വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനോടുള്ള രാഷ്ട്രീയ ആഭിമുഖ്യവും നിയമവിരുദ്ധമായ ഇടപെടലുകളും ചൂണ്ടിക്കാട്ടി ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോക്കെതിരെ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിക്ക് പരാതി. കായികരംഗത്തെ രാഷ്ട്രീയ നിഷ്പക്ഷത ഉറപ്പുനൽകുന്ന ഒളിമ്പിക് ചാർട്ടറിലെ നിയമങ്ങൾ ഇൻഫാന്റിനോ തുടർച്ചയായി ലംഘിക്കുന്നുവെന്ന് കാണിച്ച് 'ഫെയർസ്ക്വയർ' എന്ന മനുഷ്യാവകാശ-അഡ്വക്കസി സംഘടനയാണ് ഐ.ഒ.സിയെ സമീപിച്ചത്.
2026 ലോകകപ്പിൽ യു.എസ് സ്ട്രൈക്കർ ഫോളാരിൻ ബലോഗണിന്‍റെ ചുവപ്പ് കാർഡ് വിലക്ക് ചട്ടവിരുദ്ധമായി റദ്ദാക്കിയതിൽ ഇൻഫാന്റിനോയ്ക്ക് പങ്കുണ്ടെന്ന ഗുരുതര ആരോപണമാണ് പരാതിയിൽ പ്രധാനമായും ഉന്നയിച്ചിരിക്കുന്നത്. 2020 മുതൽ ഐ.ഒ.സി അംഗം കൂടിയായ ഇൻഫാന്റിനോ, ചട്ട ലംഘനം നടത്തിയെന്ന് ബോധ്യപ്പെട്ടാൽ അദ്ദേഹത്തെ ഒളിമ്പിക് കമ്മിറ്റിയിൽ നിന്ന് പുറത്താക്കാൻ വരെ വ്യവസ്ഥയുണ്ട്.
ജൂലൈ ഒന്നിന് ബോസ്നിയ ആൻഡ് ഹെർസഗോവിനയ്ക്കെതിരെ നടന്ന മത്സരത്തിലാണ് ഫോളാരിൻ ബാലോഗണ് നേരിട്ട് ചുവപ്പ് കാർഡ് ലഭിക്കുന്നത്. തുടർന്ന് ഒരു മത്സരത്തിൽ നിന്ന് താരത്തിന് വിലക്ക് നേരിടേണ്ടി വന്നു. ഫിഫ നിയമപ്രകാരം ചുവപ്പ് കാർഡിന്മേൽ അപ്പീൽ നൽകാൻ കഴിയില്ലെന്നിരിക്കെ, ജൂലൈ 5-ന് ഫിഫ തങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രത്യേക ആർട്ടിക്കിൾ പ്രകാരം ബാലോഗന്റെ വിലക്ക് ഒരു വർഷത്തെ പ്രൊബേഷൻ കാലാവധിയോടെ താൽക്കാലികമായി നീക്കുന്നതായി പ്രഖ്യാപിച്ചു.
ഇതോടെ ജൂലൈ 6-ന് ബെൽജിയത്തിനെതിരായ പ്രീ-ക്വാർട്ടർ മത്സരത്തിൽ ബാലോഗന് കളിക്കാൻ കഴിഞ്ഞു (മത്സരത്തിൽ യു.എസ് 4-1 ന് തോറ്റു). ബാലോഗനെ കളിപ്പിക്കാൻ വേണ്ടി ഡൊണാൾഡ് ട്രംപ് തന്നെ നേരിട്ട് വിളിച്ച് സമ്മർദ്ദം ചെലുത്തിയതായി ഇൻഫാന്റിനോ സമ്മതിച്ചിട്ടുണ്ട്. എന്നാൽ ഫിഫയുടെ ജുഡീഷ്യൽ കമ്മിറ്റി സ്വതന്ത്രമായാണ് തീരുമാനമെടുത്തതെന്നും താൻ അതിൽ ഇടപെട്ടിട്ടില്ലെന്നുമാണ് ഇൻഫാന്റിനോയുടെ വാദം. അതേസമയം, റഫറിയുടെ തീരുമാനം മോശമായതിനാലാണ് താൻ ഇടപെട്ടതെന്ന് ട്രംപും പരസ്യമായി വ്യക്തമാക്കിയിരുന്നു.
