മൂന്നാമതും മോഹഭംഗം; ​മൂന്നാം തവണയും ഐ.എസ്.എൽ ഫൈനലിൽ തോറ്റ് കേരള ബ്ലാസ്റ്റേഴ്സ്

മഡ്ഗാവ്: രണ്ടിൽ പിഴച്ചാൽ മൂന്ന് എന്ന ചൊല്ല് കേരള ബ്ലാസ്റ്റേഴ്സിന്റെ കാര്യത്തിൽ ഫലവത്തായില്ല. ഫൈനലിൽ കടന്ന മൂന്നാം തവണയും റണ്ണേഴ്സ് ട്രോഫിയുമായി മടങ്ങാനായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ വിധി. മലയാളക്കരയുടെ പ്രതീക്ഷയും സ്വപ്നവുമായി ഗോവ ​ഫറ്റോർഡയിലെ പണ്ഡിറ്റ് ജവഹർലാൽ നെഹ്റു മൈതാനത്ത് കലാശക്കളിക്കിറങ്ങിയ ബ്ലാസ്റ്റേഴ്സിന് ഭാഗ്യമൊട്ടുമില്ലാതിരുന്ന ദിനമായിരുന്നു ഇന്ന​ലെ. അല്ലെങ്കിൽ കളി തീരാൻ മൂന്നു മിനിറ്റ് മുമ്പുവരെ ഒരു ഗോളിന് പിന്നിലായിരുന്ന ബ്ലാസ്റ്റേഴ്സ് തോൽക്കുമായിരുന്നില്ല. ശൂന്യതയിൽനിന്നുള്ള ഹൈദരാബാദിന്റെ സമനില ഗോളും ഷൂട്ടൗട്ടിലെ ദയനീയ പ്രകടനവും ബ്ലാസ്റ്റേഴ്സിന്റെ വിധിയെഴുതി

ഹൈദരാബാദിനെർ 'തട്ടി'മണി


ഹൈദരാബാദ് ഗോളി ലക്ഷ്മികാന്ത് കട്ടിമണിയായിരുന്നു ഷൂട്ടൗട്ടിലെ താരം. ആയുഷ് അധികാരിക്ക് മാത്രമാണ് കട്ടിമണിയെ കബളിപ്പിക്കാനായത്. മാർകോ ലെസ്കോവിചിന്റെയും നിഷു കുമാറിന്റെയും ജീക്സൺ സിങ്ങി​െൻയും കിക്കുകൾ കട്ടിമണി തടുത്തിട്ട​പ്പോൾ ബ്ലാസ്റ്റേഴ്സ് ഗോളി പ്രഭ്സുഖൻ സിങ് ഗില്ലിന് ഒരു കിക്ക് പോലും തടുക്കാനായില്ല. അതിനുള്ള അവസരം ഹൈദരാബാദ് താരങ്ങൾ നലകിയില്ല എന്നതാവും ശരി. ജാവോ വിക്ടർ, കാസി കമാറ, ഹാരിചരൺ നർസാരി എന്നിവർ ഗോളിക്ക് അവസരമൊന്നും നൽകാതെയാണ് പെനാൽറ്റി വലയിലെത്തിച്ചത്. ഹാവിയർ സവേരിയോയുശട കിക്ക് പുറത്തേക്ക് പറന്നതും ബ്ലാസ്റ്റേഴ്സിന് തുണയായില്ല.

അളന്നുതൂക്കി ആദ്യപകുതി

​ഫറ്റോർഡയിലെ പണ്ഡിറ്റ് ജവഹർലാൽ നെഹ്റു​ മൈതാനത്ത് റഫറി ക്രിസ്റ്റൽ ജോണിന്റെ കിക്കോഫ് വിസിലുയർന്നപ്പോൾ ഇരുടീമുകളും സൂക്ഷ്മതയോടെയാണ് പന്തുതട്ടിയത്. കൂടുതൽ സമയം പന്ത് കാൽവശം വെച്ച് ബ്ലാസ്റ്റേഴ്സ് മുൻതൂക്കം പുലർത്തിയെങ്കിലും കാര്യമായ അവസരങ്ങൾ തുറക്കാനായില്ല. മധ്യനിരയിൽ ലൂനയുടെ നേതൃത്വത്തിൽ പന്ത് നിയന്ത്രിച്ച ബ്ലാസ്റ്റേഴ്സ് ധൃതി കാണിക്കാതെയാണ് കളിച്ചത്. മറുവശത്ത് ഹൈദരാബാദിന് പതിവുശൈലിയിൽ കളിക്കാൻ ബ്ലാസ്റ്റേഴ്സ് അവസരം നൽകിയില്ല.

ആദ്യ പകുതി അവസാനിക്കാനിരിക്കെയാണ് ഇരുനിരകൾക്കും അവസരങ്ങളെത്തിയത്. അർധാവസരത്തിൽ വാസ്ക്വസിന്റെ തകർപ്പൻ ഷോട്ട് ഹൈദരാബാദ് ഗോളി കട്ടിമണി നോക്കിനിൽക്കെ ബാറിലിടിച്ച് മടങ്ങിയത് അവിശ്വസനീയതയോടെയാണ് ബ്ലാസ്റ്റേഴ്സ് ആരാധകർ കണ്ടത്. തൊട്ടുപിറകെ ഹാവിയർ സിവേരിയോയുടെ ഹെഡർ ബ്ലാസ്റ്റേഴ്സ് ഗോളി പ്രഭ്സുഖൻ സിങ് ഗില്ലിന് നേരെയായിരുന്നു.

