കേരള ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ അഡ്രിയാൻ ലൂണ പരിശീലനത്തിൽ
കൊച്ചി: 2025ൽ സ്വന്തം മൈതാനത്തെ ആദ്യവിജയം തേടി കേരള ബ്ലാസ്റ്റേഴ്സ് തിങ്കളാഴ്ച ഇറങ്ങുന്നു. ഐ.എസ്.എല്ലിൽ ഒഡിഷ എഫ്.സിക്കെതിരെ കലൂർ സ്റ്റേഡിയത്തിൽ വൈകീട്ട് 7.30നാണ് മത്സരം. ഈ വർഷം നടന്ന ആദ്യ മത്സരത്തിൽ ജയം സ്വന്തമാക്കി ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് പുതുവത്സര സമ്മാനം നൽകിയിരുന്നു. ജനുവരി അഞ്ചിന് ഡൽഹി നെഹ്റു സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിലാണ് പഞ്ചാബ് എഫ്.സിയെ എതിരില്ലാത്ത ഒരുഗോളിന് ബ്ലാസ്റ്റേഴ്സ് മലർത്തിയടിച്ചത്. അന്ന് ഒമ്പതുപേരുമായി കളിച്ച് വിജയനൃത്തം ചവിട്ടിയ ടീം ഇന്നത്തെ മത്സരത്തിലും ജയം ആവർത്തിച്ച്, കഴിഞ്ഞ വർഷത്തെ തുടർതോൽവികളിൽ നിന്നുള്ള ചീത്തപ്പേര് മാറ്റാനും കലിപ്പിലുള്ള ആരാധകരെ തണുപ്പിക്കാനും ലക്ഷ്യമിട്ടാണ് ഇറങ്ങുന്നത്.
12,000 പേർ പങ്കെടുത്ത മെഗാ നൃത്തപരിപാടിയുടെ ഉദ്ഘാടനത്തിനിടെ ഉമ തോമസ് എം.എൽ.എ സ്റ്റേജിൽനിന്ന് വീണ് ഗുരുതര പരിക്കേൽക്കുകയും തുടർന്ന് വൻ വിവാദങ്ങളുണ്ടാകുകയും ചെയ്തതിനുശേഷമുള്ള കലൂർ സ്റ്റേഡിയത്തിലെ ആദ്യമത്സരമാണ് തിങ്കളാഴ്ച നടക്കുന്നത്. അന്നത്തെ പരിപാടിയെത്തുടർന്ന് മൈതാനത്തെ പിച്ച് മോശം സ്ഥിതിയിലായെന്ന് വ്യക്തമാക്കി കഴിഞ്ഞ ദിവസം ബ്ലാസ്റ്റേഴ്സ് അധികൃതർ രംഗത്തെത്തിയിരുന്നു.
15 കളികളിൽ അഞ്ചു ജയവും എട്ടു തോൽവിയും രണ്ടു സമനിലയുമടക്കം 17 പോയൻറുമായി ഒമ്പതാമതാണ് ബ്ലാസ്റ്റേഴ്സിന്റെ സ്ഥാനം. ഒരുപടി മുന്നിലാണ് ഒഡിഷ എഫ്.സി. 15 കളികളിൽ 21 പോയൻറുമായി ഏഴാമതാണ് ടീം.
ഒടുവിലത്തെ കളിയിൽ ഉൾപ്പെടെ സീസണിൽ ആറു ഗോൾ അടിച്ചുകൂട്ടിയ മൊറോക്കൻ മുന്നേറ്റതാരം നോഹ സദോയി തന്നെയാണ് ബ്ലാസ്റ്റേഴ്സിന്റെ പ്രധാന തുറുപ്പുചീട്ട്. കൂടാതെ, സീസണിൽ ഇതുവരെ ഒമ്പതു ഗോൾ സ്വന്തംപേരിൽ എഴുതിച്ചേർത്ത സ്പാനിഷ് ഫുട്ബാളിന്റെ കരുത്ത് ജീസസ് ജിമിനസ്, ക്യാപ്റ്റൻ അഡ്രിയാൻ ലൂണ, ക്വാമെ പെപ്ര തുടങ്ങിയവരും മുൻനിരയെ നയിക്കും. എന്നാൽ, ജനുവരിയിലെ ട്രാൻസ്ഫർ വിൻഡോയിൽ പലരും ബ്ലാസ്റ്റേഴ്സ് വിട്ട് മറ്റു ക്ലബുകളിലേക്ക് കൂടുമാറിയത് പ്രകടനത്തെ ബാധിച്ചേക്കും. ടീമിൽനിന്ന് ഒഡിഷയിലേക്ക് ചേക്കേറിയ മലയാളി താരം രാഹുൽ കെ.പി തിങ്കളാഴ്ച ഇറങ്ങുമോയെന്ന് ആരാധകർ ഉറ്റുനോക്കുന്നുണ്ട്.
ആസ്ട്രേലിയൻ താരം ജോഷ്വ സോറ്റിരിയോയും ക്ലബുമായുള്ള കരാറും കഴിഞ്ഞയാഴ്ചയാണ് അവസാനിപ്പിച്ചത്. കൂടാതെ, ഡിഫൻഡറായിരുന്ന പ്രബീർ ദാസ് വായ്പാടിസ്ഥാനത്തിൽ മുംബൈ സിറ്റി എഫ്.സിയിലേക്ക് മാറി. ഇതിനൊന്നും പകരമായി പുതിയ ആരെയും ടീമിലെത്തിച്ചിട്ടില്ലെന്നതാണ് ശ്രദ്ധേയം. ആഴ്ചകൾക്കുമുമ്പ് പറഞ്ഞുവിട്ട മൈക്കൽ സ്റ്റാറേക്കു പകരം പുതിയ കോച്ചിനെയും നിയമിച്ചിട്ടില്ല. മലയാളികൂടിയായ സഹപരിശീലകൻ ടി.ജി. പുരുഷോത്തമന്റെ നേതൃത്വത്തിലാണ് നിലവിൽ ടീം തന്ത്രങ്ങൾ മെനയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.