ഫുട്ബാളിൽ ഒറ്റ മത്സരത്തിൽ രണ്ടാം മഞ്ഞക്കാർഡ് കണ്ടാൽ അത് കിട്ടിയയാൾ ചുവപ്പ് കാർഡും വാങ്ങി കളം വിടലാണ് പതിവ്. എന്നാൽ, ഇതിന് വിരുദ്ധമായ ഒരു സംഭവം കഴിഞ്ഞ ദിവസമുണ്ടായി. കോൺകാകാഫ് നേഷൻസ് ലീഗിൽ മെക്സിക്കോയും ഹോണ്ടുറാസും തമ്മിലുള്ള ക്വാർട്ടർ ഫൈനലാണ് നാടകീയ സംഭവങ്ങൾക്ക് വേദിയായത്.
ഹോണ്ടുറാസ് ഗോൾകീപ്പർ എഡ്രിക്ക് മെൻജിവാറിനെതിരെയാണ് റഫറി രണ്ടുതവണ മഞ്ഞക്കാർഡ് വീശിയത്. കളിയുടെ 86ാം മിനിറ്റിലാണ് സമയം കളഞ്ഞതിന് ആദ്യ മഞ്ഞക്കാർഡെടുത്തത്. ഈ സമയത്ത് ടീം 1-0ത്തിന് പിന്നിലായിരുന്നു. ആദ്യപാദ മത്സരത്തിൽ രണ്ട് ഗോളിന്റെ മുൻതൂക്കമുള്ളതിനാൽ കൂടുതൽ ഗോൾ വഴങ്ങാതെ പിടിച്ചുനിന്നാൽ അവർക്ക് സെമിയിൽ കടക്കാമായിരുന്നു. എന്നാൽ, ഇഞ്ചുറി ടൈമിന്റെ 11ാം മിനിറ്റിൽ എസ്റ്റാഡിയോ ആസ്ടെക്ക മെക്സികോക്ക് സമനില ഗോൾ സമ്മാനിച്ചതോടെ കളി എക്സ്ട്രാ ടൈമിലേക്ക് നീണ്ടു. എന്നിട്ടും ഗോൾ വീഴാതിരുന്നതോടെ പെനാൽറ്റി ഷൂട്ടൗട്ടിലെത്തി. മെക്സിക്കോയുടെ നാലാമത്തെ പെനാൽറ്റി കിക്ക് സെസാർ ഹ്യൂർട്ട എടുത്തപ്പോൾ ലൈനിൽനിന്ന് മാറിയതിനായിരുന്നു റഫറി ഹോണ്ടുറാസ് ഗോൾകീപ്പർക്കെതിരെ രണ്ടാം മഞ്ഞക്കാർഡെടുത്തത്. എന്നാൽ, ചുവപ്പ് കാർഡ് പുറത്തെടുത്തില്ല. ഇതോടെ താരം കളത്തിൽ തുടരുകയും ചെയ്തു. സെമിഫൈനലിൽ ഇടവും കോപ അമേരിക്ക ടൂർണമെന്റിനുള്ള യോഗ്യതയും നിശ്ചയിക്കുന്ന മത്സരം കൂടിയായിരുന്നു ഇത്. ഷൂട്ടൗട്ടിൽ 4-2ന് ജയിച്ച മെക്സിക്കോ സെമിയിലേക്ക് മുന്നേറുകയും ചെയ്തു.
എന്നാൽ, റഫറി എന്തുകൊണ്ട് ചുവപ്പ് കാർഡ് എടുത്തില്ലെന്നും താരം എന്തുകൊണ്ട് കളത്തിൽ തുടർന്നെന്നുമുള്ള അന്വേഷണത്തിലായി ഫുട്ബാൾ ആരാധകർ. എന്നാൽ, നിശ്ചിത സമയത്ത് രണ്ട് മഞ്ഞക്കാർഡ് കണ്ടാൽ അത് കിട്ടിയ താരം പുറത്തുപോകുമെങ്കിലും നിശ്ചിത സമയം കഴിഞ്ഞ് പെനാൽറ്റി ഷൂട്ടൗട്ടിൽ മഞ്ഞക്കാർഡ് ലഭിച്ചാൽ പുറത്തുപോകേണ്ടെന്നാണ് ഇന്റർനാഷനൽ ഫുട്ബാൾ അസോസിയേഷൻ ബോർഡിന്റെ നിയമത്തിൽ പറയുന്നത്.
പെനാൽറ്റി ഷൂട്ടൗട്ടിൽ ഒരു ടീമിന്റെ താരം ചുവപ്പുകാർഡ് കണ്ടാൽ അത് എതിർ ടീമിനെയും ബാധിക്കുമെന്നും നിയമത്തിലുണ്ട്. ചുവപ്പ് കാർഡ് കിട്ടിയ താരം കളം വിടുമ്പോൾ എതിർ ടീമിലെ ഒരാൾ കൂടി ഗ്രൗണ്ട് വിടണമെന്നാണ് നിയമം. എന്നാൽ, അതാരാണെന്ന് ആ ടീമിന് തീരുമാനിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.