ബ്രസീലിയൻ മുന്നേറ്റം നയിക്കാൻ 'വിനി'; ഇന്ത്യൻ പ്ലേയിങ് ഇലവനിൽ മൂന്ന് മലയാളി താരങ്ങൾ
കൊൽക്കത്ത: അഞ്ച് തവണ ലോക ചാമ്പ്യന്മാരായ ബ്രസീലിനെതിരായ സൗഹൃദ മത്സരത്തിൽ ഇന്ത്യയെ പരിചയസമ്പന്നനായ ഗോൾകീപ്പർ ഗുർപ്രീത് സിംഗ് സന്ധു നയിക്കും. കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടക്കുന്ന ചരിത്ര പോരാട്ടത്തിൽ സൂപ്പർ താരം വിനീഷ്യസ് ജൂനിയർ ഉൾപ്പെടുന്ന ശക്തമായ ആദ്യ ഇലവനെയാണ് ബ്രസീൽ അണിനിരത്തുന്നത്. മാർക്കീഞ്ഞോസ് ആണ് ബ്രസീൽ നായകൻ. സൂപ്പർതാരങ്ങളായ എൻഡ്രിക്ക്, ബ്രൂണോ ഗിമാറസ് എന്നിവർ പകരക്കാരുടെ ബെഞ്ചിലാണ്.
ബ്രസീലിനെതിരെ ഇന്ത്യൻ ടീം സ്റ്റാര്‍ട്ടിങ് ഇലവനിൽ മൂന്ന് മലയാളികൾ ഇറങ്ങും. സഹൽ അബ്ദുൽ സമദ്, ബിജോയ് വർഗീസ്, ആഷിഖ് കുരുണിയൻ എന്നിവരാണ് പ്ലേയിങ് ഇലവനിലെ മലയാളി താരങ്ങൾ. മത്സരത്തിന്റെ വലുപ്പത്തെക്കുറിച്ച് പൂർണ ബോധ്യമുണ്ടെങ്കിലും സമ്മർദ്ദങ്ങളില്ലാതെ കളിക്കാനാണ് ഇന്ത്യൻ ടീം ലക്ഷ്യമിടുന്നതെന്ന് നായകൻ ഗുർപ്രീത് സിംഗ് സന്ധു പറഞ്ഞു. "ഇതൊരു വലിയ അവസരമാണ്. ബ്രസീലിനെപ്പോലൊരു മികച്ച ടീമിനെ നേരിടുക എന്നത് വലിയ അംഗീകാരമാണ്. എല്ലാവരും കളിയിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഇതൊരു കടുത്ത മത്സരമായിരിക്കും, എന്നാൽ ഞങ്ങളുടെ മികച്ച പ്രകടനം തന്നെ പുറത്തെടുക്കും. ജീവിതത്തിൽ ഒരിക്കൽ മാത്രം ലഭിക്കുന്ന ഇത്തരം അവസരങ്ങളെ ഭയക്കുന്നതിന് പകരം ആസ്വദിക്കാനാണ് യുവതാരങ്ങളോട് പറയാനുള്ളത്," ഗുർപ്രീത് വ്യക്തമാക്കി.
പനാമയ്ക്കെതിരെ 1-1 സമനില വഴങ്ങിയതിന് ശേഷമാണ് പരിശീലകൻ ഖാലിദ് ജമീലിന്റെ കീഴിൽ ഇന്ത്യ ഇറങ്ങുന്നത്. പ്രതിരോധത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനും അച്ചടക്കം പാലിക്കാനുമാണ് ഇന്ത്യൻ കോച്ചിന്റെ നിർദ്ദേശം. സാൾട്ട് ലേക്ക് സ്റ്റേഡിയത്തിന് പുറത്ത് ഫുട്ബോൾ ആരാധകരുടെ വലിയ ആവേശമുണ്ടെങ്കിലും പ്രതീക്ഷിച്ചത്ര കാണികൾ ഇതുവരെ ഗാലറിയിൽ എത്തിയിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ.
ബ്രസീൽ സ്റ്റാർട്ടിങ് ലൈനപ്പ്– പെദ്രോ മൊറിസ്കോ (ഗോൾ കീപ്പർ), മതേയുസിഞ്ഞോ, ഡഗ്ലസ് സാന്റോസ്, ഗബ്രിയേൽ ബോണ്ടെംപോ, മാർക്വിഞ്ഞോസ്, ഡനിലോ സാന്റോസ്, എസ്തെവോ, ആർതർ ഡയസ്, ആന്ദ്രെ സാന്റോസ്, വിനിസ്യൂസ് ജൂനിയർ, പെദ്രോ.
ഇന്ത്യ സ്റ്റാർട്ടിങ് ലൈനപ്– ഗുർപ്രീത് സിങ് സന്ധു (ഗോൾ കീപ്പര്‍), അഭിഷേക് സിങ് തെക്ചാം, അൻവര്‍ അലി, ബിജോയ് വർഗീസ്, ആകാശ് മിശ്ര, അനിരുദ്ധ് ഥാപ്പ, ലാലെങ്മാവിയ, മൻവീർ സിങ്, റയാൻ വില്യംസ്, സഹൽ അബ്ദുൽ സമദ്, ആഷിഖ് കുരുണിയൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.