ദോഹ: പുതുവത്സര ദിനത്തിൽ പുതിയ തുടക്കങ്ങളിലേക്ക് സ്വപ്നം കണ്ട് ഇന്ത്യൻ സംഘം തയാറെടുപ്പ് തുടങ്ങുന്നു. 2024 പുലരി തെളിയുമ്പോൾ ദോഹയിൽ ഏഷ്യൻ കപ്പിന്റെ ഒരുക്കങ്ങളിലാണ് കോച്ച് ഇഗോർ സ്റ്റിമാകും സുനിൽ ഛേത്രിയും ഉൾപ്പെടെ ഇന്ത്യൻ സംഘമുള്ളത്. ഈ വർഷത്തിൽ മുന്നിലുള്ള ലക്ഷ്യങ്ങൾ ഏറെയാണ്. ആദ്യ പടിയായി ജനുവരി 12ന് തുടങ്ങുന്ന ഏഷ്യൻ കപ്പ് ഫുട്ബാൾതന്നെ. കരുത്തരായ ആസ്ട്രേലിയ, ഉസ്ബകിസ്താൻ, സിറിയ എന്നിവരടങ്ങിയ ഗ്രൂപ്പിൽനിന്നും പ്രീക്വാർട്ടറിൽ ഇടം നേടിയാൽതന്നെ ഫിഫ റാങ്കിങ്ങിൽ 102ാം സ്ഥാനത്തുള്ള ഇന്ത്യക്ക് മികച്ച നേട്ടമായി മാറും.
ചൂടേറിയ ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ് സീസൺ ഇടവേള പിരിഞ്ഞ്, മണിക്കൂറുകൾക്കകം ദോഹയിലേക്ക് വിമാനം കയറിയ ഇന്ത്യൻ ടീമിന് ശനിയാഴ്ച രാത്രിയിൽ ആവേശോജ്ജ്വല വരവേൽപ്പാണ് വിമാനത്താവളത്തിൽ ആരാധകർ ഒരുക്കിയത്. ഖത്തർ മഞ്ഞപ്പടയുടെ നേതൃത്വത്തിൽ ത്രിവർണ പതാകയുമായി മണിക്കൂറുകൾ മുമ്പേ തമ്പടിച്ച ആരാധകസംഘം സുനിൽ ഛേത്രിയും സഹൽ അബ്ദുൽ സമദും കെ.പി. രാഹുലും ഉൾപ്പെടെയുള്ള ഇന്ത്യൻ ടീമിനെ ആരവങ്ങളോടെ വരവേറ്റു.
ദൈർഘ്യമേറിയ ആഭ്യന്തര സീസണും കടുത്ത മത്സരങ്ങളും കഴിഞ്ഞ് വിശ്രമമില്ലാതെ ദോഹയിലെത്തിയ ടീമിന് ഞായറാഴ്ച പരിശീലനവും ആരംഭിച്ചു. പുതുവത്സര ദിനത്തിൽ രാവിലെയും വൈകീട്ടുമായി നാലു സെഷനുകളിൽ പരിശീലനം തുടരും. സന്നാഹ മത്സരങ്ങളൊന്നുമില്ലാതെ ഏഷ്യൻ കപ്പിന് ടീമിനെ ഒരുക്കുകയാണ് കോച്ചിന്റെ പ്ലാൻ. അതേസമയം, സൗദിയും ആസ്ട്രേലിയയും ഖത്തറും ഉൾപ്പെടെ ടീമുകൾ നേരത്തേതന്നെ ഒരുങ്ങിയും സന്നാഹ മത്സരം കളിച്ചുമാണ് ഏഷ്യൻ കപ്പിന് ബൂട്ടുകെട്ടുന്നതെന്നത് ശ്രദ്ധേയമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.