സൂപ്പര്‍ ലീഗ് കേരളയില്‍ കണ്ണൂരും മലപ്പുറവും നേര്‍ക്കുനേര്‍

കണ്ണൂര്‍: സൂപ്പര്‍ ലീഗ് കേരളയില്‍ പ്രധാന എതിരാളികളായ കണ്ണൂര്‍ വാരിയേഴ്‌സ് എഫ്‌സിയും മലപ്പുറം എഫ്‌സിയും തമ്മില്‍ ഏറ്റുമുട്ടും. നവംബര്‍ 19 ന് ബുധനാഴ്ച രാത്രി 7.30 ന് കണ്ണൂര്‍ മുന്‍സിപ്പില്‍ ജവഹര്‍ സ്റ്റേഡിയത്തിലാണ് മത്സരം. ഇരുടീമുകളും അവസാന മത്സരം പരാജയപ്പെട്ടാണ് ഇറങ്ങുന്നത്. ഇതോടെ രണ്ട് ടീമുകള്‍ക്കും സെമി ഫൈനല്‍ സാധ്യത നിലനിര്‍ത്താന്‍ വിജയം അനിവാര്യമാണ്.

കണ്ണൂര്‍ വാരിയേഴ്‌സ് തിരുവനന്തപുരം കൊമ്പന്‍സിനെതിരെയും മലപ്പുറം തൃശൂര്‍ മാജിക് എഫ്‌സികെതിരെയുമാണ് പരാജയപ്പെട്ടത്. സീസണില്‍ ഇരുവരും നേര്‍ക്കുനേര്‍ വന്നപ്പോള്‍ മത്സരം ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞിരുന്നു. ആറ് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ഇരുടീമും രണ്ട് വിജയവും മൂന്ന് സമനിലയും ഒരു തോല്‍വിയുമായി ഒമ്പത് പോയിന്റ് സ്വന്തമാകി.

മലപ്പുറം എഫ്. സി ടീം പരിശീലനത്തിൽ

അവസാന മത്സരത്തില്‍ സ്വന്തം ആരാധകര്‍ക്കുമുന്നില്‍ പരാജയപ്പെട്ടതിന് പ്രതികാരവുമായി ആയിരിക്കും കണ്ണൂര്‍ വാരിയേഴ്‌സ് എഫ്‌സിയുടെ വരവ്. അവസാന മത്സരം തോറ്റാണ് മലപ്പുറത്തിന്റെയും വരവ്. അറ്റാകിങ്ങില്‍ കരുത്ത് പകരാന്‍ ഇഷാന്‍ പണ്ഡിതയെ മലപ്പുറം ടീമിലെത്തിച്ചിട്ടുണ്ട്. കണ്ണൂരിൽ ഇത്തവണ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രവേശനം സൗജന്യമല്ല.

ആദ്യ മത്സരത്തില്‍ അനുഭവപ്പെട്ട അനിയന്ത്രിത തിരക്കിനെ തുടര്‍ന്ന് അധികാരികളുടെ നിര്‍ദേശ പ്രകാരം കണ്ണൂരിലെ ഫുട്‌ബോള്‍ ആരാധകരുടെ സുരക്ഷ മുന്‍നിര്‍ത്തി സ്ത്രീകള്‍ക്കും 12 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കുമുള്ള സൗജന്യം പ്രവേശനം നിര്‍ത്തലാക്കിട്ടുണ്ട്. അതോടൊപ്പം ആളുകള്‍ക്ക് കുറഞ്ഞ ചലവില്‍ ടിക്കറ്റ് എടുക്കുന്നതിന് 199, 149 എന്നീ പ്രീമിയം, ഡിലക്സ് ടിക്കറ്റുകള്‍ നിര്‍ത്തലാക്കി. അതിന് പകരം ഗ്യാലറിയിലെ എല്ലാ ടിക്കറ്റുകള്‍ക്കും 100 രൂപയാക്കി കുറച്ചു.

മത്സരം കാണാനെത്തുന്നവര്‍ക്ക് വൈകീട്ട് 5.00 മുതല്‍ സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കാം. 7.15 ന് സ്റ്റേഡിയത്തിലെ പ്രവേശന ഗെയിറ്റുകള്‍ അടക്കും. തിരക്ക് നിയന്ത്രിക്കുന്നതിനാണ് പുതിയ ക്രമീകരണം. കൂടാതെ സ്റ്റേഡിയത്തിന് ചുറ്റും വിവിധ സൈന്‍ ബോര്‍ഡുകളും സ്ഥാപിച്ചിട്ടുണ്ട്. അത് വഴി കൃത്യമായി കളികാണാനെത്തുന്നവര്‍ക്ക് ഗെയിറ്റുകള്‍ കണ്ടെത്താന്‍ സാധിക്കും.

ഓഫ്‌ലൈനില്‍ ടിക്കറ്റ് എടുക്കുന്നവര്‍ക്ക് സ്റ്റേഡിയത്തില്‍ മാധവി മെഡിക്കല്‍ സ്റ്റോറിന് എതിര്‍വശവും കൂള്‍ ലാന്‍ഡ് ഐസ്‌ക്രീം പാര്‍ലറിന് സമീപവും രണ്ട് ബോക്‌സ് ഓഫീസ് തുറന്ന് പ്രവര്‍ത്തിക്കും. രാവിലെ 10 മണി മുതല്‍ വൈകീട്ട് 7.00 മണി വരെയായിരിക്കും ബോക്‌സ് ഓഫീസ് പ്രവര്‍ത്തിക്കുക.

Tags:    
News Summary - Kerala Super League: Kannur and Malappuram are directly opposite each other

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.