'90 മിനിറ്റിന് 70 കോടിയോ'? ഇന്ത്യ-ബ്രസീൽ മത്സരം ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്ത് ബൈച്ചുങ് ബൂട്ടിയ

കൊൽക്കത്ത: കോടിക്കണക്കിന് രൂപ ചെലവഴിച്ച് നടത്തുന്ന ഇന്ത്യ-ബ്രസീൽ ഫുട്ബാൾ സൗഹൃദ മത്സരം ബഹിഷ്കരിക്കാൻ ആരാധകരോട് ആഹ്വാനം ചെയ്ത് മുൻ ഇന്ത്യൻ ക്യാപ്റ്റൻ ബൈച്ചുങ് ബൂട്ടിയ. വെറും 90 മിനിറ്റ് നീളുന്ന ഒരു മത്സരത്തിനായി ഭീമമായ തുക പാഴാക്കുന്നതിന് പകരം, ആ പണം ബംഗാളിലെ കായികതാരങ്ങളുടെയും ഫുട്ബാൾ അടിസ്ഥാന സൗകര്യങ്ങളുടെയും വികസനത്തിനായി ഉപയോഗിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഫിഫ ആസിയാൻ കപ്പിൽ നിന്നും പിന്മാറി ഒക്ടോബർ 3-ന് കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലാണ് ഇന്ത്യ-ബ്രസീൽ മത്സരം ക്രമീകരിച്ചിരിക്കുന്നത്.

ഒരു സൗഹൃദ മത്സരത്തിനായി 50 മുതൽ 70 കോടി രൂപ വരെയാണ് ബ്രസീലിന് നൽകുന്നതെന്നും, ഇതിലൂടെ 90 മിനിറ്റ് വിനോദം മാത്രമാണ് ഇന്ത്യൻ ഫുട്ബാളിന് ലഭിക്കുന്നതെന്നും ഒരു സ്പോർട്സ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ബൂട്ടിയ ചൂണ്ടിക്കാട്ടി. എ.ഐ.എഫ്.എഫ് അധ്യക്ഷൻ കല്യാൺ ചൗബേ ബംഗാൾ സർക്കാരിനെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

"കഴിഞ്ഞ കോമൺവെൽത്ത് ഗെയിംസിൽ ബംഗാളിൽ നിന്ന് ഒരു അത്‌ലറ്റ് പോലും മെഡൽ നേടിയിട്ടില്ല. മത്സരത്തിനായി ചെലവാക്കുന്ന തുകയിൽ നിന്നും 30 കോടി രൂപ മാറ്റിവെച്ചാൽ അടുത്ത നാല് വർഷത്തിനുള്ളിൽ കോമൺവെൽത്ത് ഗെയിംസിൽ പത്ത് മെഡലുകൾ നേടാൻ സാധിക്കുന്ന താരങ്ങളെ വാർത്തെടുക്കാനാകും. കൂടാതെ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 100 സെവൻസ് ഫുട്സാൽ മൈതാനങ്ങൾ നിർമ്മിക്കാനും ഈ പണം ഉപകരിക്കും," ബൂട്ടിയ വ്യക്തമാക്കി. ഫിഫയുടെ അംഗീകാരമുള്ള ആസിയാൻ കപ്പിൽ കളിച്ചിരുന്നെങ്കിൽ ഇന്ത്യൻ താരങ്ങൾക്ക് കൂടുതൽ മികച്ച മത്സരപരിചയം ലഭിക്കുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഭീമമായ തുക ഒരു സൗഹൃദ മത്സരത്തിനായി വിപണിയിൽ നിന്ന് സമാഹരിക്കുന്നത് ആഭ്യന്തര ക്ലബ്ബുകളെ വലിയ പ്രതിസന്ധിയിലാക്കുമെന്നും മുൻ നായകൻ മുന്നറിയിപ്പ് നൽകി. "50 കോടിയോളം രൂപ വിപണിയിൽ നിന്ന് പോയാൽ സ്പോൺസർമാരെ ലഭിക്കാതെ ഈസ്റ്റ് ബംഗാൾ, മുഹമ്മദൻ സ്പോർട്ടിങ് തുടങ്ങിയ ക്ലബ്ബുകൾക്ക് അടുത്ത അഞ്ച് വർഷത്തോളം വലിയ സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരും" അദ്ദേഹം പറഞ്ഞു. ഐ.എസ്.എൽ ക്ലബ്ബുകൾ ഉൾപ്പെടെ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സമയത്താണ് ഇത്തരം ഒരു മത്സരത്തിനായി കോടികൾ ഒഴുക്കുന്നത്.

അതേസമയം, ബ്രസീലിനെതിരായ മത്സരം ഇന്ത്യൻ ഫുട്ബാളിന് ലഭിക്കുന്ന അപൂർവ്വ അവസരമാണെന്നും ദേശീയ ടീമിന് അത് വലിയ ആത്മവിശ്വാസം നൽകുമെന്നുമാണ് അഖിലേന്ത്യാ ഫുട്ബാൾ ഫെഡറേഷൻ്റെ വിശദീകരണം. തങ്ങളുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള ആരോപണങ്ങൾ നിഷേധിച്ച ഫെഡറേഷൻ, കൃത്യമായ നടപടിക്രമങ്ങളിലൂടെയാണ് മത്സരത്തിന് അനുമതി നൽകിയതെന്നും വ്യക്തമാക്കി. ബൂട്ടിയ ഉന്നയിക്കുന്ന സാമ്പത്തിക കണക്കുകൾക്ക് തെളിവ് നൽകാൻ ഒരു എ.ഐ.എഫ്.എഫ് ഭാരവാഹി പരസ്യമായി ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. സെപ്റ്റംബർ 21 മുതൽ ഒക്ടോബർ 6 വരെ നടക്കേണ്ടിയിരുന്ന ആസിയാൻ കപ്പും ബ്രസീൽ മത്സരവും ഒരേ സമയത്ത് വന്നതിനാലാണ് ടൂർണമെന്റിൽ നിന്നും ഇന്ത്യ പിന്മാറിയത്.

Tags:    
News Summary - Bhaichung Bhutia Urges Boycott of India-Brazil Match

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.