കാൻസറിനെ പോരാടി തോൽപിച്ചു; ആഫ്കോൺ കിരീടത്തിലേക്ക് ഹാലറുടെ ഹീറോയിസം

ആഫ്രിക്കൻ നേഷൻസ് കപ്പിൽ ഐവറി കോസ്റ്റ് മൂന്നാമതും ജേതാക്കളാകുമ്പോൾ ഫുട്ബാൾ ലോകം ചർച്ച ചെയ്തത് ആ ടീമിന്റെ പോരാട്ട വീര്യത്തിനപ്പുറം അവർക്കി​ടയിലെ കീഴടങ്ങാത്ത പോരാളിയെ കുറിച്ചാണ്. കാൻസറിനെ ചെറുത്തുതോൽപിച്ച് രാജ്യത്തിനായി വിജയഗോൾ നേടിയ ബൊറൂസിയ ഡോട്ട്മുണ്ട് സ്ട്രൈക്കർ സെബാസ്റ്റ്യൻ ഹാലറായിരുന്നു ആ ഹീറോ. തിങ്കളാഴ്ച ​നൈജീരിയക്കെതിരായ കലാശപ്പോരിൽ 81ാം മിനിറ്റിൽ ഇടതുവിങ്ങിലൂടെ മുന്നേറിയ സൈമൺ അഡിൻഗ്ര നൽകിയ തകർപ്പൻ ക്രോസ് ഹാലർ പോസ്റ്റിനുള്ളിലേക്ക് ഫ്ലിക്ക് ചെയ്തിടുമ്പോൾ സ്റ്റേഡിയം ​ആവേശത്താൽ പൊട്ടിത്തെറിക്കുകയായിരുന്നു.

ഡച്ച് ക്ലബ് അയാക്സിനായി ഗോളടിച്ചുകൂട്ടിയിരുന്ന ഹാലർ, എർലിങ് ഹാലണ്ട് എന്ന ഗോൾ മെഷിൻ മാഞ്ചസ്റ്റർ സിറ്റിയിലേക്ക് ചേക്കേറിയപ്പോൾ പകരക്കാരനായാണ് ജർമൻ വമ്പന്മാരായ ബൊറൂസിയ ഡോട്ട്മുണ്ടിൽ എത്തിയത്. 2022 ജൂലൈയിൽ ടീമിനൊപ്പം ചേർന്ന് രണ്ടാഴ്ചക്കകം കാൻസർ സ്ഥിരീകരിച്ചു. ബൊറൂസിയയിൽ പ്രീ-സീസൺ പരിശീലന ക്യാമ്പിനിടെ അസ്വസ്ഥത തുടങ്ങിയപ്പോഴാണ് ഡോക്ടർമാരെ സമീപിച്ചത്. വൃഷ്ണത്തിലെ മുഴ കാൻസറാണെന്ന് തിരിച്ചറിഞ്ഞതോടെ ആകെ തകർന്നു. കുട്ടിക്കാലം മുതൽ നെഞ്ചേറ്റുന്ന ഫുട്ബാൾ തട്ടാൻ ഇനി തനിക്കാവുമോയെന്ന് പോലും സംശയിച്ച ദിനങ്ങളുണ്ടായിരുന്നു പിന്നീട്. എന്നാൽ, തുടക്കമാണെന്ന് തിരിച്ചറിഞ്ഞതോടെ അതിജീവന പോരാട്ടത്തിന് തയാറെടുത്തു.

തുടർന്ന് ഫുട്ബാളി​നോടും കളിക്കളങ്ങളോടുമുള്ള ചങ്ങാത്തം വിട്ട് ആശുപത്രികൾക്കും മരുന്നുകൾക്കൊപ്പമായി. രണ്ടുതവണ ശസ്ത്രക്രിയക്കും കീമോതെറപ്പികൾക്കുമെല്ലാം വിധേയനായി. തുടർന്നുള്ള രണ്ട് മാസം മിക്കപ്പോഴും ആശുപത്രിയിലായിരുന്നു.

താരം തിരിച്ചുവരുമോ എന്ന് ആശങ്കപ്പെട്ട ആരാധകരെ അമ്പരപ്പിച്ച് 2023 ജനുവരിയിൽ കളത്തിൽ തിരിച്ചെത്തി. ഫോർച്യുന ഡസൽഡോർഫുമായുള്ള സൗഹൃദ മത്സരത്തിൽ ഇറങ്ങിയ ഹാലറെ കൈയടിയോടെയാണ് സഹതാരങ്ങളും എതിർ താരങ്ങളും കാണികളുമെല്ലാം വരവേറ്റത്. ടീമിനൊപ്പം ചേർന്ന് എട്ട് മാസത്തിന് ശേഷം 2023 ഫെബ്രുവരിയിലാണ് ആദ്യ ഗോൾ നേടുന്നത്.

ഐവറി കോസ്റ്റ് മൂന്നാമതും ചാമ്പ്യന്മാരായതിന്റെ സന്തോഷം കണ്ണീരണിഞ്ഞാണ് ഹാലർ പങ്കുവെച്ചത്. ഈയൊരു നിമിഷം പലതവണ സ്വപ്നം കണ്ടിരുന്നെന്ന് വെളിപ്പെടുത്തിയ 29കാരൻ, കഴിഞ്ഞ 18 മാസം എനിക്കും കുടുംബത്തിനും വളരെ വെല്ലുവിളി നിറഞ്ഞതായിരുന്നെന്നും പറഞ്ഞു. പ്രാഥമിക റൗണ്ടിൽ ഇക്വട്ടോറിയൽ ഗിനിയയോട് എതിരില്ലാത്ത നാല് ഗോളിന് തോൽവി വഴങ്ങിയതോടെ ഞങ്ങൾക്ക് മുമ്പിൽ പോരാടുകയല്ലാതെ വഴികളില്ലായിരുന്നെന്നും ഹാലർ കൂട്ടിച്ചേർത്തു. നൈജീരിയക്കെതിരെ ആദ്യ പകുതിയിൽ ഒരു ഗോളിന് പിന്നിട്ടുനിന്ന ശേഷം ഫ്രാങ്ക് കെസ്സിയുടെ തകർപ്പൻ ഹെഡർ ഗോളിലൂടെയാണ് ഐവറി കോസ്റ്റ് ആഫ്കോൺ ഫൈനലിൽ തിരിച്ചുവന്നത്. മത്സരം അവസാനിക്കാൻ ഒമ്പത് മിനിറ്റ് ശേഷിക്കെയായിരുന്നു മത്സരത്തിന്റെ ഗതി നിർണയിച്ച ഹാലറുടെ ഗോൾ.

ഫ്രഞ്ച് പിതാവിന്റെയും ഐവറി കോസ്റ്റുകാരിയായ മാതാവിന്റെയും മകനായി പാരിസിലായിരുന്നു ഹാലറുടെ ജനനം. ഫ്രാൻസിനായി അണ്ടർ 16, 21 തലങ്ങളിൽ കളിച്ച താരം സീനിയർ തലത്തിൽ മാതാവിന്റെ രാജ്യത്തിനായി കളിക്കാൻ തീരുമാനിക്കുകയായിരുന്നു. അതിന്റെ ഫലപ്രാപ്തിയായിരുന്നു ആഫ്കോൺ കിരീട നേട്ടം.   

Tags:    
News Summary - He fought and beat cancer; Haller's heroics to AFCON title

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-17 01:00 GMT