ഇന്ത്യൻ ഫുട്ബാൾ ഇതിഹാസം തുളസീദാസ് ബലറാം വിടവാങ്ങി

കൊൽക്കത്ത: ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഫുട്ബാളർമാരിലൊരാളും 1962ൽ ഏഷ്യൻ ഗെയിംസ് സ്വർണം നേടിയ ടീം അംഗവുമായിരുന്ന ഒളിമ്പ്യൻ തുളസീദാസ് ബലറാം അന്തരിച്ചു. 85 വയസ്സായിരുന്നു. ദീർഘനാളായി ചികിത്സയിലിരുന്ന ഇദ്ദേഹം വ്യാഴാഴ്ച ഉച്ചക്ക് കൊൽക്കത്തയിലെ ആശുപത്രിയിലാണ് അന്ത്യശ്വാസം വലിച്ചതെന്ന് കുടുംബവൃത്തങ്ങൾ അറിയിച്ചു.

ഇന്ത്യൻ ഫുട്ബാളിന്റെ സുവർണകാലമായ 1950കളിലും ’60കളിലും ദേശീയ ടീമിലെ നിർണായക സാന്നിധ്യമായി നിറഞ്ഞുനിന്ന മുന്നേറ്റ നിരക്കാരനായിരുന്നു ബലറാം. ക്ലബ് കരിയറിന്റെ ഭൂരിഭാഗവും ചെലവഴിച്ചത് ഈസ്റ്റ് ബംഗാളിലായിരുന്നു. 1960ലെ റോം ഒളിമ്പിക്സിലും ഇന്ത്യൻ ജഴ്സിയണിഞ്ഞു. തഞ്ചാവൂരിൽ നിന്ന് സെക്കന്ദരാബാദിലേക്ക് കുടിയേറിയ തമിഴ് കുടുംബത്തിൽ 1937 ഒക്ടോബർ നാലിനാണ് ജനനം.

തുളസീദാസ് ബലരാമൻ എന്ന പേര് പിന്നീട് തുളസീദാസ് ബലറാം എന്ന് ചുരുക്കി. 1954ൽ ആർമി കോംബാറ്റ് ഫോഴ്സ് ടീമിൽ അംഗമായാണ് സീനിയർ കരിയറിന്റെ തുടക്കം. പിന്നീട് ഹൈദരാബാദ് റൈഡേഴ്സ് ക്ലബ്, ഹൈദരാബാദ് സിറ്റി പൊലീസ് ടീമുകളിൽ കളിച്ച് കൊൽക്കത്തയിലേക്ക്. 1956-57 സന്തോഷ് ട്രോഫിയിൽ ഹൈദരാബാദിന്റെ കിരീടനേട്ടത്തിൽ നിർണായക പങ്കുവഹിച്ചതോടെ ദേശീയ സംഘത്തിലേക്കും വിളിയെത്തി.

തുടർന്ന്, ചുനി ഗോസ്വാമി-പി.കെ. ബാനർജി-തുളസീദാസ് ബലറാം ത്രിമൂർത്തികൾ ഇന്ത്യൻ ടീമിന്റെ എല്ലാമായി വാണു. 1958ലെ ഏഷ്യൻ ഗെയിംസിൽ മൂന്ന് തവണ എതിരാളികളുടെ വലയിൽ പന്തെത്തിച്ചു ബലറാം. പിറ്റേ വർഷം ഇന്ത്യ റണ്ണറപ്പായ മെർദേക ടൂർണമെന്റിലും സ്കോർ ചെയ്തു. റോം ഒളിമ്പിക്സിൽ ഫ്രാൻസ്, ഹംഗറി, പെറു ടീമുകൾ കൂടി ഉൾപ്പെട്ട മരണഗ്രൂപ്പിലായിരുന്നു ഇന്ത്യ. ഹംഗറിക്കും പെറുവിനുമെതിരെ ഗോൾ നേടിയ ബലറാം, ഫ്രാൻസിനെതിരെയും തിളങ്ങി. തോൽവികളോടെ ടീം നേരത്തേ പുറത്തായെങ്കിലും അക്കാലത്ത് ഏഷ്യയിലെത്തന്നെ മികച്ച ഫുട്ബാളർമാരിലൊരാളായി ഇദ്ദേഹം വാഴ്ത്തപ്പെട്ടു.

ഇന്ത്യ സ്വർണം നേടിയ 1962ലെ ഏഷ്യാഡിൽ തായ്‍ലൻഡിനും ജപ്പാനുമെതിരെ സ്കോർ ചെയ്തിരുന്നു ബലറാം. 1961-62ൽ ഈസ്റ്റ് ബംഗാളിന്റെ നായകനുമായി. മൂന്ന് തവണ ബംഗാളിന് വേണ്ടിയും സന്തോഷ് ട്രോഫി കളിച്ചു. 1961ൽ കൽക്കത്ത ഫുട്ബാൾ ലീഗിൽ ടോപ് സ്കോററാ‍യിരുന്നു. 1962ൽ രാജ്യം അർജുന പുരസ്കാരം നൽകി ആദരിച്ചു. സീനിയർ കരിയറിൽ ആകെ 131 ഗോളുകൾ നേടി. 14 എണ്ണം ഇന്ത്യൻ ജഴ്സി‍യിലായിരുന്നു. 1963ൽ അഭിപ്രായ വ്യത്യാസങ്ങളെത്തുടർന്ന് ഈസ്റ്റ് ബംഗാളുമായുള്ള ബന്ധം അവസാനിപ്പിക്കേണ്ടി വന്ന ബലറാം തുടർന്ന് ബംഗാൾ നാഗ്പുർ റെയിൽവേ‍യിൽചേർന്നു. പക്ഷേ അധികം തുടരാനായില്ല.

സെന്റർ ഫോർവേഡായും ലെഫ്റ്റ് വിങ്ങറായും കളിച്ച ഇദ്ദേഹം ആരോഗ്യപ്രശ്നങ്ങൾ കാരണം 1963ൽ 27ാം വയസ്സിൽ ഫുട്ബാളിൽ നിന്ന് വിരമിച്ചു. ശാരീരിക പ്രയാസങ്ങൾ അനുഭവിച്ച ബലറാം വിവാഹിതനാവാനും തയാറായില്ല. കുറച്ചുകാലം പരിശീലകനായിരുന്നു. ഈസ്റ്റ് ബംഗാളിൽ നിന്നുള്ള മടക്കം ബലറാമിനെ ഏറെ വേദനിപ്പിച്ചു. 2021ൽ ശസ്ത്രക്രിയക്ക് വിധേയനായപ്പോൾ ക്ലബ്ബിന്റെ സഹായം ഇദ്ദേഹം നിരസിച്ചു. മൃതദേഹം ക്ലബിൽ പൊതുദർശനത്തിന് വെക്കുകപോലും ചെയ്യരുതെന്ന് ബലറാം വ്യക്തമാക്കി. നിര്യാണത്തിൽ അഖിലേന്ത്യാ ഫുട്ബാൾ ഫെഡറേഷൻ അനുശോചിച്ചു.

Tags:    
News Summary - Indian football legend Tulsidas Balaram dies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.