ സീസണുകൾക്കൊടുവിൽ ടീമിന് വിജയം നൽകാൻ നിശ്ചയിച്ചുറപ്പിച്ചിറങ്ങിയ പരിശീലകന്റെ നിശ്ചയദാർഢ്യം ഓരോ വാക്കിലുമുണ്ടായിരുന്നു.
താരാരാധനയല്ല; കൂട്ടുത്തരവാദിത്തം
കിലിയൻ എംബാപ്പെ, വിനീഷ്യസ് ജൂനിയർ, ജൂഡ് ബെല്ലിങ്ഹാം തുടങ്ങി ഓരോരുത്തർ വൻതാരങ്ങളായി മാറിയ നിരയിൽ കളിക്കാർക്കിടയിൽ വലുപ്പച്ചെറുപ്പമില്ലെന്നാണ് കോച്ചിന്റെ പ്രഖ്യാപനം. ടീം വിജയംതന്നെ പ്രധാനം, വ്യക്തിഗത നേട്ടങ്ങൾ രണ്ടാമതു മാത്രം.
‘‘ടീം എന്ന വികാരമാണ് ഒന്നാമാത്. വ്യക്തിഗത കാര്യങ്ങൾ പിന്നീട് മാത്രം. നാളെ ആദ്യ മത്സരത്തിനിറങ്ങുയാണ്. 15 പേരുമായി ഒരു മത്സരം ആരംഭിക്കാനാവില്ലെന്നത് സത്യമാണ്. അതുകൊണ്ട് ഞാൻ തെരഞ്ഞെടുക്കുന്ന ഏറ്റവും മികച്ച ടീമിൽ ഇടം പിടിക്കുന്നതിന് കളിക്കാർ കഠിനാധ്വാനം ചെയ്യേണ്ടിവരും. എളുപ്പമുള്ള തീരുമാനമല്ല, കടുത്ത തീരുമാനാണ് എനിക്കിഷ്ടം’’ -ഒരു ഹെഡ്മാസ്റ്ററുടെ കാർക്കശ്യത്തോടെ മൗറീന്യോ പറയുന്നു.
ലോകോത്തര താരങ്ങൾ ഒന്നിച്ച് മുന്നേറ്റ നിരയിലെത്തുമ്പോൾ അവരെ എങ്ങനെ കളിപ്പിക്കുമെന്ന ആശങ്കയും കോച്ച് മറച്ചുവെക്കാതെ പറയുന്നു.
‘ബ്രസീൽ വിനിയെയും, ഫ്രാൻസ് എംബാപ്പെയെയും, ഇംഗ്ലണ്ട് ബെല്ലിങ്ഹാമിനെയും കളിപ്പിക്കുന്നതു പോലെ, എനിക്ക് അവരെ ഓരോരുത്തരെ ചുറ്റിപ്പറ്റിയും ടീമിനെ ഒരുക്കാനാവില്ല. മൂവർക്കും പൊസിഷനൊരുക്കുക ബുദ്ധിമുട്ടാണ്. എങ്കിലും അവർക്കായൊരു പെർഫെക്ട് പ്ലാനുണ്ട്’ -മൗറീന്യോ പറയുന്നു. ടീമിലെ താരയുദ്ധവും താരത്തിളക്കവും മുതൽ കളിക്കാരുടെ ഈഗോയും പ്രതിഭാ ധാരാളിത്തവുമെല്ലാം ചൂടൻ കോച്ച് എങ്ങനെ കൈകാര്യം ചെയ്യുമെന്നതിനെ ആശ്രയിച്ചിരിക്കും റയലിന്റെ സീസൺ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.