കൊച്ചി: ലയണൽ മെസ്സിയെയും അർജന്റീന ഫുട്ബാൾ ടീമിനെയും കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് നടത്തിയ സാമ്പത്തിക ഇടപാടുകളിൽ നിർണായക നീക്കവുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. സംഭവത്തിൽ ഇ.ഡി പ്രാഥമിക പരിശോധന ആരംഭിച്ചതായി റിപ്പോർട്ട്. വിദേശനാണ്യ വിനിമയ ചട്ടലംഘനവും (ഫെമ) കള്ളപ്പണ വെളുപ്പിക്കലും നടന്നിട്ടുണ്ടോ എന്നാണ് പ്രധാനമായും അന്വേഷിക്കുന്നത്.
മെസ്സിയെയും അര്ജന്റീന ടീമിനെയും എത്തിക്കുന്നതിനായി സ്പോൺസറായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി വിദേശത്തേക്ക് കോടിക്കണക്കിന് രൂപ കൈമാറിയതായി അന്വേഷണ റിപ്പോർട്ടുകളിൽ വ്യക്തമായിരുന്നു. റിസർവ് ബാങ്കിന്റെ അനുമതിയോടെയാണ് പണം അയച്ചതെന്ന് സ്പോൺസർ അവകാശപ്പെടുന്നുണ്ടെങ്കിലും, വിദേശത്തേക്ക് അയച്ച പണത്തിന്റെ ഉറവിടത്തിലും കൈമാറ്റത്തിലും ചട്ടലംഘനമുണ്ടോ എന്നാണ് ഇ.ഡി പ്രധാനമായും പരിശോധിക്കുന്നത്. പരിശോധനയിൽ വ്യക്തത വരുന്ന മുറയ്ക്ക് ഫെമ നിയമപ്രകാരം കേസെടുക്കാനാണ് തീരുമാനം.
കായിക വകുപ്പ് സ്പെഷ്യൽ സെക്രട്ടറി തയാറാക്കി നൽകിയ അന്വേഷണ റിപ്പോർട്ടിലെ കണ്ടെത്തെലുകളുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര ഏജൻസി ഇപ്പോൾ വിവരശേഖരണം നടത്തുന്നത്. വിദേശ പണമിടപാടുകൾ, സാമ്പത്തിക ക്രമക്കേടുകൾ, സർക്കാർ സംവിധാനങ്ങളുടെ ദുരുപയോഗം തുടങ്ങിയ ഗുരുതര ആരോപണങ്ങളാണ് കായിക വകുപ്പിന്റെ റിപ്പോർട്ടിലുള്ളത്. കായിക വകുപ്പിന്റെ ഈ റിപ്പോർട്ട് ഇ.ഡി ഔദ്യോഗികമായി ആവശ്യപ്പെട്ടേക്കും. വിദേശത്തേക്ക് അയച്ച പണത്തിന്റെ ഉറവിടം സംബന്ധിച്ച കാര്യങ്ങൾ ആദായനികുതി വകുപ്പിന്റെ പരിധിയിൽ വരുന്നതാണെങ്കിലും ആ വശവും ഇ.ഡി പരിഗണിക്കുന്നുണ്ട്.
സംസ്ഥാന സർക്കാരിന് ഒരു പൈസ പോലും നഷ്ടമുണ്ടായിട്ടില്ലെന്നും സാമ്പത്തിക ഇടപാടിൽ സർക്കാർ ചട്ടവിരുദ്ധമായി ഇടപെട്ടിട്ടില്ലെന്നുമായിരുന്നു മുൻ കായിക മന്ത്രി വി. അബ്ദുറഹിമാന്റെയും സ്പോൺസറുടെയും വാദം. എന്നാൽ ഇതിന്ന് വിരുദ്ധമായ രേഖകളാണ് പുറത്തുവന്നത്.
മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗമാണ് സ്റ്റേഡിയം കൈമാറാൻ നിർദേശം നൽകിയതെന്നും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. സംഭവത്തിലെ ഗുരുതര ക്രമക്കേടുകൾ വ്യക്തമായ പശ്ചാത്തലത്തിൽ വരും ദിവസങ്ങളിൽ സംസ്ഥാന സർക്കാരും ഉചിതമായ തുടരന്വേഷണം പ്രഖ്യാപിച്ചേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.