ട്രംപിനെ വഴിവിട്ട് സഹായിക്കാനും പിന്തുണയ്ക്കാനും ഇൻഫാന്റിനോ ഒളിമ്പിക് കോഡ് ഓഫ് എത്തിക്സ് ലംഘിച്ചുകൊണ്ട് അഞ്ച് പ്രധാന വീഴ്ചകൾ വരുത്തിയെന്നാണ് ഫെയർസ്ക്വയർ പരാതിയിൽ ചൂണ്ടിക്കാണിക്കുന്നത്:
ബലോഗണിന്‍റെ വിലക്ക് നീക്കൽ
ട്രംപിന്റെ പരസ്യമായ ആവശ്യത്തിന് വഴങ്ങി യു.എസ് താരത്തിന്റെ ചുവപ്പ് കാർഡ് വിലക്ക് അട്ടിമറിക്കാൻ ഫിഫ പദവി ഉപയോഗിച്ചു.
ഡാറ്റ ചോർച്ച ആരോപണം
ട്രംപുമായി ബന്ധമുള്ള ഗ്രൂപ്പുകൾക്ക് വോട്ടർമാരുടെ വിവരങ്ങൾ ശേഖരിക്കാൻ സഹായകരമാകുന്ന രീതിയിൽ 2026 ലോകകപ്പിന്റെ ഫാൻ സൈറ്റ് ഇൻഫാന്റിനോ പ്രൊമോട്ട് ചെയ്തു.
അനുകൂല സോഷ്യൽ മീഡിയ പോസ്റ്റുകൾ
2025 ജനുവരിയിൽ ട്രംപിന്റെ പ്രസിഡന്റ് സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുക്കുകയും ട്രംപിനെ പിന്തുണച്ച് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റിടുകയും ചെയ്തു.
നോബൽ സമ്മാന നാമനിർദ്ദേശം
2025 ഒക്ടോബറിൽ ഡൊണാൾഡ് ട്രംപിന് നോബൽ സമാധാന പുരസ്കാരം നൽകണമെന്ന് ഫിഫ പ്രസിഡന്റ് പരസ്യമായി ആവശ്യപ്പെട്ടു.
ഫിഫ പീസ് പ്രൈസ്
2025 ഡിസംബറിൽ കെന്നഡി സെന്ററിൽ നടന്ന ലോകകപ്പ് നറുക്കെടുപ്പ് ചടങ്ങിൽ വെച്ച് ട്രംപിന് ഫിഫയുടെ ആദ്യ 'പീസ് പ്രൈസ്' നൽകി ആദരിച്ചു. കഴിഞ്ഞ ഡിസംബറിൽ ഫെയർസ്ക്വയർ ഫിഫയുടെ എത്തിക്സ് കമ്മിറ്റിക്കും ഇൻഫാന്റിനോക്കെതിരെ പരാതി നൽകിയിരുന്നു. ഇതിന് പുറമെ നോർവീജിയൻ ഫുട്ബാൾ ഫെഡറേഷനും 50 യൂറോപ്യൻ പാർലമെന്റ് അംഗങ്ങളും ഇൻഫാന്റിനോക്കെതിരെ അന്വേഷണം വേണമെന്ന ആവശ്യവുമായി രംഗത്തു വന്നിട്ടുണ്ട്. വിവാദത്തിൽ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയോ ഫിഫയോ ഇതുവരെ ഔദ്യോഗിക പ്രതികരണത്തിന് തയ്യാറായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.