ത്രോ ഇല്ല, 60 മിനിറ്റ് മത്സരം; ഫുട്ബാൾ പരിഷ്കരിക്കാനൊരുങ്ങി ഫിഫ, പ്രതിഷേധവുമായി ആരാധകർ
സൂറിച്ച്: കളിയിൽ അടിക്കടിയുള്ള മാറ്റങ്ങൾ ക്രിക്കറ്റിൽ പല തവണ കാണുന്നതാണ്. എന്നാൽ വളരെ ലളിതമായ കളിയെന്ന വിശേഷണമുള്ള ഫുട്ബാളിൽ മാറ്റങ്ങൾ വേഗത്തിൽ സംഭവിക്കുന്നതല്ല. ഒരു നൂറ്റാണ്ടിനിടെ ഫുട്ബാളിലുണ്ടായ മാറ്റങ്ങൾ നാമമാത്രമാണ്. എന്നാൽ ഫുട്ബാളിനെ അടിമുടി പരിഷ്കരിക്കാൻ ഫിഫ ഒരുങ്ങുന്നതായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ജൂനിയർ ടൂർണമെന്‍റുകളിൽ പരീക്ഷിച്ച് അന്താരാഷ്ട്ര മത്സരങ്ങളിലും നടപ്പാക്കാനാണ് പ്ലാൻ.
അടുത്തിടെ റയൽ മാഡ്രിഡ് പ്രസിഡന്‍റും പരാജയപ്പെട്ട യൂറോപ്യൻ സൂപ്പർ ലീഗിന്‍റെ ഉപജ്ഞാതാവുമായ േഫ്ലാറന്‍റീനോ പെരസ് ഫുട്ബാൾ മത്സരങ്ങൾക്ക് നീളക്കൂടുതലായതിനാൽ ചെറുതാക്കണമെന്ന് അഭിപ്രായപ്പെട്ടിരുന്നു. ഇത്തരം നിർദേശങ്ങളുടെ ചുവടുപിടിച്ചാണ് ഫിഫ പരിഷ്കരണത്തിന് ഒരുങ്ങുന്നതാണെന്നാണ് വിവരം. എന്നാൽ നിർദേശങ്ങളെക്കുറിച്ചുള്ള വാർത്തകൾ പുറത്തുവന്നതോടെ പ്രതിഷേധവുമായി ഫുട്ബാൾ ആരാധകരെത്തി. ഫുട്ബാളിന്റെ ജൈവികതയെ അട്ടിമറിക്കുന്നതാണ് തീരുമാനമെന്ന് ആരാധകർ പ്രതികരിച്ചു. വിഷയത്തിൽ ഫിഫയുടെ ഔദ്യോഗിക പ്രതികരണം പുറത്തുവന്നിട്ടില്ല.
ഫിഫ നിർദേശങ്ങളുടെ കരട് രൂപത്തിലെ പ്രധാന നിർദേശങ്ങൾ:
-മത്സരം 30 മിനിറ്റുള്ള രണ്ട് പകുതികളാക്കുക. പുറമേ നിലവിലേതിന് സമാനമായ എക്സ്ട്രാ ടൈമും ഇഞ്ചുറി ടൈമും അനുവദിക്കുക. നിലവിൽ 45 മിനിറ്റുള്ള രണ്ട് പകുതികളായാണ് മത്സരം.
-അനിയന്ത്രിതമായ സബ്സ്റ്റിട്യൂഷനുകൾ അനുവദിക്കുക. ഇതുവഴി ബെഞ്ചിലിരിക്കുന്ന അധികപേർക്കും കളത്തിലിറങ്ങാൻ സാധിക്കും. കോവിഡ് സാഹചര്യത്തിൽ മൂന്ന് സബ്സ്ടിറ്റ്യൂഷൻ അഞ്ചാക്കി ഉയർത്തിയിരുന്നു.
-ത്രോ ബോളുകൾ ഇല്ലാതിരിക്കുക. ഇതിന് പകരം കിക്ക് ഇൻ അനുവദിക്കാനാണ് ആലോചന. ഇത് കൂടുതൽ അനായാസവും മത്സരം വേഗവും ആക്കുമെന്നാണ് നിഗമനം.
-മഞ്ഞക്കാർഡ് ലഭിക്കുന്നവർക്ക് ശിക്ഷയായി അഞ്ചുമിനിറ്റ് സസ്പെൻഷൻ അനുവദിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.