സാൾട്ട് ലേക്ക് എങ്ങനെ മറക്കാനാ
കൊൽക്കത്ത: ബ്രസീലിയൻ ഫുട്ബാളിന് മാറക്കാന പോലെയാണ് ഇന്ത്യക്ക് സാൾട്ട് ലേക്ക് സ്റ്റേഡിയം. സാക്ഷാൽ പെലെയും ഡീഗോ മറഡോണയും തൊട്ട് ലയണൽ മെസ്സി വരെ എത്രയോ ഇതിഹാസങ്ങളുടെ കാലടികൾ പതിഞ്ഞ പുൽത്തകിടി കൂടിയാണിത്. ഇവിടെ ലോക ഫുട്ബാളിലെ മഹാരാജാക്കന്മാർ പന്തു തട്ടിയപ്പോൾ ഹൃദയങ്ങളിൽ തുടിച്ചത് ഒരേയൊരു വികാരമാണ്. അപ്പുറത്ത് ഇന്ത്യയായിരുന്നിട്ടും സാൾട്ട് ലേക്കിലെത്തിയവർ ബ്രസീലിയൻ താരങ്ങൾക്കുവേണ്ടി ഹർഷാരവം മുഴക്കി, ആർപ്പുവിളിച്ചു. ഇരു ടീമിനും ഒരുപോലെ പിന്തുണ. ഫൈനൽ വിസിൽ മുഴങ്ങിയപ്പോൾ ജയിച്ചത് ഫുട്ബാൾ.
ശനിയാഴ്ച ഉച്ച തിരിഞ്ഞതോടെ കൊൽക്കത്തയിലെ വഴികൾ വിവേകാനന്ദ യുവഭാരതി ക്രിരംഗൻ എന്ന സാൾട്ട് ലേക്ക് മൈതാനത്തേക്കായി. ഇന്ത്യയുടെ നീലയും ബ്രസീലിന്റെ മഞ്ഞയും ജഴ്സികൾ അണിഞ്ഞു ആരാധകക്കൂട്ടം എത്തിത്തുടങ്ങി. എതിർ ടീമിനെ ജഴ്സിയിൽ ആതിഥേയ രാജ്യത്തെ ആരാധകർ ഗാലറിയിൽ ഇരിക്കുന്നത് ഇന്ത്യൻ ഫുട്ബാളിൽ പുതിയ കാഴ്ചയായിരുന്നു. അതുപക്ഷേ ആരിലും അസ്വസ്ഥത ജനിപ്പിച്ചില്ല. ബ്രസീൽ കഴിഞ്ഞാൽ കാനറി ടീമിന് ഏറ്റവുമധികം ഇഷ്ടക്കാരുള്ള രാജ്യം കൂടിയാണല്ലോ ഇന്ത്യ. ഇവിടത്തെ ആരാധകരോടുള്ള സ്നേഹവും തങ്ങളുടെ വരവിന് പിന്നിലുണ്ടെന്ന് ബ്രസീൽ ടീം വ്യക്തമാക്കിയതുമാണ്.
സ്റ്റാർട്ടിങ് ലൈൻ അപ് പ്രഖ്യാപിച്ചപ്പോൾ റയൽ മഡ്രിഡ് സൂപ്പർ താരം വിനീഷ്യസ് ജൂനിയറിനാണ് ഗാലറിയിൽ നിന്ന് കൂടുതൽ കൈയടി കിട്ടിയത്.
ചരിത്രത്തിലാദ്യമായി ഒരു ഫുട്ബാൾ മൈതാനത്ത് ഇന്ത്യയുടെയും ബ്രസീലിന്റെയും ദേശീയ ഗാനങ്ങൾ ഒരുമിച്ചു മുഴങ്ങി. ഇന്ത്യൻ ഫുട്ബാളിനെ സംബന്ധിച്ച് അക്ഷരാർഥത്തിൽ ഒരു സ്വപ്നരാത്രി.
കിക്കോഫ് തൊട്ട് ആതിഥേയ താരങ്ങൾ ഉണർന്നുകളിച്ചപ്പോൾ അപ്പുറത്ത് അഞ്ച് ലോക കിരീടങ്ങൾ സ്വന്തമായുള്ള സെലേസാവോ ആണെന്ന് പോലും ഒരുവേള മറന്നുപോയി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.