ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ പുതിയ സീസണിന് തിരിതെളിഞ്ഞപ്പോൾ വമ്പന്മാരായ മാഞ്ചസ്റ്റർ യുണൈറ്റഡിന് ഞെട്ടിക്കുന്ന തോൽവിയോടെ തുടക്കം. ഒൻപത് വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം പ്രീമിയർ ലീഗിലേക്ക് പ്രൊമോഷൻ നേടി തിരിച്ചെത്തിയ ഹൾ സിറ്റിയാണ് 'ചുവന്ന ചെകുത്താന്മാരെ' അട്ടിമറിച്ചത്. സ്വന്തം തട്ടകമായ എം.കെ.എം സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു ഹൾ സിറ്റിയുടെ അവിശ്വസനീയ വിജയം. പരിക്കുമൂലം പ്രധാനപ്പെട്ട പത്ത് താരങ്ങളില്ലാതെയാണ് ഹൾ സിറ്റി കളത്തിലിറങ്ങിയതെങ്കിലും യുണൈറ്റഡിനെതിരെ തുടക്കം മുതൽ തന്നെ ആധിപത്യം പുലർത്താൻ അവർക്കായി.
സെറ്റ് പീസുകളിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രതിരോധം വരുത്തിയ വലിയ പിഴവുകളാണ് ഇരു ഗോളുകൾക്കും വഴിയൊരുക്കിയത്. പതിനേഴാം മിനിറ്റിൽ ലഭിച്ച കോർണർ കിക്കിൽ നിന്നുള്ള റീബൗണ്ട് വലയിലെത്തിച്ച് സെമി അജായിയാണ് ഹൾ സിറ്റിക്ക് ആദ്യ ലീഡ് നൽകിയത്. യുണൈറ്റഡ് ഗോൾകീപ്പർ സെൻ ലാംമെൻസിന്റെ പ്രതിരോധം മറികടന്നാണ് ഈ ഗോൾ പിറന്നത്. തുടർന്ന് മുപ്പത്തിയെട്ടാം മിനിറ്റിൽ റീഗൻ സ്ലേറ്റർ ബോക്സിലേക്ക് നൽകിയ മികച്ചൊരു ഫ്രീ കിക്ക് മനോഹരമായ ഹെഡറിലൂടെ നോബൽ മെൻഡി ലക്ഷ്യത്തിലെത്തിച്ചതോടെ യുണൈറ്റഡിന്റെ തോൽവി പൂർണ്ണമായി. ബ്രയാൻ എംബുമോയുടെയും മാറ്റിയസ് കുഞ്ഞയുടെയും മികച്ച ഷോട്ടുകൾ തടുത്തിട്ട അരങ്ങേറ്റ ഗോൾകീപ്പർ കോൺസ്റ്റാന്റിനോസ് സോലാകിസിന്റെ പ്രകടനവും ഹൾ സിറ്റിയുടെ ചരിത്ര വിജയത്തിൽ നിർണായക പങ്കുവഹിച്ചു.
കഴിഞ്ഞ സീസണിൽ പരാജയങ്ങളേറ്റുവാങ്ങിയ റൂബൻ അമോറിമിന് പകരം താൽക്കാലിക പരിശീലകനായി എത്തി ടീമിനെ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്യാൻ സഹായിച്ച മൈക്കൽ കാരിക്കിന്, സ്ഥിരം പരിശീലകനായുള്ള ആദ്യ മത്സരം കനത്ത തിരിച്ചടിയായി മാറിയിരിക്കുകയാണ്. പുതിയതായി ടീമിലെത്തിയ യൂറി ടിലമൻസ്, ആൻഡ്രെ സാന്റോസ് എന്നിവർക്ക് മധ്യനിരയിൽ കാര്യമായ ചലനമുണ്ടാക്കാനായില്ല. ലോൺ വ്യവസ്ഥയിൽ ബാഴ്സലോണയിലായിരുന്ന മാർക്കസ് റാഷ്ഫോർഡിനെ രണ്ടാം പകുതിയിൽ കളത്തിലിറക്കിയെങ്കിലും ഗോൾ കണ്ടെത്താൻ യുണൈറ്റഡിനായില്ല. പ്രീമിയർ ലീഗ് ചരിത്രത്തിലാദ്യമായാണ് പുതിയതായി സ്ഥാനക്കയറ്റം ലഭിച്ചെത്തുന്ന ഒരു ടീമിനോട് സീസണിലെ ആദ്യ മത്സരത്തിൽ തന്നെ മാഞ്ചസ്റ്റർ യുനൈറ്റഡ് പരാജയപ്പെടുന്നത് എന്ന നാണക്കേടിന്റെ ഭാരവും ഇതോടെ കാരിക്കിനും സംഘത്തിനും പേറേണ്ടിവരും.
അതേസമയം, പ്രീമിയർ ലീഗിലെ മറ്റൊരു ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ആഴ്സണൽ ഗംഭീര വിജയത്തോടെ തുടങ്ങി. ഫ്രാങ്ക് ലംപാർഡ് പരിശീലിപ്പിക്കുന്ന, പുതുതായി പ്രൊമോട്ട് ചെയ്യപ്പെട്ട കവൻട്രി സിറ്റിയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ഗണ്ണേഴ്സ് തകർത്തുവിട്ടത്. കായ് ഹവേർട്സ്, ബുകായോ സാക, മാർട്ടിൻ ഒഡേഗാർഡ് എന്നിവരാണ് ആഴ്സണലിനായി വലകുലുക്കിയത്. കിരീടം നിലനിർത്താനിറങ്ങിയ പീരങ്കിപ്പട തങ്ങളുടെ ആധിപത്യം വ്യക്തമാക്കുന്ന പ്രകടനമാണ് ആദ്യ പോരാട്ടത്തിൽ തന്നെ പുറത്തെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.