സഹലില്ലെങ്കിലെന്താ, രാഹുലുണ്ടല്ലോ


രണ്ടാം പകുതിയിൽ ബ്ലാസ്റ്റേഴ്സ് രണ്ടും കൽപിച്ചായിരുന്നു. ആദ്യ പകുതിയിലെ മുൻതൂക്കം ഗോളാക്കി മാറ്റണമെന്ന നിശ്ചയദാർഢ്യത്തോടെയാണ് വുകോമാനോവിചിന്റെ ടീം ഇറങ്ങിയത്. അതിന് 68ാം മിനിറ്റിൽ ഫലവുമുണ്ടായി. ആദ്യപകുതിയിൽ നിറംമങ്ങിയ രാഹുലിന്റെ കാലിലൂടെയാണ് ഗോളെത്തിയത്. ജീക്സൺ സിങ്ങിൽനിന്ന് കിട്ടിയ പന്തുമായി വലതുപാർശ്വത്തിലൂടെ മുന്നേറിയ രാഹുലിന് ഇരുവശവും വാസ്ക്വസും ഡയസുമുണ്ടായിരുന്നു. ഇവരിലേക്ക് പാസ് പോകുമെന്ന പ്രതീക്ഷയിൽ ഹൈദരാബാദ് ഡിഫൻസും ഗോളിയും നിൽക്കെ രാഹുൽ ഉന്നംവെച്ചത് ഗോൾ പോസ്റ്റ്. അത്ര തൂക്കമുള്ള ഷോട്ടല്ലാതിരുന്നിട്ടും കട്ടിമണിക്ക് തട്ടിയകറ്റാനായില്ല. ഫലം ഫൈനലിലെ ആദ്യ ഗോൾ.

പകരമിറങ്ങി താരമായി സാഹിൽ

പിന്നീടുള്ള സമയം ഗോൾ വഴങ്ങാതെ പിടിച്ചുനിൽക്കണമെന്ന ചിന്തയിൽ ആക്രമണം മാറ്റിവെക്കാനൊന്നും ബ്ലാസ്റ്റേഴ്സ് മുതിർന്നില്ല. എന്നാൽ, സമനില ഗോളിനായി ഇരമ്പിക്കയറിയ ഹൈദരാബാദ് ഏതുനിമിഷവും ഗോൾ നേടുമെന്ന് തോന്നിച്ചു. 76ാം മിനിറ്റിൽ ബോക്സിന് തൊട്ടുപുറത്തുനിന്ന് ലഭിച്ച ഫ്രീകിക്കിൽ ഒഗ്ബെചെയുടെ കനത്ത ഷോട്ട് വലത്തോട്ട് ചാടിയ ഗിൽ തട്ടിയകറ്റി. കളി തീരാൻ മൂന്നു മിനിറ്റ് മാത്രം ബാക്കിനിൽക്കെ ബ്ലാസ്റ്റേഴ്സ് ആരാധകരുടെ നെഞ്ചിൽ തീകോരിയിട്ട് ഹൈദരാബാദിന്റെ ഗോളെത്തി. ലൂസ്ബാളിൽ പകരക്കാരൻ സാഹിൽ ടവോരയുടെ തകർപ്പൻ ഷോട്ട് ഗില്ലിന് അവസരമൊന്നും നൽകാതെ വലയിലേക്ക് തൂങ്ങിയിറങ്ങുകയായിരുന്നു.

കളത്തിൽ ഇവർ

വിശ്വസ്ത ഗോളി പ്രഭ്സുഖൻ സിങ് ഗില്ലിനെ വലക്കുമുന്നിൽ നിർത്തിയിറങ്ങിയ ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തിൽ ഹർമൻജോത് ഖബ്ര, ഹോർമിപാം റുയിവ, മാർകോ ലെസ്കോവിച്, സന്ദീപ് സിങ് എന്നിവർ അണിനിരന്നപ്പോൾ മധ്യനിരയിൽ പരിക്കുമാറിയെത്തിയ ജീക്സൺ സിങ്ങിനൊപ്പം പ്യൂട്ടിയ, അഡ്രിയാൻ ലൂന എന്നിവരും സഹലിന് പകരം കെ.പി. രാഹുലും ഇറങ്ങി. മുൻനിരയിൽ പതിവു​പോലെ അൽവാരോ വാസ്ക്വസ്-ജോർഹെ പെരേര ഡയസ് സഖ്യവും. പരിക്ക് ഭേദമാവാത്ത സഹൽ റിസർവ് ബെഞ്ചിലുമുണ്ടായിരുന്നില്ല.

ഹൈദരാബാദ് നിരയിൽ ഗോളി ലക്മികാന്ത് കട്ടിമണി, പ്രതിരോധത്തിൽ ആകാശ് മിശ്ര, ചിൻഗ്ലൻസെന സിങ്, യുവാനൻ, ആശിഷ് റായ്, മധ്യനിരയിൽ ജാവോ വിക്ടർ, സൗവിക് ചക്രവർത്തി, മുഹമ്മദ് യാസിർ, അനികേത് ജാദവ്, ജോയൽ ചിയനീസ്, ബർതലോമിയോ ഒഗ്ബെചെ എന്നിവരാണ് ഇറങ്ങിയത്. 

Tags:    
News Summary - Kerala Blasters lose ISL final for third time

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT