ലിസ്ബൺ: ജോർജീന റോഡ്രിഗസുമായുള്ള ഫുട്ബാൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വിവാഹവാർത്തകൾക്ക് പിന്നാലെ, ഇരുവരുടെയും വിവാഹ ഉടമ്പടിയെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നു. പോർച്ചുഗലിലെ കാഷ്‌കിസിൽ നടന്ന സ്വകാര്യ ചടങ്ങിൽ വിവാഹിതരായ ഇവരുടെ ഔദ്യോഗിക സർട്ടിഫിക്കറ്റ് പ്രകാരം 'സ്വത്ത് വിഭജന' കരാർ അടിസ്ഥാനമാക്കിയാണ് വിവാഹം രേഖപ്പെടുത്തിയിരിക്കുന്നത്.
മെക്സിക്കൻ മാധ്യമമായ 'എൻ പരേഹ' പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം, റൊണാൾഡോയുടെയും ജോർജീനയുടെയും വ്യക്തിഗത ആസ്തികളിൽ ഇരുവർക്കും പൂർണ നിയന്ത്രണം ഉറപ്പാക്കുന്നതാണ് കരാർ. പോർച്ചുഗീസ് നിയമപ്രകാരം ഈ കരാർ നിലനിൽക്കുന്നതിനാൽ, വിവാഹത്തിന് മുൻപോ ശേഷമോ ഇരുവർക്കും ലഭിക്കുന്ന വരുമാനത്തിലും നിക്ഷേപങ്ങളിലും വ്യക്തിപരമായ അവകാശം മാത്രമായിരിക്കും ഉണ്ടാകുക.
ഭാവിയിൽ വേർപിരിയൽ ഉണ്ടായാൽ പോലും പൊതുവായ സ്വത്ത് വിഭജന തർക്കങ്ങൾ ഒഴിവാക്കാൻ ഇത് സഹായിക്കും. അൽ-നാസർ ക്ലബ്ബിലെ റൊണാൾഡോയുടെ ശമ്പളം, പരസ്യ വരുമാനങ്ങൾ, 'പെസ്താന സിആർ7' ഹോട്ടൽ ശൃംഖല ഉൾപ്പെടെയുള്ള ബിസിനസ് സംരംഭങ്ങളിൽ നിന്നുള്ള വരുമാനം എന്നിവയെല്ലാം അദ്ദേഹത്തിന്റെ മാത്രം അവകാശമായി തുടരും.
അതേസമയം, ഇരുവരും വേർപിരിയുകയാണെങ്കിൽ ജോർജീനയ്ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങളെക്കുറിച്ചും കരാറിൽ വ്യക്തമായ നിബന്ധനകളുണ്ടെന്ന് പോർച്ചുഗീസ് മാഗസിനായ 'ടിവി ഗിയ' റിപ്പോർട്ട് ചെയ്യുന്നു. വേർപിരിയൽ സംഭവിച്ചാൽ റൊണാൾഡോയിൽ നിന്ന് ജോർജീനയ്ക്ക് പ്രതിമാസം ഏകദേശം 100,000 യൂറോ (ഏകദേശം 1.10 കോടി രൂപ) പെൻഷനായി ലഭിക്കും. സ്പെയിനിലെ മഡ്രിഡിൽ ലാ ഫിങ്കയിലുള്ള ആഡംബര മന്ദിരത്തിന്റെ പൂർണ ഉടമസ്ഥാവകാശം ജോർജീനയ്ക്ക് കൈമാറും. നിലവിൽ 5.6 ദശലക്ഷം ഡോളറിലധികം (ഏകദേശം 53.50 കോടി രൂപ) മൂല്യമുള്ളതാണ് ഈ വസ്തു.
പത്ത് വർഷത്തെ പ്രണയത്തിനും ഒന്നിച്ചുള്ള ജീവിതത്തിനും ശേഷമാണ് മുപ്പത്തിരണ്ടുകാരിയായ ജോർജീനയും നാൽപത്തിയൊന്നുകാരനായ റൊണാൾഡോയും വിവാഹിതരായത്. റൊണാൾഡോയുടെ അഞ്ച് മക്കളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.
സ്പോർട്ടിങ് സിപി കാലഘട്ടം മുതൽ റൊണാൾഡോയുടെ അടുത്ത സുഹൃത്തായ മിഗേൽ പെയ്‌ഷാവോ, ജോർജീനയുടെ സഹോദരി ഇവാന റോഡ്രിഗസ് എന്നിവരായിരുന്നു ഔദ്യോഗിക സാക്ഷികൾ. പോർച്ചുഗൽ ദേശീയ ടീമിലെ സഹതാരങ്ങളോ അൽ-നാസർ ക്ലബ്ബിലെ കളിക്കാരോ ഉൾപ്പെടെയുള്ള സെലിബ്രിറ്റികൾ ആരും തന്നെ ചടങ്ങിൽ പങ്കെടുത്തിരുന്നില്ല.
സ്പെയിനിലെ മഡ്രിഡിൽ വെച്ച് 10 വർഷം മുൻപാണ് റൊണാൾഡോയും അർജന്റീനക്കാരിയായ മോഡലും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ജോർജീനയും ആദ്യമായി കണ്ടുമുട്ടുന്നത്. തുടർന്ന് പ്രണയത്തിലാവുകയും ഒന്നിച്ചു ജീവിക്കുകയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.