സന്തോഷ് ട്രോഫി: കോഴിക്കോടും കണ്ണൂരും വേദി

കോഴിക്കോട്: സന്തോഷ് ട്രോഫി ദേശീയ സീനിയർ പുരുഷ ചാമ്പ്യൻഷിപ്പിന്റെ 80ാം പതിപ്പിന് കേരളം ആതിഥേയത്വം വഹിക്കുമ്പോൾ കോഴിക്കോടും കണ്ണൂരും വേദിയൊരുങ്ങും. ജനുവരിയിലാണ് ഫൈനൽ റൗണ്ട് മത്സരങ്ങൾ. കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിലും കണ്ണൂർ ജവഹർ മുനിസിപ്പൽ സ്റ്റേഡിയത്തിലുമായാണ് മത്സരങ്ങൾ നടക്കുക. കൊച്ചിയും തൃശൂരും പരിഗണനയിലുണ്ടായിരുന്നെങ്കിലും മലബാറിലെ കളിയാരാധകരുടെ ഫുട്ബാൾ കമ്പവും ആവേശവും മറ്റു ഘടകങ്ങളും പരിഗണിച്ചാണ് കോഴിക്കോടും കണ്ണൂരും അവസാന പട്ടികയിൽ പെട്ടത്.

സന്തോഷ് ട്രോഫിക്ക് സന്നദ്ധരാണെന്നറിയിച്ച് കേരള ഫുട്ബാൾ അസോസിയേഷൻ അഖിലേന്ത്യാ ഫുട്‌ബാൾ ഫെഡറേഷന് (എ.ഐ.എഫ്.എഫ്) കത്തയച്ചിട്ടുണ്ട്. നവംബറിൽ രാജ്യത്തെ പലഭാഗങ്ങളിലായി യോഗ്യതാ റൗണ്ടുകൾ നടക്കും. പത്ത് ഗ്രൂപ്പുകളിലായാണ് മത്സരം. റണ്ണറപ്പുകളായതിനാൽ കേരളത്തിന് യോഗ്യതാ റൗണ്ട് കളിക്കാതെ നേരിട്ട് ഫൈനൽ റൗണ്ടിലെത്താം. ചാമ്പ്യന്മാരായ സർവിസസ് ഉൾപ്പെടെ 12 ടീമുകളാണ് അന്തിമ പോരാട്ടത്തിനിറങ്ങുക. അവസാന രണ്ടു സീസണിലും കേരളം ഫൈനലിൽ തോറ്റിരുന്നു. ഏഴുതവണ ചാമ്പ്യന്മാരായിട്ടുണ്ട്. 15ാം തവണയാണ് കേരളം സന്തോഷ് ട്രോഫിക്ക് ആതിഥേയത്വം വഹിക്കുന്നത്. നാലു വർഷം മുമ്പ് 2022ൽ മലപ്പുറം മഞ്ചേരി പയ്യനാട് സ്‌റ്റേഡിയത്തിലാണ് അവസാനമായി ടൂർണമെന്റ് നടന്നത്.

രഞ്ജിത് പരിശീലകൻ

സന്തോഷ് ട്രോഫി ഫുട്ബാൾ കേരള ടീം മുഖ്യപരിശീലകനായി ടി.എ. രഞ്ജിത്തിനെ നിയമിച്ചു. നിയാസ് റഹ്‌മാൻ സഹപരിശീലകനും കെ.ടി. ചാക്കോ ഗോൾകീപ്പിങ് കോച്ചുമാണ്. ദേശീയ അണ്ടർ 20 ചാമ്പ്യ ൻഷിപ്പിൽ കേരളത്തെ ചാമ്പ്യന്മാരാക്കിയ രഞ്ജിത് ദീർഘകാല പരിചയസമ്പത്തുമായാണ് വരുന്നത്.

Tags:    
News Summary - Santosh Trophy: Kozhikode and Kannur as Venues

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.