സാൻഡോർ സിസാനി

ഫിഫയിലെ ഭിന്നത പൊട്ടിത്തെറിയിലേക്ക്?; ഇൻഫന്റിനോക്കെതിരെ ആഞ്ഞടിച്ച് വൈസ് പ്രസിഡന്റ്

സൂറിച്: ഫുട്ബാൾ ലോകത്തെ ഞെട്ടിച്ച് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫന്റിനോക്ക് എതിരെ ഉന്നത നേതൃത്വത്തിൽ നിന്നും വീണ്ടും കടുത്ത എതിർപ്പ്. ഇൻഫന്റിനോയുടെ നേതൃപാടവത്തെയും ധാർമിക നിലവാരത്തെയും രൂക്ഷമായി വിമർശിച്ചുകൊണ്ട് ഹംഗേറിയൻ ഫുട്ബാൾ ഫെഡറേഷൻ മേധാവിയും ഫിഫ വൈസ് പ്രസിഡന്റുമായ സാൻഡോർ സിസാനി രംഗത്തെത്തി. ഇൻഫന്റിനോയോട് തനിക്ക് പൂർണമായും വിശ്വാസം നഷ്ടപ്പെട്ടതായി സിസാനി തുറന്നടിച്ചു. കത്തിലൂടെയാണ് സിസാനി തന്റെ അതൃപ്തി പരസ്യമാക്കിയത്.

ഫിഫയുടെ ചീഫ് ഓപ്പറേറ്റിങ് ഓഫീസർ കെവിൻ ലാമൂരിനെ അപ്രതീക്ഷിതമായി പുറത്താക്കിയ നടപടിയാണ് കാര്യങ്ങൾ ഇത്രത്തോളം വഷളാക്കാൻ കാരണമായതെന്ന് കത്തിൽ പറയുന്നുണ്ട്. ലോകകപ്പ് ഓഹരികളും വാണിജ്യ അവകാശങ്ങളും സ്വകാര്യ നിക്ഷേപകർക്ക് വിൽക്കാനുള്ള ഇൻഫന്റിനോയുടെ വിവാദ പദ്ധതിയെ പരസ്യമായി എതിർത്തതിനെത്തുടർന്നാണ് കെവിൻ ലാമൂരിനെ ഫിഫ തിങ്കളാഴ്ച പുറത്താക്കിയത്.

‘നിങ്ങളിൽ എനിക്കുണ്ടായിരുന്ന വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു. കെവിൻ ലാമൂരിന്റെ അപ്രതീക്ഷിത പുറത്താക്കൽ ഇൻഫന്റിനോയുടെ പ്രൊഫഷണൽ ജഡ്ജ്മെന്റിലെയും ധാർമിക നിലവാരത്തിലെയും ഗുരുതരമായ വീഴ്ചകളാണ് വ്യക്തമാക്കുന്നത്’ -സിസാനി കത്തിൽ കുറിച്ചു.

ഫിഫയുടെ എട്ട് വൈസ് പ്രസിഡന്റുമാരിൽ ഇൻഫന്റിനോ പദവി ഒഴിയണമെന്ന് ആവശ്യപ്പെടുന്ന അഞ്ചാമത്തെ ആളാണ് സാൻഡോർ സിസാനി. 37 അംഗങ്ങളുള്ള ഫിഫ കൗൺസിലിലെ അംഗം കൂടിയാണ് സാൻഡോർ സിസാനി. ഫിഫയുടെ പ്രധാന തീരുമാനങ്ങൾ എടുക്കേണ്ട ഈ സമിതിയെ ഇൻഫന്റിനോ നിരന്തരം അവഗണിക്കുകയാണെന്നും കത്തിൽ വിമർശനമുണ്ട്.

ഈ വർഷത്തെ ലോകകപ്പുമായി ബന്ധപ്പെട്ട് നിരവധി വിവാദ തീരുമാനങ്ങളാണ് ഇൻഫന്റിനോയുടെ ഭാഗത്തുനിന്നും ഉണ്ടായത്. ഫിഫയുടെ പ്രധാന മത്സരങ്ങൾ ബാഹ്യ കക്ഷികൾക്ക് ഔട്ട്സോഴ്സ് ചെയ്യാനും സ്വകാര്യ വ്യക്തികളുടെ കൈകളിൽ ഏൽപ്പിക്കാനുമുള്ള ഇൻഫന്റിനോയുടെ നീക്കങ്ങൾ ഫുട്ബാൾ ലോകത്ത് കടുത്ത ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. വരുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായി ഫിഫയിൽ ഉടലെടുത്തിരിക്കുന്ന ഈ ആഭ്യന്തര പ്രതിസന്ധി ഇൻഫന്റിനോയുടെ നേതൃത്വത്തെ കടുത്ത നിഴലിലാക്കിയിരിക്കുകയാണ്.

ഫിഫയിൽ ജിയാനി ഇൻഫന്റിനോയുടെ നേതൃത്വത്തിനെതിരെ രൂപപ്പെട്ടിരിക്കുന്ന ചേരിതിരിവ് സംഘടനക്കുള്ളിൽ വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഫിഫയുടെ ആകെ എട്ട് വൈസ് പ്രസിഡന്റുമാരിൽ ഭൂരിഭാഗം പേരും ഇൻഫന്റിനോക്കെതിരെ നിലപാടെടുത്തപ്പോൾ, ചുരുക്കം ചിലർ മാത്രമാണ് അദ്ദേഹത്തെ പിന്തുണക്കുന്നത്. അലജാൻഡ്രോ ഡൊമിംഗ്വെസ് (കോൺമെബോൾ), പാട്രിക് മോട്സെപെ (ആഫ്രിക്കൻ ഫുട്ബാൾ കോൺഫെഡറേഷൻ), ലാംബെർട്ട് മാൽടോക്ക് (ഓഷ്യാനിയ) എന്നിവരാണ് ഇൻഫന്റിനോയെ പിന്തുണക്കുന്നത്.

Tags:    
News Summary - Fifth Fifa vice-president turns against Infantino

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.