ഗോകുലം കേരളക്കായി ഗോൾ നേടിയ കാസിമോവിനെ അഭിനന്ദിക്കാൻ ഓടിയെത്തുന്ന സഹതാരങ്ങൾ
മഞ്ചേരി: പെരുന്നാൾ ദിനത്തിൽ പോരാട്ടത്തിനിറങ്ങിയ ഗോകുലം കേരള എഫ്.സിക്ക് ഇന്ത്യൻ ഫുട്ബാൾ ലീഗിൽ ആദ്യ ജയം. പയ്യനാട് സ്റ്റേഡിയത്തിൽ ഡെംപോ എസ്.സിയെ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്കാണ് പരാജയപ്പെടുത്തിയത്.
മോസസ് (19), കാസിമോവ് (83) എന്നിവർ ടീമിനായി ഗോളുകൾ കണ്ടെത്തി. തുടർ സമനിലകൾക്കും, അവസാന മത്സരത്തിലെ തോൽവിക്കും ശേഷം നേടിയ ഈ വിജയത്തോടെ ഗോകുലത്തിന് കിരീട പോരാട്ടത്തിലേക്ക് തിരിച്ചുവരാനായി. മൂന്നു വിദേശ താരങ്ങളെ ആദ്യ ഇലവനിൽ ഉൾപ്പെടുത്തി മോസസിനും രാഹുൽ രാജുവിനും നിഥിനും അവസരം നൽകിയ കോച്ചിന്റെ തന്ത്രംകൂടിയാണ് വിജയത്തിലേക്ക് നയിച്ചത്.
19ാം മിനിറ്റിൽ വിദേശ താരം താബിസോയും മോസസും ചേർന്ന് നടത്തിയ ക്വിക്ക് പാസിങ് ഗെയിം ആണ് ഡെംപോ പ്രതിരോധത്തെ പരാജയപ്പെടുത്തി ഗോളായത്. ഡെംപോ ഗോൾമുഖത്ത് തുടരെ ആക്രമണങ്ങൾ നടത്തിയെങ്കിലും ആദ്യപകുതി 1-0ൽ അവസാനിച്ചു. രണ്ടാം പകുതിയിലും ആദ്യ പകുതിക്ക് സമാനമായി പന്തുതട്ടിയ ഗോകുലത്തിന് വീണുകിട്ടിയ പെനാൽറ്റി കിക്കെടുത്ത താബിസോക്ക് പിഴച്ചു. പിന്നീട് 83ാം മിനിറ്റിൽ രണ്ടാമത് കിട്ടിയ പെനാൽറ്റി ക്യാപ്റ്റൻ കാസിമോവ് വലയിലെത്തിച്ചു.
ഇരു ടീമുകളുടെയും ഗോൾ കീപ്പർമാർ നിറഞ്ഞുകളിച്ച മത്സരത്തിൽ ഗോകുലം കീപ്പർ ഷിബിൻ രാജ് ആണ് കളിയിലെ താരം. മാർച്ച് 26ന് ഷില്ലോങ് ലജോങ് എഫ്.സിയെ ഗോകുലം ഹോം ഗ്രൗണ്ടിൽ നേരിടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.