പ്രിമിയർ ലീഗ് മുൻതാരത്തെ 14 മാസത്തേക്ക് ജയിലിലിട്ട് നോർവേ; കാരണം നികുതിവെട്ടിപ്പ്

ലണ്ടൻ: പ്രിമിയർ ലീഗിൽ നീണ്ടകാലം ആസ്റ്റൺ വില്ല ജഴ്സിയണിഞ്ഞ മുൻ ദേശീയ താരത്തെ 14 മാസത്തേക്ക് ജയിലിലടച്ച്​ നോർവെ. നികുതി​ വെട്ടിച്ചെന്ന പരാതിയിൽ 43കാരനായ ജോൺ കാര്യുവിനാണ് ഓസ്ലോ ജില്ലാ കോടതി തടവും 43 ലക്ഷം പിഴയും ശിക്ഷ നൽകിയത്.

2014നും 2019നുമിടയിൽ 2.58 കോടി രൂപ വിലയുള്ള സ്വത്തുക്കൾ റിപ്പോർട്ട് ചെയ്തില്ലെന്നാണ് പരാതി. യൂറോപിലെ വിവിധ ലീഗുകളിൽ പന്തുതട്ടുന്ന കാലത്ത് നാട്ടിലെ ആസ്തികൾ അറിയിച്ച് നികുതി നൽകിയില്ലെന്നതാണ് കേസ്. എന്നാൽ, ഈ വിഷയത്തിൽ ലഭിച്ച തെറ്റായ ഉപദേശങ്ങളാണ് അബദ്ധമായതെന്നും ഇളവു നൽകണമെന്നുമുള്ള കാര്യുവിന്റെ ആവശ്യം കോടതി പരിഗണിച്ചില്ല.

ബോധപൂർവമാണ് നികുതിവെട്ടിപ്പുണ്ടായതെന്നും രണ്ടു വർഷത്തേക്ക് ജയിൽ ശിക്ഷ നൽകണമെന്നുമായിരുന്നു പ്രോസിക്യൂഷൻ ആവശ്യം. എന്നാൽ, സാമൂഹിക സേവനം ശിക്ഷയായി നൽകണമെന്ന് താരത്തിനു വേണ്ടി അഭിഭാഷകരും ആവശ്യപ്പെട്ടു. രണ്ടും കേട്ടാണ് കോടതി ഒരു വർഷവും രണ്ടു മാസവും ജയിൽ വിധിച്ചത്.

പ്രിമിയർ ലീഗിൽ വില്ലക്കൊപ്പം കളിച്ച കാരി സ്റ്റോക് സിറ്റി, വെസ്റ്റ് ഹാം എന്നിവക്കായും ഇറങ്ങിയിട്ടുണ്ട്. മറ്റു ലീഗുകളിൽ വലൻസിയ, റോമ, ലിയോൺ, ബെസിക്റ്റാസ് ടീമുകൾക്കായും കളിച്ചു. 2012ൽ കളി നിർത്തിയ താരം ഒമ്പതു ക്ലബുകൾക്കായി 500ലേറെ തവണ ഇറങ്ങി. നോർവേ ദേശീയ ടീമിനായി 91 തവണ ജഴ്സിയണിഞ്ഞ് 24 തവണ വല കുലുക്കി. മൂന്നു തവണ മികച്ച കളിക്കാരനായും തെരഞ്ഞെടുക്കപ്പെട്ടു.

ആസ്റ്റൺ വില്ലയിൽ 131 തവണ ബൂട്ടുകെട്ടി 48 ഗോളുകൾ നേടിയിട്ടുണ്ട്. 2000 യൂറോയിൽ നോർവേക്കായും കളിച്ചു.

വിധി പഠിച്ച ശേഷം അപ്പീൽ നൽകുന്ന കാര്യത്തിൽ തീരുമാനമെടുക്കുമെന്ന് താരത്തിന്റെ അഭിഭാഷകൻ പറഞ്ഞു. 

Tags:    
News Summary - John Carew: Former Aston Villa and Norway striker given jail sentence for tax evasion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.