ഇരട്ട ഗോളുമായി തിളങ്ങി ഹാലൻഡ്; ആവേശപ്പോരിൽ ഡെന്മാർക്കിനെ വീഴ്ത്തി നോർവെ

ഓസ്ലോ: യുവേഫ നേഷൻസ് ലീഗിൽ ഡെൻമാർക്കിനെതിരെയുള്ള മത്സരത്തിൽ നോർവെയ്‌ക്ക് വിജയം. ഓസ്ലോയിലെ ഉള്ളേവൽ സ്റ്റേഡിയത്തിൽ നടന്ന ആവേശപ്പോരിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് ടീം വിജയം സ്വന്തമാക്കിയത്. സൂപ്പർ താരം എർലിങ് ഹാലൻഡിന്റെ ഇരട്ട ഗോൾ കരുത്തിലാണ് നോർവെയുടെ വിജയം.

ലോകകപ്പിന് ശേഷമിറങ്ങിയ ആദ്യ മത്സരത്തിൽ ഓസ്കാർ ബോബാണ് നോർവെയുടെ ഗോൾ വേട്ടയ്ക്ക് തുടക്കമിട്ടത്. 14 -ാം മിനിറ്റിൽ മാർട്ടിൻ ഒ​ഡെ​ഗാ​ർ​ഡ് നൽകിയ പന്ത് സ്വീകരിച്ച് പിഴവൊന്നുമില്ലാതെ താരം വലയിലെത്തിക്കുകയായിരുന്നു. നാല് മിനിറ്റുകൾക്കിപ്പുറം എർലിങ് ഹാലൻഡ് ‍ടീമിൻറെ ലീഡ് രണ്ടായി ഉയർത്തി. ബോക്സിലേക്ക് ഓടിക്കയറിയ ഹാലൻഡ് അന്റോണിയോ നുസ നൽകിയ ത്രൂ ബാൾ സ്വീകരിച്ച് ഡാനിഷ് ഗോൾ കീപ്പർ ഫിലിപ്പ് യോർഗൻസന്റെ കാലുകൾക്കിടയിലൂടെ പന്ത് വലയിലേക്ക് അടിച്ചുകയറ്റുകയായിരുന്നു.

25-ാം മിനിറ്റിൽ ഡെന്മാർക്ക് മിഖായെൽ ഡാംസ്ഗാർഡിലൂടെ തിരിച്ചടിച്ചു. ഒരു ഗോൾ ലീഡോടെ നോർവെ ആദ്യ പകുതി അവസാനിപ്പിച്ചെങ്കിലും രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ഡാനിഷ്പട സമനില പിടിച്ചു. 60-ാം മിനിറ്റിൽ റാസ്മസ് ഹോയ്‌ലണ്ടാണ് ഡെന്മാർക്കിന് സമനില ഗോൾ സമ്മാനിച്ചത്. എന്നാൽ, 74-ാം മിനിറ്റിൽ ഹാലൻഡ് തന്റെ രണ്ടാം ഗോളടിച്ച് നോർവെയുടെ ഗോൾ പട്ടിക പൂർത്തിയാക്കി. കോർണറിന് ശേഷം ലഭിച്ച ലോ പാസ് ഗോൾ പോസ്റ്റിന് തൊട്ടടുത്ത് വെച്ച് വലയിലെത്തിക്കുകയായിരുന്നു.

മത്സരത്തിലെ ഇരട്ട ഗോളുകളോടെ അന്താരാഷ്ട്ര ഫുട്ബാളിലെ തന്റെ ഗോൾ നേട്ടം 64 ആയി ഉയർത്താൻ ഹാലൻഡിന് സാധിച്ചു. വെറും 56 മത്സരങ്ങളിൽ നിന്നാണ് താരം ഈ നേട്ടം സ്വന്തമാക്കിയത്. ഇതോടെ, എക്കാലത്തെയും മികച്ച അന്താരാഷ്ട്ര ഗോൾവേട്ടക്കാരുടെ പട്ടികയിൽ ബ്രസീലിയൻ ഇതിഹാസം റൊണാൾഡോ, സ്വീഡന്റെ സ്ലാറ്റൻ ഇബ്രാഹിമോവിച്ച് എന്നിവരെ മറികടക്കാനും അദ്ദേഹത്തിനായി. ഇതിനുപുറമെ, വെറും 17 മത്സരങ്ങളിൽനിന്ന് 21 ഗോളുകൾ അടിച്ചുകൂട്ടി നേഷൻസ് ലീഗിലെ ടോപ് സ്കോറർ പദവി സ്വന്തമാക്കാനും ഈ മാഞ്ചസ്റ്റർ സിറ്റി സ്ട്രൈക്കർക്ക് സാധിച്ചു. 

Tags:    
News Summary - Erling Haaland Scores Twice as Norway Beats Denmark 3-2 in Nations League

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.